പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സിബിഎസ്ഇ സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള മാർഗരേഖ ബോർഡ് പുറത്തിറക്കി. പുതുക്കിയ തീരുമാനം അനുസരിച്ച് നിലവിലെ പത്താം ക്ലാസ് ബാച്ചിന് ത്രിഭാഷാ നയം ബാധകമാകില്ല. നിലവിലുള്ള രണ്ട് ഭാഷ രീതിതന്നെ തുടരും.
2026-27 അധ്യയന വർഷത്തിൽ 7, 8, 9 ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് അവർ തെരഞ്ഞെടുത്ത രണ്ടു വിദേശ ഭാഷകളുമായി മുന്നോട്ടുപോകാം. കൂടാതെ ഒരു ഇന്ത്യൻ ഭാഷ കൂടി അധികമായി പഠിക്കണം. എന്നാൽ ഈ ബാച്ചുകൾ പത്താം ക്ലാസിലേക്ക് എത്തുമ്പോൾ അധികമായി തെരഞ്ഞെടുത്ത മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. പകരം സ്കൂൾതലത്തിലുള്ള മൂല്യനിർണയം മാത്രമേ ഉണ്ടാകൂ.
എന്നാൽ, ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകൾ ബാധകമല്ല. ആറാം ക്ലാസ് മുതൽ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. ഇവർ പത്താം ക്ലാസിൽ എത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതണം. ഇതിനായുള്ള പ്രത്യേക പാഠപുസ്തകങ്ങൾ എൻസിഇആർടി വെബ്സൈറ്റിൽ ലഭ്യമാക്കിയതായും സിബിഎസ്ഇ ഇന്നലെ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കി.
ഭിന്നശേഷിയുള്ള കുട്ടികൾ, വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകൾ, വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികൾ എന്നിവർക്ക് ഈ ത്രിഭാഷാ നയത്തിൽനിന്ന് പൂർണമായ ഇളവ് അനുവദിച്ചതായും വാർത്താക്കുറിപ്പിൽ സിബിഎസ്ഇ അറിയിച്ചു. ആറാം ക്ലാസ് മുതലായിരിക്കും പുതിയ നിബന്ധന നടപ്പാക്കുക.
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പുതുക്കിയ പാഠ്യക്രമം അനുസരിച്ച് മൂന്ന് ഭാഷകൾ പഠിക്കണമെന്നും അതിൽ രണ്ട് ഇന്ത്യൻ ഭാഷകൾ വേണമെന്നും ആയിരുന്നു സിബിഎസ്ഇ മേയിൽ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.
രണ്ട് വിദേശ ഭാഷകൾ എടുത്ത് പഠിക്കുന്ന വിദ്യാർഥികൾ അധ്യയനവർഷം തുടങ്ങിയശേഷം ഒരു ഇന്ത്യൻ ഭാഷയിലേക്ക് മാറേണ്ടി വരുമെന്നായിരുന്നു ആശങ്ക.
Tags : CBSE 10th class not applicable three language policy