പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ അരരിയ ജില്ലയിൽ കാർ പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴുപേരിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ബിരി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സുപൗളിലെ പിപ്ര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ഏഴുപേരും.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആറുപേരുടെയും മരണം സ്ഥിരീകരിച്ചതായി ഡോക്ടർ വ്യക്തമാക്കി. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.