Kerala
കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത്(17)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ റെയിൽ ഓവർബ്രിഡ്ജിൽ നിന്ന് ചാടിയ യുവാവ് വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് മുന്നിലേക്ക് ചാടുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ ട്രെയിൻ പെട്ടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും താഴേക്ക് ചാടിയ ഇയാൾ ട്രെയിനിന് മുകളിലെ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു.
റെയിൽവേ ജീവനക്കാർ കയറുകൾ ഉപയോഗിച്ച് ഇയാളെ താഴെ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ വൈകി.
National
റായ്പുർ: ചത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
സതീഷ് നേതം, ശ്യാംലാൽ നേതം, സുനിൽ ഷോരി എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് കാണികൾക്കുള്ള ടെന്റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടകാരണം. ഇതേതുടർന്ന് നിരവധിയാളുകൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിശ്രാംപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.