കേരള ഹൈക്കോടതി
കൊച്ചി: സൗന്ദര്യവത്കരണ ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് യുവതിയുടെ ഒമ്പത് കൈവിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നത്താന്‍ ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരം കോസ്മെറ്റിക് ഹോസ്പിറ്റലിലെ ചികിത്സപ്പിഴവ് ആരോപിച്ച് ഐടി പ്രഫഷണലായ മുട്ടത്തറ സ്വദേശി നീതു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്.
ചികിത്സപ്പിഴവ് ജില്ലാ, സംസ്ഥാനതല വിദഗ്ധ സമിതികള്‍ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ പൊലിസ് കോടതിയുടെ അനുമതി തേടിയതിനു പിന്നാലെ യുവതി എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിരലുകള്‍ മുറിച്ചതിനാല്‍ ജോലി ചെയ്യാനാകാത്ത കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രിയിലാണ് ഇത്രയും സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയതെന്നത് അദ്ഭുതപ്പെടുത്തുന്നതായി കോടതി പറഞ്ഞു. രക്തസമ്മര്‍ദം കുറഞ്ഞപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനായില്ല. ആംബുലന്‍സ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഇതു ഗുരുതര വീഴ്ചയാണ്.
തെളിവുകളുടെ അഭാവത്തില്‍ എതിര്‍കക്ഷികളായ ഡോക്ടര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ഈ ഘട്ടത്തില്‍ കഴിയില്ലെങ്കിലും സിവില്‍ നടപടികളിലൂടെ നഷ്ടപരിഹാരം ഈടാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. തുടരന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Tags : keralahighcourt Investigation SpecialCrimeBranch CosmeticSurgery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash