സണ്ണി ജോസഫ്, പത്മജ വേണുഗോപാൽ
തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണ്.
കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് പത്മജ ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇത്തരമൊരു നീക്കത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാറും പ്രതികരിച്ചു. വ്യക്തിപരമായ കാരണത്താലാണ് ബിജെപി വിട്ടതെന്ന് പത്മജാ വേണുഗോപാൽ വ്യക്തമാക്കി.
ബിജെപിയുടെ ഐഡിയോളജിയും തന്റെ ഐഡിയോളജിയുമായി തീരെ ചേർന്നുപോകുന്നില്ല. അക്കാര്യം തുടക്കത്തിലേ മനസിലായിരുന്നു. പക്ഷേ, ഒരു പാർട്ടിയിൽനിന്ന് ചെന്ന ഉടനേ പോരാൻ പാടില്ലല്ലോയെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപിയെ കുറിച്ച് യാതൊരു പരാതിയുമില്ല. അവർ തന്നോട് മോശമായി പെരുമാറിയിട്ടില്ല. ബിജെപിയുടെ ആശയം തിരിച്ചറിയാൻ വൈകിപ്പോയെന്നും പത്മജ കൂട്ടിച്ചേർത്തു.
Tags : Congress PadmajaVenugopal SunnyJoseph KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash