സിപിഎം പ്രത്യേക സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചുള്ള സിപിഎം സിപിഐ തർക്കം രൂക്ഷമായിരിക്കെ പ്രശ്നം പരിഹരിക്കാൻ അടുത്ത മാസം കോഴിക്കോട് ചേരുന്ന സിപിഎം പ്രത്യേക സംസ്ഥാന കമ്മിറ്റിവരെ കാത്തിരിക്കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയടക്കം വിശദമായി പരിശോധിക്കാൻ ചേരുന്ന പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ചും ചർച്ച ചെയ്യാനാണു നിലവിലെ തീരുമാനം. ഇക്കാര്യം സിപിഎം ദേശീയ നേതാക്കൾ സിപിഐ നേതൃത്വത്തെ അറിയിച്ചു.
തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണു പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ വിഷയം പരിഹരിക്കാമെന്ന നിലപാടിൽ സിപിഎം കേന്ദ്ര നേതൃത്വവും എത്തിച്ചേർന്നിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവിന്റെ പേരു താൻ എഴുതി നൽകുമെന്നും അതു സിപിഎം നേതാവിന്റെ പേരായിരിക്കുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശമാണു നിലവിലെ തർക്കം കൂടുതൽ വിവാദമാകാൻ കാരണമായത്.
പിണറായിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പിന്നീടു സിപിഐ നേതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഉണ്ടായത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ വി.ശിവൻകുട്ടിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ.മോഹനനും പിണറായിക്കു പിന്തുണയുമായി എത്തിയതോടെ വിഷയം കൂടുതൽ വഷളായി.
ഇതോടെ പരസ്യപ്രതികരണങ്ങൾ ഇനി പാടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശം നേതാക്കൾക്കെത്തി. പിന്നീടു സിപിഐ നേതാക്കളും വിവാദത്തിൽ അധികം പ്രതികരിച്ചു കണ്ടില്ല. എന്നാൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള ഈ പരസ്യ വിഴുപ്പലക്കൽ ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വത്തെയും അസ്വസ്ഥരാക്കി. ഇതിനുശേഷമാണു വിഷയം തത്കാലം മാറ്റിവയ്ക്കാനും പാർട്ടി പ്രത്യേക സംസ്ഥാന കമ്മിറ്റിക്കു ശേഷം തീരുമാനമെടുക്കാമെന്നുമുള്ള ധാരണയിൽ സിപിഎം നേതാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂവെന്ന നിലപാടിൽ മാറ്റമില്ലെന്നു തന്നെയാണു സിപിഐ നേതൃത്വം ഇപ്പോഴും വ്യക്തമാക്കുന്നത്. പാർട്ടി ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ അവർക്കു പൂർണമായും ഉണ്ട്.
എന്നാൽ സിപിഎമ്മിലെ സ്ഥിതി അങ്ങനെയല്ല. പിണറായി വിജയൻ ഏകപക്ഷീയമായി നിലപാടു പറഞ്ഞതിൽ പാർട്ടി നേതാക്കൾക്കു പലർക്കും കടുത്ത അതൃപ്തിയുണ്ട്. അതവർ ഇപ്പോൾ പ്രകടമാക്കുന്നില്ലെങ്കിലും പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ഉറപ്പായും ഉന്നയിക്കും. ഉപനേതാവ് സ്ഥാനം സിപിഐക്കു നൽകുന്നതിൽ കുഴപ്പമില്ലെന്നു വാദിക്കുന്നവരും സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Position of Deputy Leader of the Opposition