തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. അടിമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കേസ്. പിഴത്തുക 15 വയസുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ കോടതി നിർദേശിച്ചു.
പിഴ അടച്ചില്ലെങ്കിൽ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാർഥിനിയായ അതിജീവിത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രതി പലതവണ പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സംഭവദിവസം പെൺകുട്ടിയെ കാണണമെന്ന് വാശിപിടിച്ച് പ്രതി കുട്ടി പഠിക്കുന്ന സ്കൂളിലെത്തി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിയെ ബൈക്കിൽ കയറാൻ പ്രതി നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഇക്കാര്യം അറിഞ്ഞ പ്രതി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതായും പ്രോസിക്യൂഷൻ ആരോപിച്ചു. തുടർന്ന് രാത്രിയിൽ പൊലീസ് പ്രതിയുടെ വീട്ടിലെത്തി കുട്ടിയെ കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Tags : imprisonment fine assaulting girl Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash