ന്യൂഡൽഹി: ഉസ്ബെസ്ക്കിസ്ഥാനിലും കിർഗിസ്ഥാനിലും നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പുറപ്പെടും.
പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 29, 30 തീയതികളിൽ പ്രധാനമന്ത്രി ആദ്യം ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും.
തുടർന്ന് ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നു വരെ കിർഗിസ്ഥാനിലുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഉച്ചകോടിയിൽ പങ്കെടുത്തേക്കും. സുരക്ഷ, വ്യാപാരം, പ്രാദേശിക സഹകരണം, സാമ്പത്തിക വികസനം എന്നിവയ്ക്കായി ഒരു എസ്സിഒ ഡെവലപ്മെന്റ് ബാങ്ക് രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബെയ്ജിംഗിൽ നടത്തിവരുന്ന ചർച്ചകൾ മുന്നേറുകയാണ്. ഇതിനിടയിലാണ് മോദിയും ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നത്.
Tags : Deepika DeepikaNewspaper BreakingNews Prime Minister abroad on Saturday