മോൺ. ആനിമൂട്ടിൽ
“എല്ലാവരും നല്ലത്, എല്ലാം നല്ലത്.... പൗരോഹിത്യം സ്വീകരിച്ച ഘട്ടത്തിൽ എന്റെ വികാരിയച്ചൻ എന്നോടു പറഞ്ഞ സ്നേഹപൂർണമായ ഉപദേശമാണിത്. 38 വർഷത്തെ പൗരോഹിത്യ ജീവിതത്തിനിടയിൽ എല്ലാവരെയും ചേർത്തുനിർത്തിയുള്ള ശുശ്രൂഷയിലൂടെ വലിയ ദൈവപരിപാലന എനിക്ക് അനുഭവിക്കാനായിട്ടുണ്ട്. സേവനം ചെയ്ത പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ബന്ധപ്പെടുന്ന എല്ലാവരെയും കേൾക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്....” മെത്രാന്റെ സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയശേഷം, മോൺ. ആനിമൂട്ടിൽ ദീപികയോടു പ്രതികരിച്ചു.
കോട്ടയം അതിരൂപതയുടെ നേതൃശുശ്രൂഷയിൽ കൂടുതൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിന്റെ വാക്കുകളിൽ പ്രത്യാശയുടെ ഈണമുണ്ട്. അനന്തമായ ദൈവപരിപാലനയിൽ ആശ്രയിച്ച്, അജപാലകരെയും അജഗണങ്ങളെയും കർമമണ്ഡലങ്ങളെയും സ്നേഹചൈതന്യത്തിൽ കോർത്തിണക്കി കൂട്ടായ്മയുടെ ദൗത്യനിർവഹണമാണ് തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദൈവം ഏൽപിച്ച ചുമതല
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന് എനിക്കു സാധിക്കും (ഫിലി 4.13) എന്നതാണ് ഇടയദൗത്യത്തിനായി സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം. ഈ കടമയേൽപിച്ചതു ദൈവമാണ്. അതു ദൈവഹിതപ്രകാരം നിർവഹിക്കാൻ ആവശ്യമായ ശക്തിയും അനുഗ്രഹവും അവൻ നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ശ്രേഷ്ഠമായ ഇടയശുശ്രൂഷ വിനയത്തോടെയാണ് ഏറ്റെടുക്കുന്നത്. ദൈവത്തെയും ദൈവജനത്തെയും കൂടുതൽ വിശ്വസ്തതയോടെ ശുശ്രൂഷിക്കാനുള്ള നിയോഗമായാണ് ഇതിനെ കാണുന്നത്. ദൈവഹിതം അന്വേഷിക്കാനും തിരിച്ചറിയാനുമുള്ള അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർഥനകൾ ആവശ്യമാണ്. ഈ ശുശ്രൂഷയിൽ വാക്കുകളേക്കാൾ പ്രധാനം ജീവിതസാക്ഷ്യമാണെന്നു ബോധ്യമുണ്ട്.
സമുദായം സന്തോഷം
ക്നാനായ സമുദായം കൂട്ടായ്മയുടെ ചൈതന്യത്തിലും സന്തോഷത്തിലും മുന്നോട്ടുനീങ്ങുകയാണ്. ഏതെങ്കിലും വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുന്പോഴും എല്ലാവരെയും ചേർത്തു നിർത്തി ഐക്യത്തോടെ മുന്നോട്ടുപോവുകയാണു പ്രധാനം. നിലപാടുകളെടുക്കുന്പോൾ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും എവിടെയെങ്കിലും ഉണ്ടാകാം. അപ്പോഴും ആരും അന്യരല്ല, ഒരുമിച്ചുപോകേണ്ടവരാണ് എന്ന ബോധ്യത്തോടെ എല്ലാവരെയും ചേർത്തുനിർത്താൻ നമുക്കാവണം.
മാതാപിതാക്കൾ പ്രചോദനം
മലബാറിന്റെ മണ്ണിൽ ജനിച്ചുവളർന്ന എനിക്ക് വലിയ സ്വപ്നങ്ങളൊന്നും കാണാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല. എങ്കിലും തിരിഞ്ഞുനോക്കുന്പോൾ, മാതാപിതാക്കൾ നൽകിയ വലിയ സ്നേഹവും കരുതലും കൈമുതലാക്കി പടിപടിയായി വളരാൻ ദൈവം അനുഗ്രഹിച്ചു. തീക്ഷ്ണമായ വിശ്വാസത്തിലാണ് മാതാപിതാക്കൾ വളർത്തിയത്.
1989ൽ ഞാൻ പൗരോഹിത്യത്തിലേക്കു പ്രവേശിച്ച നാൾ മുതൽ കിടപ്പാകുന്നതുവരെ എല്ലാ ദിവസവും എന്റെ പിതാവ് പള്ളിയിൽ കുർബാനയിൽ പങ്കുചേരാൻ പോകുമായിരുന്നു. അതെനിക്കു വലിയ കരുത്തായിരുന്നു. സഹോദരങ്ങളെല്ലാവർക്കും വലിയ വാത്സല്യവും കരുതലുമായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Steadfast in Divine Providence