വൈക്കം: തെങ്ങിൽ നിന്ന് പച്ചോല വെട്ടിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളി അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്നു. മറവൻതുരുത്ത് തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ജോലി ചെയ്യുകയായിരുന്ന കൊച്ചുപറമ്പിൽ വിനു (46) വിനാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ താഴെയിറക്കിയത്.
തെങ്ങിൽ നിന്ന് വെട്ടിയിട്ട പച്ചോല സമീപത്തെ വൈദ്യുത ലൈനിൽ തട്ടിയതോടെയാണ് വിനുവിന് ഷോക്കേറ്റത്. ലൈനിൽ തങ്ങിയ പച്ചോല ഭാഗ്യവശാൽ അവിടെനിന്ന് വേർപെട്ടു മാറിയതാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്. എങ്കിലും ഷോക്കേറ്റ ആഘാതത്തിൽ ഇദ്ദേഹത്തിന് താഴേക്ക് ഇറങ്ങാൻ സാധിക്കാതെ തെങ്ങിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിനുവിന്റെ കൈകൾക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാലിന് മരവിപ്പുള്ളതിനാൽ വിദഗ്ധമായ അസ്ഥിരോഗ ചികിത്സ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് അതിസാഹസികമായാണ് വിനുവിനെ താഴെയിറക്കിയത്. പഞ്ചായത്ത് അംഗം സുകന്യ അനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.