തൃശൂർ: ലോകകപ്പ് ഫൈനൽ ദിനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. മുള്ളൂർക്കരയിലെ കണ്ണംപാറ എസ്എൻ നഗർ പറക്കുന്നത്ത് വീട്ടിൽ പി.എസ്. സുനിൽ (31), കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ ഒന്നാംപ്രതി സുനിലിന്റെ വീടിന്റെ പിൻവശത്തു നിന്നാണ് സെപ്ഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറും പാർട്ടിയും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. 2.621 ഗ്രാം എംഡിഎംഎയും പ്രതിയുടെ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു.
എംഡിഎംഎ തൂക്കംനോക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും സുനിലിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. എംഡിഎംഎ നിറയ്ക്കാനുള്ള 500 സിപ്ലോക് കവറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ഗൂഗിൾപേ വഴി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. ബാങ്ക് വിവരങ്ങളും പരിശോധിക്കും. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ നിരവധി ഫോണ് കോളുകളാണ് പ്രതികളെ തേടി എത്തിയത്. വിളിച്ചവരെ എക്സൈസ് നിരീക്ഷിച്ചു വരികയാണ്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ്, ടി.കെ. കണ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ ടി.ജെ. രൻജിത്ത്, കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജെ. റിജോ, ജെ.ഒ. ജെറിൻ, വി. തൗഫിക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അമിത എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.