കണ്ണൂർ: നാൽപത്തിയഞ്ച് അടിയോളം ഉയരമുള്ള മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി കണ്ണൂർ അഗ്നിരക്ഷാ സേന. കണ്ണൂർ എളയാവൂർ സൗത്തിൽ മരം മുറിക്കുന്നതിനായി മുകളിൽ കയറി ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിനിടെ കൈക്കും കാലിനും പരിക്കേറ്റ കാസർഗോഡ് സ്വദേശി റഹ്മാനാണ് താഴേക്ക് ഇറങ്ങാനാവാതെ മരത്തിന്റെ രണ്ട് ശിരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
കണ്ണൂർ അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ രാജീവൻ, ഗ്രേഡ് എഎസ്ടിഒ സൂരജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് റഹ്മാനെ രക്ഷിച്ചത്. ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ. രഞ്ജു, ടി.കെ. ശ്രീകേഷ് എന്നിവർ മരത്തിന്റെ മുകളിൽ കയറി റോപ്പ് റെസ്ക്യു ഉപകരണത്തിന്റെ സഹായത്തോടെ അതിസാഹസികമായി താഴെ ഇറക്കുകയും ആശുപത്രിയിൽ എത്തിച്ച് ചികിതസ ലഭ്യമാക്കുകയുമായിരുന്നു.