കാഠ്മണ്ഡു: ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതിത്തകര്ച്ച ഇന്ത്യക്കും നേപ്പാളിനും ഉള്‍പ്പടെ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍. ഹിമാലയത്തില്‍ മഞ്ഞുരുകിയാല്‍ അത് സമുദ്രനിരപ്പ് ഉയര്‍ത്തുമെന്നു വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഇന്ത്യ, ചൈന, നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങള്‍ സംയുക്തമായി പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെ എപ്പോഴും ‘റൊട്ടി-ബേട്ടി’’, ‘സീതാ-രാമ’ തുടങ്ങിയ സാംസ്കാരിക, മതപരമായ പശ്ചാത്തലങ്ങളിലാണ് കാണാറുള്ളതെന്നും എന്നാല്‍ ഇനിമുതല്‍ ഈ ബന്ധത്തെ പരിസ്ഥിതിസൗഹൃദ വീക്ഷണകോണിലൂടെ പുനര്‍നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
“മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടസാധ്യതകള്‍ വര്‍ധിക്കും. ഇത് മേഖലയിലെ 200 കോടിയോളം ജനങ്ങളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കും. ഇത് മനുഷ്യനാഗരികതയ്ക്കുതന്നെയുള്ള ഭീഷണിയാണ്. അതിനാല്‍ നാമെല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്’’ -ഖനാല്‍ ചൂണ്ടിക്കാട്ടി.
ഇത്തവണ പ്രളയജലം അതിര്‍ത്തി കടന്ന് വലിയ നാശനഷ്ടം വരുത്തിയില്ലെങ്കിലും മുന്‍കാലങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Tags : Deepika DeepikaNewspaper BreakingNews Nepal Minister time has come