നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരി ഉപയോഗത്തില്‍ നിന്ന് രാജ്യത്തെ വിമുക്തമാക്കാനുള്ള 'ഡ്രഗ്സ് ഫ്രീ ഇന്ത്യ'പ്രചാരണത്തിനായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വികാരാധീനനായാണ് മോദി സംസാരിച്ചത്. പട്ടിണി പോലെ രാജ്യത്ത് നിന്ന് ലഹരി മരുന്ന് സൃഷ്ടിക്കുന്ന ഭീഷണിയും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് സാധിച്ചെങ്കില്‍, ലഹരിയെന്ന ഭീഷണിയെ മറികടക്കാന്‍ സാധിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ലഹരിമരുന്ന് ഉപയോഗവും അത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും പ്രധാന രാഷ്ട്രീയ ചര്‍ച്ചാവിഷയമായി മാറിയ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
Tags : NarendraModi BJP NDA Punjab NewsUpdate Headlines