വൈത്തിരി: രൂക്ഷമായ പുലിശല്യം പെരുന്തട്ട നിവാസികളെ വലയ്ക്കുന്നു. മാസങ്ങളായി പ്രദേശത്ത് പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം രാത്രി സനോജ് എന്ന യുവാവ് പുലി ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പൊഴുതന സ്വദേശിയായ സനോജ് ജോലി കഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ റോഡരികിലെ കാട്ടില്‍നിന്ന് പുലി ചാടിവീഴുകയായിരുന്നു. ബൈക്കിന്റെ വേഗത കൂട്ടിയതാണ് പുലിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിന് സഹായമായത്. എന്നാല്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നിസാര പരിക്കേറ്റു.
ഉപജീവനത്തിന് കന്നുകാലികളെ വളര്‍ത്തുന്ന നിരവധി കുടുംബങ്ങള്‍ പെരുന്തട്ടയിലുണ്ട്. സമീപകാലത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്.
സന്ധ്യകഴിഞ്ഞാല്‍ സുരക്ഷിതമായി വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കുട്ടികളെ സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. പുലിസാന്നിധ്യം വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും പിടികൂടാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ചത്. പുലിയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിശല്യത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.
Tags : Leopard Menace Perunthatta