പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ 11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ഗണ്ട വാവ്ദിയ (71), ഭാര്യ കാന്ത (70) എന്നിവരാണ് മരിച്ചത്.
രാജ്കോട്ട്-അത്കോട്ട് റോഡിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതത്തൂണുകൾക്കിടയിലൂടെ കടന്നുപോയിരുന്ന ഹൈ-ടെൻഷൻ കമ്പി ഇവരുടെ ദേഹത്തേക്ക് പൊട്ടിവീണത്. വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ ഇരുവരും സഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ദമ്പതികളുടെ നിലവിളി കേട്ട് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന മകൻ ഹസ്മുഖും ഭാര്യ ദയയും സ്ഥലത്തേക്ക് ഓടിയെത്തി. ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹസ്മുഖിനും ദയയ്ക്കും വൈദ്യുതാഘാതമേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തു.
നാട്ടുകാർ ഹസ്മുഖിനെയും ദയയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആജി ഡാം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈദ്യുതി കമ്പി പൊട്ടിവീണതിൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ അറിയിച്ചു.
Tags : Kill Electrocution PowerLine