ഡോ. ജിന്റോ ജോൺ.
കൊച്ചി: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശന നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജിന്റോ ജോൺ. പാർട്ടി വിട്ടുപോയവർക്കുള്ള അവസാന ഇടമല്ല കോൺഗ്രസെന്നും അധികാരമോഹികളെ തിരിച്ചെടുക്കരുതെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെടിഡിസി ചെയർപേഴ്സൺ സ്ഥാനം, കെപിസിസിയിലെ ഉന്നത പദവികൾ, ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിത്വം തുടങ്ങി നിരവധി അവസരങ്ങൾ നൽകിയിട്ടും അവഗണിച്ചുവെന്ന് ആരോപിച്ചാണ് പത്മജ കോൺഗ്രസ് വിട്ടതെന്ന് ജിന്റോ ചൂണ്ടിക്കാട്ടി.
ബിജെപിയിലേക്ക് പോയപ്പോൾ ഒരു പ്രവർത്തകനെയോ അനുഭാവിയെയോ ഒപ്പം കൊണ്ടുപോകാൻ പത്മജയ്ക്ക് കഴിഞ്ഞില്ല. കെ. കരുണാകരൻ എന്ന നേതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് അവർ കൂടെ കൊണ്ടുപോയത്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന് ഇത്രയേറെ അപമാനമുണ്ടാക്കാൻ മകൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ ആരോപിച്ചു.
കോൺഗ്രസ് വിട്ട സമയത്ത് പാർട്ടി നേതൃത്വത്തെയും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും പത്മജ പരസ്യമായി വിമർശിച്ച കാര്യം മറക്കാനാകില്ല. ബിജെപിയിൽ പ്രവർത്തിച്ച രണ്ടര വർഷക്കാലം പത്മജ നടത്തിയ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ കോൺഗ്രസ് പ്രവർത്തകരിൽ സൃഷ്ടിച്ച മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. അധികാരമില്ലാതെ നിൽക്കാൻ കഴിയാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകുന്ന രീതി കോൺഗ്രസ് സ്വീകരിക്കരുതെന്ന് ജിന്റോ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
Tags : Congress PadmajaVenugopal JintoJohn KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash