പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടിയം സൂര്യൻപൊയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നുയർന്ന കനത്ത പുകയും അസഹനീയമായ ഗന്ധവും മൂലം ഓക്സിലിയം സ്കൂളിലെ മുപ്പത്തിയാറിലധികം വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി.
വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എന്നിവർക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഏകദേശം ആയിരത്തി ഇരുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ വെറും 300 മീറ്റർ ചുറ്റളവിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സമീപത്ത് ഒട്ടേറെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ കാറ്റിന്റെ ഗതിക്കനുസരിച്ച് പുകയും വിഷവാതകങ്ങളും ജനവാസ കേന്ദ്രങ്ങളിലേക്കും സ്കൂൾ പരിസരത്തേക്കും എത്തുന്നത് പതിവാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നേരത്തെ പ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു. അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണകൂടവും പ്ലാന്റ് ഉടമകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതികളിലും പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മൂന്ന് മാസം മുൻപും ഈ പ്ലാന്റിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ് ആരോഗ്യവകുപ്പ്, ജിയോളജി വിഭാഗം, തഹസിൽദാർ എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് നേരത്തെ തന്നെ കേസെടുത്തിട്ടുണ്ട്.
Tags : tar plant smoke tar plant smoke Child Rights Commission Case