സുഭാഷ് ചന്ദ്ര
ന്യൂഡൽഹി: ബിജെപി മുൻ എംപിയും പ്രമുഖ മാധ്യമ വ്യവസായിയുമായ സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൽ (എൻസിഎൽടി) നിന്ന് വൻതുകയുടെ ഇളവ്. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കായി തിരിച്ചടയ്ക്കാനുള്ള 22,000 കോടി രൂപയുടെ വ്യക്തിഗത ബാധ്യത തീർപ്പാക്കാൻ കേവലം 6.5 കോടി രൂപ നൽകിയാൽ മതിയെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ധനകാര്യ സ്ഥാപനമായ ഇൻഡ്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് നൽകിയ കേസിലാണ് എൻസിഎൽടിയുടെ വിധി.
സുഭാഷ് ചന്ദ്ര സമർപ്പിച്ച വ്യക്തിഗത പാപ്പരത്ത തിരിച്ചടവ് പദ്ധതിക്ക് ട്രൈബ്യൂണൽ അംഗീകാരം നൽകുകയായിരുന്നു. ഈ ഉത്തരവോടെ വായ്പ നൽകിയ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ലഭിക്കേണ്ട തുകയുടെ 99.97 ശതമാനവും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സുഭാഷ് ചന്ദ്രയുടെ വിവേക് ഇൻഫോകോൺ എന്ന സ്ഥാപനത്തിനായി എടുത്ത 170 കോടി രൂപയുടെ ലോൺ കുടിശികയായതിനെ തുടർന്നാണ് ഇൻഡ്യ ബുൾസ് എൻസിഎൽടിയെ സമീപിച്ചത്.
ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്സി കോഡ് പ്രകാരം, കടക്കാരൻ മുന്നോട്ടുവെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് 75% കടം നൽകിയവരുടെ അംഗീകാരം ലഭിച്ചാൽ അതിനാണ് മുൻഗണന.ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ചു. നേരത്തെ ഡിവിഷൻ ബെഞ്ചിൽ തടസപ്പെട്ട കേസ്, മൂന്നാമതൊരു അംഗത്തിന്റെ നിരീക്ഷണത്തിന് വിട്ടശേഷമാണ് നിലവിലെ ഉത്തരവിലേക്ക് എത്തിയത്.
Tags : SubhashChandra Ex-BJPMP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash