Kerala
വൈക്കം: തെങ്ങിൽ നിന്ന് പച്ചോല വെട്ടിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളി അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്നു. മറവൻതുരുത്ത് തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ജോലി ചെയ്യുകയായിരുന്ന കൊച്ചുപറമ്പിൽ വിനു (46) വിനാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ താഴെയിറക്കിയത്.
തെങ്ങിൽ നിന്ന് വെട്ടിയിട്ട പച്ചോല സമീപത്തെ വൈദ്യുത ലൈനിൽ തട്ടിയതോടെയാണ് വിനുവിന് ഷോക്കേറ്റത്. ലൈനിൽ തങ്ങിയ പച്ചോല ഭാഗ്യവശാൽ അവിടെനിന്ന് വേർപെട്ടു മാറിയതാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്. എങ്കിലും ഷോക്കേറ്റ ആഘാതത്തിൽ ഇദ്ദേഹത്തിന് താഴേക്ക് ഇറങ്ങാൻ സാധിക്കാതെ തെങ്ങിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിനുവിന്റെ കൈകൾക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാലിന് മരവിപ്പുള്ളതിനാൽ വിദഗ്ധമായ അസ്ഥിരോഗ ചികിത്സ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് അതിസാഹസികമായാണ് വിനുവിനെ താഴെയിറക്കിയത്. പഞ്ചായത്ത് അംഗം സുകന്യ അനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
District News
പെരിന്തൽമണ്ണ: കിണർ നിർമാണ പ്രവൃത്തിക്കിടെ തളർന്നുവീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പാതാക്കര മേലേതിൽ ഫൈസൽ (45) ആണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കിണറ്റിലേക്ക് തളർന്നുവീണത്. പാതാക്കര പിടിഎം ഗവണ്മെന്റ് കോളജിന് പിറകുവശത്തുള്ള മുസ്തഫയുടെ ഉടമസ്ഥതയിലുള്ള പറന്പിലെ കിണർ കുഴിക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കിണർ കുഴിക്കുന്നത് 15 അടിയോളമായപ്പോൾ തൊഴിലാളികളായ രണ്ടു പേരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മുകളിലേക്ക് കയറാൻ കഴിയാതെ വരികയും ചെയ്തു.
വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ നാസറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഉപാസ്, ഡ്രൈവർ ശരത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.പി. സക്കീർ, നിധിൻ, ഹോം ഗാർഡ് സുബ്രഹ്മണ്യൻ, ബാബുരാജ്, ഉണ്ണികൃഷ്ണൻ ട്രെയിനികളായ പ്രണവ്, അഖിൽ, സിബിൻ, മുഹമ്മദ് നബിൻ എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളാകുകയായിരുന്നു.
District News
ചേര്‍ത്തല: തെങ്ങിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന സുരക്ഷിതമായി താഴെയിറക്കി. ചേർത്തല ചക്കരക്കുളം സ്വദേശി വർഗീസ് (55) ആണ് ഇന്നലെ രാവിലെ മണവേലി ഭാഗത്ത് 40 അടിയോളം ഉയരത്തിൽ തെങ്ങിന്റെ മുകൾഭാഗത്ത് കുടുങ്ങിയത്. തെങ്ങ് വലിച്ചുകെട്ടിയ കമ്പി പൊട്ടിയതോടെ തെങ്ങില്‍ നിന്നു പിടിവിട്ട വർഗീസിന്റെ കാല് തെങ്ങിൽ കയറുന്ന മെഷീനിൽ കുടുങ്ങിയതിനാൽ താഴെ വീഴാതെ തലകീഴായി കിടന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ത്തല അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തെങ്ങിൽ കയറി വർഗീസിനെ രക്ഷിക്കുകയായിരുന്നു.ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസ് അപകടനില തരണം ചെയ്തു.
District News
പിറവം: പിറവം- മൂവാറ്റുപുഴ റോഡിൽ കൊള്ളിക്കൽ ജംഗ്ഷനിൽ ഓയിൽവീണു വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടതോടെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ റോഡ് കഴുകി ശുചീകരിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചുപള്ളി മൃഗാശുപത്രി റോഡിൽ നിന്നും നടക്കാവ്റോഡിലേക്കു ചേരുന്ന ജംഗ്ഷനിലാണ് വാഹനത്തിൽ നിന്ന് ഓയിൽ വീണത്. ഇതുവഴി യാത്ര ചെയ്ത പിറവത്തെ എംഎസ്എം ഐടിഐയിലെ വിദ്യാർഥികളാണ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്.
കൂത്താട്ടുകുളം നടക്കാവ് റോഡിന്റെ ഭാഗമായ പ്രധാന പാതയെന്ന നിലയിൽ ഒട്ടേറെ വാഹനങ്ങളാണു ഇതു വഴി കടന്നുപോകുന്നത്. ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെ അപകടത്തിൽപ്പെട്ടതോടെ പിറവം അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർ വി.വിനുവിന്റെ നേതൃത്വത്തിൽ ശുചീകരണത്തിനു തയാറാവുകയായിരുന്നു.
എംഎസ്എം ഐടിഐയിലെ വിദ്യാർഥികളായ അജിത് കുമാർ അരുൺ, ഇജോ കെ.സാബു, അക്ഷയ് സന്തോഷ്, മണികണ്ഠൻ ജയേഷ് എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി.
Kerala
കാഞ്ഞങ്ങാട്: സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈപ്പത്തിയില്‍ ആണി തുളഞ്ഞുകയറി.
ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി വിഘ്നേഷിന്റെ (11) കൈയിലാണ് ആണി തുളഞ്ഞുകയറിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണുസംഭവം. ഗ്രൗണ്ടില്‍ ഓടുന്നതിനിടെ ആണി തറച്ച പലകയുടെ മുകളിലേക്കാണ് വിഘ്നേഷ് വീണത്.
വേദന കൊണ്ട് പുളഞ്ഞ വിഘ്നേഷിന്റെ അടുത്തേക്ക് സഹപാഠികളും അധ്യാപകരും ഓടിയെത്തി. ഉടന്‍തന്നെ പലക സഹിതം വിഘ്നേഷിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും ആണി ഊരിയെടുക്കാനായില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയുടെ സഹായം തേടി. അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ ആണി ഊരിയെടുക്കുകയായിരുന്നു.
Kerala
കണ്ണൂർ: ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ അഗ്നിരക്ഷാസേനയെ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നിർമിക്കുന്ന ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്ററിന്റെ ശിലസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാസാപകടങ്ങളും ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും പരമ്പരാഗത അഗ്നിശമനരക്ഷാ രീതികൾക്കു വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി നൂതന സാങ്കേതികവിദ്യകൾ, ഗവേഷണം, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുത്തിയ മനുഷ്യവിഭവശേഷി വികസനം അനിവാര്യമാണ്. അവിടെയാണ് ശാസ്ത്രീയമായ അറിവിന്റേയും ഗവേഷണത്തിന്റേയും പ്രസക്തി.
സേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്തുന്നതിലും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ അടുത്തഘട്ടമായിട്ടാണ് റിസർച്ച് സെന്ററിനെ സർക്കാർ കാണുന്നത്. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുസാറ്റിന്റെ അംഗീകാരത്തോടെ നാല് കോഴ്സുകളാണ് അഞ്ചരക്കണ്ടിയിലെ സെന്ററിൽ ആരംഭിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി.പി. സാബു റിപ്പോർട്ട് അവതരിപ്പിച്ചു. വി. ശിവദാസൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: വടശേരിക്കര, തെങ്ങുംമല, ഈറോലിക്കൽ വാസുദേവ കുറുപ്പിനെ (77) കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തി. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ 33 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ കാൽതെറ്റി വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം.
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനേ തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചു. പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി ഇടിഞ്ഞുവീഴാറായ കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ജീർണിച്ച വസ്തുക്കളുള്ള അപകടകരമായ കിണറ്റിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായർ റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്താൽ അതി സാഹസികമായി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ ഇറങ്ങി വാസുദേവ കുറുപ്പിനെ കരയിൽ എത്തിച്ചു.
സജ്ജമാക്കിയ ആംബുലൻസിൽ കിണറ്റിൽ വീണ ആളിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് അയിച്ചു.ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ശ്യാംജി, ഉണ്ണികൃഷ്ണൻ, അനുരാജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രമാകാന്ത് ഹോം ഗാർഡ് മാരായ അജയകുമാർ,പ്രസന്നൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
District News
കാഞ്ഞിരപ്പള്ളി: കിണറ്റിൽ വീണ മൊബൈൽ ഫോൺ വെള്ളത്തിലിറങ്ങി മുങ്ങിയെടുത്ത് നൽകി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. കാഞ്ഞിരപ്പള്ളി ടൗണിനു സമീപമുള്ള ശാലോം നഗറിലെ കുളങ്ങരമുറിയിൽ ബിനു തോമസിന്റെ കിണറ്റിൽ വീണ ഐ ഫോണാണ് ഫയർഫോഴ്സ് സംഘം വീണ്ടെടുത്ത് നൽകിയത്.
ഫോൺ കിണറ്റിൽ വീണ വിവരം അറിഞ്ഞ ഫയർഫോഴ്സ് സംഘംഅസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ വീട്ടിലെത്തുകയും കിണറ്റിലിറങ്ങി വീണ്ടെടുത്ത് നൽകുകയുമായിരുന്നു.
ഡ്രൈവർ കെ.എസ്. ഷാരോൺ ആണ് കിണറ്റിൽ ഇറങ്ങി ഫോൺ എടുത്തത്. കുടിക്കാനായി വെള്ളം കോരിയ ശേഷം കിണറിന്റെ മൂടി അടച്ചപ്പോൾ ഇതിന് മുകളിൽ വച്ചിരുന്ന ഐ ഫോൺ കിണറ്റിൽ വീഴുകയായിരുന്നു.മാലയും മോതിരവും മൊബൈൽ ഫോണുകളുമൊക്കെ ഇത്തരത്തിൽ വീണ്ടെടുത്ത് നൽകുന്നത് സർവസാധാരണമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ച
District News
പെരുവണ്ണാമൂഴി: മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തെങ്ങു കയറ്റ യന്ത്രം തകരാറിലായതിനെ തുടർന്ന് 40 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ ചക്കിട്ടപാറ സ്വദേശി ആലയിൽ സഞ്ജു കുടുങ്ങി പോവുകയായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ഹരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെനേരം തെങ്ങിൽ പിടിച്ചു നിന്നു അവശനായ യുവാവിനെ രക്ഷപ്പെടുത്തി.
സേനാംഗമായ വിനീത് മറ്റൊരു യന്ത്രത്തിൽ തെങ്ങിൽ കയറി കാരമന്റൽ റോപ്പ്, സേഫ്റ്റി സ്ലിംങ്ങ്, പുള്ളി എന്നിവയുടെ സഹായത്തോടെ പരിക്കൊന്നും കൂടാതെ താഴെ ഇറക്കുകയായിരുന്നു.