പ്രതീകാത്മക ചിത്രം.
നാളെ ആന്ധ്രാതീരം തൊടുന്ന 'അക്‌വാൻ' ചുഴലിക്കാറ്റ് കനത്തനാശം വിതയ്ക്കുമെന്നു ശാസ്ത്രലോകം. കാരണം ചുഴലിക്കാറ്റിന്‍റെ കുറഞ്ഞ വേഗത്തിലുള്ള സഞ്ചാരമാണ്. മണിക്കൂറിൽ വെറും മൂന്നു കിലോമീറ്റർ വേഗത്തിലാണ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അക്‌വാൻ' നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ സാവധാനത്തിലുള്ള സഞ്ചാരം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആന്ധ്രയ്ക്കു പുറമെ അയൽസംസ്ഥാനങ്ങളായ തെലങ്കാനയിലും ഒഡീഷയിലും അതീവജാഗ്രതാനിർദേശമാണു പുറപ്പെടുവിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിന്‍റെ വേഗം പ്രഹരശേഷി നിർണയിക്കുന്നതിന്റെ പ്രധാനഘടകമല്ലെങ്കിലും, വേഗം കുറഞ്ഞ സഞ്ചാരം ഒരു പ്രദേശത്തു പെയ്യുന്ന മഴയുടെ അളവു ക്രമാതീതമായി വർധിപ്പിക്കും. അതുമൂലം വെള്ളപ്പൊക്ക സാധ്യതയും പതിൻമടങ്ങു വർധിക്കാനും സാധ്യതയേറെയാണ്.
ഗവേഷകർ വിശദമാക്കുന്നത്, കുറഞ്ഞ വേഗത്തിൽ നീങ്ങുന്ന ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്ന ആഘാതം പലപ്പോഴും പ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും എന്നാണ്. 2010-2019 കാലയളവിൽ കരതൊട്ട 280 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെ വിശകലനം ചെയ്തുള്ള പഠനറിപ്പോർട്ടിൽ, ചുഴലിക്കാറ്റിന്‍റെ വേഗവും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. വേഗത കുറഞ്ഞ ചുഴലിക്കാറ്റ് നിശ്ചിത പ്രദേശത്തു തങ്ങിനിൽക്കുമ്പോൾ മഴമേഘങ്ങൾ തുടർച്ചയായി പെയ്തിറങ്ങും. തന്മൂലം നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യും. താരതമ്യേന ദുർബലമാണെന്നു തോന്നുമെങ്കിലും, സഞ്ചാരവേഗം കുറഞ്ഞ ചുഴലിക്കാറ്റ് കനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്നു പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷകർ വിശദീകരിക്കുന്നു.
മന്ദഗതിയിലുള്ള ചുഴലിക്കാറ്റിനേക്കാൾ, വേഗമേറിയ ചുഴലിക്കാറ്റിന്‍റെ സമയത്ത് പെയ്യുന്ന മഴയുടെ നിരക്ക് ഇരുപത്തിനാല് ശതമാനം കൂടുതലാണ്. വേഗമേറിയ ചുഴലിക്കാറ്റ് പെട്ടെന്നു കടന്നുപോകും. അതേസമയം, വേഗം കുറഞ്ഞവ ഒരു പ്രദേശത്തു കൂടുതൽ സമയം തങ്ങിനിൽക്കും. തത്ഫലമായി, മഴയുടെ തീവ്രത കുറഞ്ഞാലും അളവു കൂടുതലായിരിക്കും. അതു നാശങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ ഇടയാക്കും.

കാരണം 'എൽ നിനോ'
ആശങ്കയാകുന്ന മറ്റൊരു കാര്യം ചുരുങ്ങിയ ഇടവേളകളിൽ രൂപംകൊണ്ട മൂന്നു ചുഴലിക്കാറ്റാണ്. ഒക്‌ടോബർ 28-ന് 'അർണബ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് നർസാപുരിനു സമീപം കരതൊടുകയുണ്ടായി. തൊട്ടുപിന്നാലെ നവംബർ മൂന്നിന് 'മുരശ്' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാതീരത്തു വീശിയടിച്ചു. ഇപ്പോൾ, വലിയ ആശങ്കയായി 'അക്വാനും' എത്തുകയാണ്.
ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനുള്ള അനുകൂല സാഹചര്യങ്ങളുണ്ടാകാറുണ്ട്. എന്നാൽ, തുടർച്ചയായി മൂന്നു ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനു കാരണം 'എൽ നിനോ' ആണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റ് മുതൽ ശക്തിപ്രാപിച്ച 'എൽ നിനോ' അടുത്ത മാസത്തോടെ കൂടുതൽ ശക്തമാകുമെന്നാണു ലോക കാലാവസ്ഥാകേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. 1976-ലും 1987-ലും സമാനരീതിയിൽ ഒരു മാസത്തിനുള്ളിൽ മൂന്നു ചുഴലിക്കാറ്റുകൾ ആന്ധ്രയെ വിറപ്പിച്ചിരുന്നു. അത് 'എൽ നിനോ' വർഷങ്ങളായിരുന്നു എന്നതും ശ്രദ്ധേയം!
Tags : Cyclone Akwan BayofBengalCyclone WeatherUpdate IMDAlert ElNino