തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു.
ഗാംഗ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ ഉൾപ്പടെയുള്ളവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി. അപകടത്തിൽ എട്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് മോഹൻ അറിയപ്പെടുന്ന സയൻസ് വ്ലോഗറും ശാസ്ത്രലേഖകനുമാണ്.
നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസപ്പെടുത്തി വൻ മണ്ണിടിച്ചിലുണ്ടായത്. ഈ സമയം നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലിയേർപ്പെട്ടിരിക്കുകയായിരുന്നു. കവാടം പൂർണമായി മൂടിയതും അതിനുപിന്നാലെ മീഥെയ്ൻ വാതക ചോർച്ചയും ദൗത്യസംഘത്തിന് വലിയ ഭീഷണിയാകുന്നുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിക്കിം പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്ത രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിൽ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാംഗ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തസമയത്ത് തുരങ്കത്തിനുള്ളിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുരങ്കത്തിനുള്ളിലെ മങ്ങിയ കാഴ്ചപരിധിയും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഉള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
Tags : Landslide TunnelConstruction Death Sikkim