ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചില ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ദേശീയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഖാർഗെ കത്തെഴുതിയത്.
ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക്നിലനിർത്തണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.ഓഗസ്റ്റ് 13ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ചെങ്കിലും അത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണിലും പ്രധാനമന്ത്രിക്ക് ഖാർഗെ കത്തയച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്നും നിർദേശങ്ങൾ പഠിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമായ സമയം അനുവദിക്കണമെന്നും കത്തിൽ ഖാർഗെ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നും ഖാർഗെ കത്തിൽ പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Constituency Delimitation