Image for representation
ആലപ്പുഴ: ഓണക്കാല സീസണിലും കായലഴക് കാണാൻ ആളില്ലാതെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലേക്ക്. ഈ സീസൺ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്തിയ ഹൗസ്ബോട്ട് ഉടമകളെയും ആയിരക്കണക്കിന് തൊഴിലാളികളെയുമാണ് സഞ്ചാരികളുടെ ഇടിവ് നിരാശയിലാഴ്ത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൗസ്ബോട്ട് ബുക്കിംഗിൽ 80 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും പ്രളയവുമാണ് സഞ്ചാരികളെ പിന്നോട്ടടിച്ചത്. മഴയ്ക്ക് ശേഷവും പുതിയ അന്വേഷണങ്ങൾ തീരെ കുറവാണെന്നും നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകൾ പലതും റദ്ദാക്കപ്പെട്ടുവെന്നും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വി. വിനോദ് പറഞ്ഞു. അതുകൊണ്ടുതന്നെ ലാഭം നോക്കാതെ കുറഞ്ഞ പാക്കേജ് നൽകി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് മൂലം, കടുത്ത മത്സരവും ഈ മേഖലയിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറയുന്നത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള പ്രധാന സീസണെ ബാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. തദ്ദേശീയരായ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും ചെറിയ ഓട്ടങ്ങൾ പോലും ഇപ്പോൾ അപൂർവമായി മാത്രമാണ് ലഭിക്കുന്നതെന്നും പുന്നമടയിലെ ഹൗസ്‌ബോട്ട് ഉടമകളും പറയുന്നു.
സഞ്ചാരികളുടെ കുറവിനൊപ്പം സാധനങ്ങളുടെ വിലക്കയറ്റവും മേഖലയ്ക്ക് തിരിച്ചടിയായി. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടിയതോടെ ഹൗസ്ബോട്ടുകളുടെ നടത്തിപ്പു ചെലവ് ഇരട്ടിയായി വർധിച്ചു. സീസൺ പ്രതീക്ഷകൾ അസ്തമിച്ചതോടെ ഈ മേഖലയെ മാത്രം ഉപജീവനത്തിനായി ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പട്ടിണിയി ലായിരിക്കുന്നത്.
വരുന്ന സർക്കാർ അവധി ദിനങ്ങളിലും പൂജാ അവധി ദിനങ്ങളിലുമാണ് ഇനിയുള്ള പ്രതീക്ഷ, ഈ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടായില്ലെങ്കിൽ ആലപ്പുഴ, കുമരകം മേഖലയിലെ കായൽ ടൂറിസം മേഖല പൂർണമായും തകർച്ചയിലേക്ക് നീങ്ങും. ഇത് വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിക്കും.
Tags : Backwater Tourism Holidays Kerala Alappuzha Travel TourPackages Vacation