Kerala
കൊച്ചി: കേസ് തെളിയിക്കാൻ ആധാർ വിരലടയാള വിവരങ്ങൾ ലഭ്യമാക്കാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഗോപാലകൃഷ്ണൻ, അമ്മുക്കുട്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ ആധാർ ഡാറ്റാ ബോസിലെ വിരലടയാള വിവരങ്ങൾ ശേഖരിക്കാനാണു ഹൈക്കോടതി അനുമതി നൽകിയത്.
കുറ്റാന്വേഷണത്തിന് വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമല്ലെന്ന സുപ്രീംകോടതിയുടെ പുട്ടുസ്വാമി കേസ് വിധി ഉദ്ധരിച്ചാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. 2016 നവംബർ 14നാണ് പാലക്കാട് ശ്രീകൃഷ്ണപുരം കണ്ണുകുറിശിയിലെ വീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കവർച്ച ചെയ്യാനുള്ള ഉദ്ദേശ്യത്തിലാണു കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണവും 4,000 രൂപയും നഷ്ടമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം പ്രതികളിലൊരാളായ രാജേന്ദ്രന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാൽ, കൂട്ടുപ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. 1,200 പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് സംശയിക്കുന്നവരുടെ വിരലടയാളങ്ങൾ ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ അനുമതി തേടി പാലക്കാട് ക്രൈംബാഞ്ച് ഡിവൈഎസ്പി കോടതിയെ സമീപിച്ചത്.
സ്വകാര്യതയുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ആധാർ അഥോറിറ്റി ഈ ആവശ്യത്തെ എതിർത്തെങ്കിലും കോടതി ഇതു തള്ളി. തുടർന്നാണ് കോയമ്പത്തൂർ ജില്ലയിലുള്ളവരുടെ ആധാർ വിവരങ്ങളുമായി വിരലടയാളം ഒത്തുനോക്കാൻ നിർദേശം നൽകിയത്.
സി ഡാക്കിന്റെ സഹായത്തോടെ വിരലടയാളങ്ങൾ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി പരിശോധന നടത്താം. പ്രതികളുടെ വിലാസം കണ്ടെത്താൻ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കാവൂവെന്നും കോടതി നിർദേശിച്ചു. അപൂർവമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ ഉത്തരവെന്നും മറ്റു കേസുകളിൽ ഇതു കീഴ്വഴക്കമായി ഉപയോഗിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമർപ്പിച്ച ഹർജിയിൽ അനുകൂല നിലപാടുമായി സംസ്ഥാന സര്ക്കാര്.
കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് വ്യക്തമാക്കി.
ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്കിയ തെളിവുകള് കേസെടുക്കാന് പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില് എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില് വാദം തുടരുകയാണ്.
Kerala
കൊച്ചി: ആളുകളെ ഭയപ്പെടുത്തി അമിതവേഗത്തില് പായുന്ന ബസുകളെ നിയന്ത്രിക്കാന് നടപടി വേണമെന്ന് ഹൈക്കോടതി.
നഗരറോഡിലെ നടപ്പാതയിലൂടെ പോലും വാഹനങ്ങള് ചീറിപ്പായുകയാണ്. “അമിത വേഗത്തിലെത്തിയ ബസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് സ്വകാര്യ വാഹനത്തില് യാത്ര ചെയ്തപ്പോള് എനിക്ക് നേരില് കണ്ട് ബോധ്യമായതാണ്.
ഞങ്ങള് പറഞ്ഞിട്ടും ബസ് നിര്ത്തുന്നില്ലെന്നു പൊലിസിന്റെ റിപ്പോര്ട്ടില് പറയുന്ന അവസ്ഥയാണുള്ളത്”- ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
തുടര്ന്ന് ബന്ധപ്പെട്ട എസ്പിമാരെ വിളിച്ചുവരുത്തിയാണ് അമിതവേഗം നിയന്ത്രിക്കാന് നടപടി സ്വീകരിക്കണമെന്നു കോടതി നിര്ദേശം നല്കിയത്.
Kerala
ഇടുക്കി: മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വിധി സർവാത്മനാ സ്വാഗതം ചെയ്യുകയാണെന്നും സിപിഎം ഉയർത്തിയ വാദങ്ങൾ ദുർബലമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. തനിക്ക് തിരിച്ചടി നേരിട്ടപ്പോഴും കേസിൽ പിണറായി വിജയൻ കുടുങ്ങുമെന്ന് പറഞ്ഞിരുന്നു.
കേസിൽ സർക്കാരിന് തുറന്ന നിലപാടാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇഡി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അന്വേഷണം വൈകുന്നതിനെതിരെ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ.ബദറുദ്ദീന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അതേസമയം കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും നിർണായകം. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. പൊതുപ്രവർത്തകനായ കെ. എം. ഷാജഹാൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന നിലപാടാണ് ഇഡി കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, പ്രാഥമിക പരിശോധന നടക്കുകയാണെന്നും ആദ്യം തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാർ ഭാഗം കോടതിയിൽ വാദിച്ചത്.
അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ തന്നെയാണ് കൈമാറിയതെന്നും ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം.
Kerala
കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കു കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി.
കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ വഖഫ് ബോർഡ് നൽകിയ നാല് അപ്പീലുകളും തളളി ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വഖഫ് ട്രൈബ്യൂണൽ ഉത്തരവിൽ നിർദേശിച്ചപ്രകാരം ചോദ്യരൂപത്തിലുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഒരു മാസത്തെ സമയവും ബോർഡിന് കോടതി അനുവദിച്ചു.
2019 മേയ് 20ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു ബന്ധപ്പെട്ട കക്ഷികൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നൽകിയ ഹർജികളിലാണ് ബോർഡിനോടു ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ടത്.
വഖഫ് ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ട്രൈബ്യൂണലിലെ ഹർജി. ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനുമുമ്പ് നിയമത്തിൽ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നു വ്യക്തമാക്കുന്നതിനാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള നടപടികൾ പാലിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ സർവേയും പട്ടിക തയാറാക്കലും സംബന്ധിച്ച നടപടികൾ സ്വീകരിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ പട്ടിക ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും വിശദീകരിക്കേണ്ടത്.
2019 മേയ് 20ലെ ഉത്തരവിനുമുമ്പ് നിയമത്തിലെ നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചതിന്റെ രേഖകൾ ലഭ്യമല്ലെന്നാണു ഹർജിക്കാരുടെ വാദം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വഖഫ് ബോർഡിനോടു മറുപടി തേടിയത്.
എന്നാൽ, ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകാൻ നിർദേശിച്ച കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്.
National
കൊച്ചി: ആരോഗ്യമേഖലയിലെ മികവ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില് തടസമാണോയെന്നു ഹൈക്കോടതി.
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില് കേന്ദ്രമന്ത്രിസഭ ഇതുവരെ തത്വത്തില് തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്ക്കാര് അറിയിച്ചതിനെത്തുടര്ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.എയിംസ് അനുവദിക്കുന്ന കാര്യത്തില് ആറാഴ്ചക്കകം നിലപാട് അറിയിക്കാനും കോടതി കേന്ദ്രസര്ക്കാരിനോടു നിര്ദേശിച്ചു.
എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലപ്പട്ടികയില് കാസര്ഗോഡിനെയും ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്ഗോഡ് ജനകീയ കൂട്ടായ്മ നല്കിയ ഹര്ജിയാണു കോടതി പരിഗണിച്ചത്.
നിലവില് ആരോഗ്യമേഖലയില് പിന്നാക്കം നില്ക്കുന്നവര്ക്കാണ് മുന്ഗണന നല്കുന്നതെന്നും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണു കേരളത്തിന് മുന്ഗണന ലഭിക്കാതെ പോയതെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റര് ജനറല് ഒ.എം. ശാലീന ചൂണ്ടിക്കാട്ടിയത്. അഞ്ചു വര്ഷമാണ് പിഎംഎസ്എസ്വൈ പദ്ധതിയുടെ കാലയളവ്.
2026-27 മുതല് 2030-31 വരെയുള്ള പദ്ധതി തുടര്ച്ചയ്ക്ക് അനുമതി ലഭിച്ചശേഷമേ പുതിയ എയിംസ് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രസര്ക്കാരിന്റെ വിശദീകരണത്തില് കോടതി അതൃപ്തി രേഖപ്പെടുത്തി.
2016 മുതല് പത്തു വര്ഷത്തോളമായി എയിംസ് എന്ന ആവശ്യം കേരളം ഉന്നയിക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കേരളത്തില് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം 200 ഏക്കര് ഭൂമി കോഴിക്കോട് കിനാലൂരില് കണ്ടെത്തിയിട്ടുണ്ട്.
2022 മുതല് കേന്ദ്രസംഘത്തെ അയച്ചു സാധ്യതാപഠനം നടത്തണമെന്നു സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്, കേന്ദ്രമന്ത്രിസഭയുടെ തീരുമാനമുണ്ടായശേഷമേ സാധ്യതാപഠനം നടത്താനാകൂവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
നിലവിലെ ആരോഗ്യസ്ഥാപനങ്ങള് മെച്ചപ്പെടുത്താന് കേരളത്തിന് 4302 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിലെ ജനസാന്ദ്രതയും പാവപ്പെട്ടവരെയും കരുതി കേരളത്തെയും മുന്ഗണനാ പട്ടികയില് പരിഗണിക്കണമെന്ന് തുടര്ന്ന് കോടതി നിര്ദേശിച്ചു. തുടര്ന്നാണ് വിശദീകരണത്തിന് ആറാഴ്ച സമയം അനുവദിച്ചത്.
Kerala
കൊച്ചി: കേരളത്തില് എയിംസ് അനുവദിക്കുന്നത് മുന്ഗണനയിലില്ലെന്ന് കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്ക്കാണ് പ്രഥമ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്ക്ക് കാരണമെന്ന് ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാംഗ്മൂലം നൽകിയത്.
അങ്ങനെയെങ്കില് എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ഹൈക്കോടതി കേന്ദ്ര സര്ക്കാരിനോട് ചോദിച്ചു. കേരളം ഒരു എയിംസ് അര്ഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നില്ക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്ഥമാക്കരുത്. എല്ലാവര്ക്കും മുന്നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ലെന്നും കോടതി അറിയിച്ചു.
ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാന പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവുമായി പിഎസ്സി ചെയര്മാനടക്കം സഹകരിക്കാത്തതെന്തെന്നു ഹൈക്കോടതി.
ഉത്തരവാദികള് ആരെന്നു കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വസ്തുതകള് അറിയാവുന്നവര് എന്ന നിലയിലല്ലേ പിഎസ്സി അംഗങ്ങളെയടക്കം ചോദ്യം ചെയ്യാന് വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിലല്ലല്ലോ? അന്വേഷണസംഘത്തിനു മുന്നില് ഹാജരായി വിവരങ്ങള് നല്കാനും വാദമുന്നയിക്കാനും രേഖകള് സമര്പ്പിക്കാനും അവസരമുണ്ട്. ധാര്മികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം ഇക്കാര്യത്തില് പിഎസ്സി അംഗങ്ങള്ക്കുണ്ടെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് പറഞ്ഞു.
സർക്കാർ കടുത്ത നടപടി സ്വീകരിക്കാത്തതെന്ത്?
നോട്ടീസ് നല്കിയിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില് അടുത്ത കടുത്ത നടപടി സ്വീകരിക്കാത്തതെന്തെന്നു കോടതി സര്ക്കാരിനോട് ചോദിച്ചു. പരീക്ഷയില് 58 മാര്ക്കിന്റെ മൂല്യനിര്ണയം നടത്താതെപോയതില് പ്രഥമദൃഷ്ട്യാ അഴിമതിയില്ലേയെന്നും കോടതി ആരാഞ്ഞു. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പിഎസ്സി അംഗങ്ങള്ക്കും ജീവനക്കാര്ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന് സര്ക്കാരിന് അധികാരമില്ലെന്നാണ് ഹര്ജിക്കാരുടെ വാദം.
പൊതുസേവകരെന്ന നിലയില് അന്വേഷണത്തിന് മുന്കൂര് അനുമതിയെക്കുറിച്ച് വിജിലന്സ് ഡയറക്ടറുടെ കത്തില്തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് മൂല്യനിര്ണയമായതിനാല് സാങ്കേതികമായ പിഴവുകൊണ്ടാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവിനെത്തുടര്ന്ന് പിഎസ്സി അംഗങ്ങളടക്കമുള്ളവര്ക്ക് ചോദ്യംചെയ്യലിനു ഹാജരാകാന് നോട്ടീസ് നല്കിയിട്ടുണ്ടെന്നും തടയണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടു.
എന്നാല്, പിഎസ്സി തീരുമാനവും ശിപാര്ശയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളിലെ അന്വേഷണത്തിനു മാത്രമേ ചട്ടപ്രകാരം മുന്കൂര് അനുമതി ആവശ്യമുള്ളൂ എന്ന് സര്ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര് ജനറല് (ഡിജിപി) ടി. ആസഫലി ചൂണ്ടിക്കാട്ടി.
പിഎസ്സിയുമായി ബന്ധപ്പെട്ട രണ്ടുപേര്ക്കെതിരേയാണ് ആരോപണമെന്നിരിക്കെ പിഎസ്സി എന്ന സ്ഥാപനം എന്തിനാണു കോടതിയെ സമീപിക്കുന്നതെന്ന് മനസിലാകുന്നില്ല.
പിഎസ്സിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് ഒറ്റപ്പെട്ട പരാതികളല്ലെന്നും 180 പരാതികള് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. പിഎസ്സിയുടെ ഹര്ജി നിലനില്ക്കുന്നതല്ലെന്നും വാദമുയര്ത്തി.
വഞ്ചിക്കപ്പെടുന്നത് യുവതലമുറ
അനുമതിയും ഹര്ജിയുടെ നിലനില്പും സംബന്ധിച്ച് ഡിജിപി ഉന്നയിച്ച വാദം കോടതിയും ചൂണ്ടിക്കാട്ടി. സര്ക്കാര് ജോലിക്കായി കഠനാധ്വാനം ചെയ്തു മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയാണു വഞ്ചിക്കപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഉദ്യോഗാര്ഥികളുടെ ഏക പ്രതീക്ഷയായ പിഎസ്സിയെ സംരക്ഷിക്കണമെന്നു നിരീക്ഷിച്ച കോടതി, തുടര്ന്ന് മുന്കൂര് അനുമതിയുടെ കാര്യത്തിലും ഹര്ജി നിലനില്ക്കുമോയെന്നതിലും വിശദീകരണം സമര്പ്പിക്കാന് സര്ക്കാരിനു നിര്ദേശം നല്കി. തുടര്ന്ന് ഹര്ജി വീണ്ടും 13ന് പരിഗണിക്കാനായി മാറ്റി.
ഹര്ജിയില് അപാകതയുണ്ടെന്ന രജിസ്ട്രിയുടെ എതിര്പ്പ് അംഗീകരിച്ച് ഹര്ജി പരിഗണിക്കാതിരുന്ന സിംഗിള് ബെഞ്ചിന്റെ മുന് ഉത്തരവിനെതിരേ പിഎസ്സി നേരത്തേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്ന്ന് ഹര്ജി പരിഗണിച്ചു തീര്പ്പാക്കാന് നിര്ദേശിച്ച് സിംഗിള് ബെഞ്ചിലേക്കുതന്നെ കേസ് മടക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില് കേരള പബ്ലിക് സര്വീസ് കമ്മീഷനെതിരേയുള്ള ഹൈക്കോടതി വിമര്ശനം വന് തിരിച്ചടിയായി. ഉദ്യോഗസ്ഥര്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പിഎസ്സിയുടെ ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള് സംബന്ധിച്ച് പിഎസ്സി ഉദ്യോഗസ്ഥര്ക്കും ചില ഉദ്യോഗാര്ഥികള്ക്കും എതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പിഎസ്സി അംഗങ്ങളോട് ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകുന്നതിനും നോട്ടീസ് നല്കിത്തുടങ്ങിയിരുന്നു. ഇതിനെതിരേയായിരുന്നു പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന് ക്രൈംബ്രാഞ്ചിനു കഴിയില്ലെന്ന വാദവും പിഎസ്സി ഉന്നയിച്ചു. പിഎസ്സി അംഗങ്ങളെ മനഃപൂര്വം കുറ്റക്കാരാക്കാന് ശ്രമം നടക്കുകയാണെന്നായിരുന്നു പിഎസ്സിയുടെ നിലപാട്. ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്വീസ് കമ്മിഷനിലെ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നതില് പ്രോട്ടോക്കോള് പ്രശ്നമുണ്ടെന്ന വാദവും പിഎസ്സി ഉയര്ത്തി.
അതേസമയം പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നതോടെ മുഖം രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നു പബ്ലിക് സര്വീസ് കമ്മിഷന് നടത്തിയത്. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നതായാണ് വിവരം. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്കു കൈമാറാന് പിഎസ്സി യോഗത്തില് തീരുമാനമായത്.
ആസൂത്രണ ബോര്ഡിലെ ഉയര്ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. 200ലധികം പേരായിരുന്നു പരീക്ഷയെഴുതിയത്. ഒന്നേകാല് ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന തസ്തികകളില് നിയമനം നേടിയവര് ഇടതുപക്ഷ സംഘടനാ പ്രവര്ത്തകരാണെന്ന ആരോപണമാണ് ഉയര്ന്നത്.
പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലേക്കു നടത്തിയ പരീക്ഷയിലെ 10 ചോദ്യങ്ങള്ക്കു മാര്ക്കിടാതെ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നല്കിയതാണ് വിവാദമായത്. ഉദ്യോഗാര്ഥികള് ഉത്തരക്കടലാസിന്റെ പകര്പ്പ് എടുത്തതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. ആകെയുള്ള 28 ചോദ്യങ്ങളില് 18 എണ്ണത്തിനു മാത്രമേ പിഎസ്സി മാര്ക്കിട്ടിട്ടുള്ളൂ. 53 മാര്ക്കിനുള്ള ബാക്കി 10 ചോദ്യങ്ങള് മൂല്യനിര്ണയം നടത്താന് അധ്യാപകര്ക്ക് കൈമാറിയില്ല.
Kerala
കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. യാത്രയ്ക്കായി പ്രത്യേകം തയാറാക്കിയ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വേടന്റെ ആവശ്യം. ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഇതേ തുടർന്ന് പ്രത്യേകമായി തയാറാക്കിയ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നല്കി. കേസ് വിവരങ്ങൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്ദേശം.
രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും കോടതി നിര്ദേശിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കേരള സര്വകലാശാല സിന്ഡിക്കേറ്റ് അംഗമായ ആര്.എസ്. ശശികുമാറിന്റെ ഹര്ജിയിലാണ് നടപടി.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്ന പരാതിയില് ആണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയയ്ക്കാൻ തഹസില്ദാർ ആവശ്യപ്പെട്ടു.
1977ല് എ.കെ. ആന്റണി സർക്കാരാണ് എകെജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല് ഈ ഭൂമിയില് പാര്ട്ടി ഓഫിസ് പണിതുവെന്നും അനുവദിച്ചതില് കൂടുതല് ഭൂമി കൈയേറിയെന്നടക്കമുള്ള പരാതികള് ഉയർന്നതോടെ വിവാദമായിരുന്നു.
Kerala
കൊച്ചി: 2019-21 സീസണിൽ ഹലാൽ മുദ്രയുള്ള പായ്ക്കറ്റിൽ കൊണ്ടുവന്ന ശർക്കര ഉപയോഗിച്ചു ശബരിമലയിൽ അരവണ, അപ്പം എന്നിവ നിർമിച്ച കാര്യത്തിൽ ആചാരലംഘനം സംബന്ധിച്ച ആശങ്ക ഒഴിവാക്കാൻ ദേവസ്വം ബോർഡ് ജാഗ്രത കാട്ടേണ്ടിയിരുന്നെന്ന് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി എസ്.ജെ.ആർ. കുമാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റീസുമാരായ വി. രാജവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
ക്ഷേത്രാചാരങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഭാവിയിൽ ഇ ടെൻഡർ രേഖകളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
Kerala
കൊച്ചി: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള് നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി.
കഴിഞ്ഞ ഒക്ടോബര് 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്ക്ക് അനുമതി നല്കുന്നതിനു മുന്നോടിയായി പരിശോധന നടത്താന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതു പൂര്ത്തിയാക്കിയതിന്റെ റിപ്പോര്ട്ട് സമര്പ്പിക്കാനാണു നിര്ദേശം. സര്വേ റിപ്പോര്ട്ട് കിട്ടിയതിനുശേഷമേ നിര്മാണം പുനരാരംഭിക്കാന് അനുവദിക്കുന്നതില് തീരുമാനമെടുക്കാനാകൂവെന്ന് ചീഫ് ജസ്റ്റീസ് സൗമന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നേര്യമംഗലം-വാളറ മേഖല സംരക്ഷിതവനമാണെന്നും നിര്മാണം വിലക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എന്. ജയചന്ദ്രന് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം 14ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: കുട്ടികളുടെ അന്തസിനും അവകാശങ്ങള്ക്കും നിയമം തടസമാകുന്ന സാഹചര്യങ്ങളില് ഭരണഘടനാകോടതികള് അവർക്കു സംരക്ഷണകവചമൊരുക്കണമെന്ന് ഹൈക്കോടതി.
മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ നിയമപരമായ പ്രശ്നങ്ങളും സാഹചര്യങ്ങളുമൊന്നും രാജ്യത്തിന്റെ അമൂല്യസ്വത്തായ കുട്ടികളെ ബാധിക്കരുത്. നിയമത്തിന്റെ നൂലാമാലകള് കുട്ടിയുടെ അന്തസിനെ മുറിപ്പെടുത്തുമ്പോള് കോടതികള് അവര്ക്കു കവചമാകണമെന്ന് കുമാരനാശാന്റെ ‘പരിക്കേറ്റ കുട്ടി’ എന്ന കവിതയിലെ ‘അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്...’ എന്നുതുടങ്ങുന്ന ചില വരികള് ഉദ്ധരിച്ച് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാട്ടി.
വിവാഹിതരാകാതെ ഒരുമിച്ചുകഴിയുന്ന പങ്കാളികളുടെ മകളുടെ ജനന സര്ട്ടിഫിക്കറ്റില് പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താനുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പേരന്റ്സ് പാട്രിയ (രാജ്യത്തിന്റെ രക്ഷിതാവ്) എന്ന കോടതിയുടെ ഈ അധികാരം സംബന്ധിച്ച് കുട്ടികള് ബോധവാന്മാരാകണമെന്നും വിഷയം സ്കൂള് പാഠഭാഗത്തില് ഉള്പ്പെടുത്തുന്നത് സര്ക്കാര് ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചു.
ആദ്യ വിവാഹബന്ധം പിരിഞ്ഞശേഷം ലിവിംഗ് ഇന് റിലേഷന്ഷിപ്പില് കഴിഞ്ഞിരുന്ന പങ്കാളികള്ക്ക് കഴിഞ്ഞ ഫെബ്രുവരി നാലിനു ജനിച്ച പെണ്കുഞ്ഞിന്റെ ജനന രജിസ്റ്ററില് പിതാവിന്റെ സ്ഥാനത്ത് അമ്മയുടെ മുന് ഭര്ത്താവിന്റെ പേരാണ് അബദ്ധത്തില് രേഖപ്പെടുത്തിയത്. തിരുത്താന് കൊച്ചി നഗരസഭയെ സമീപിച്ചെങ്കിലും നിയമതടസങ്ങള് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. തുടര്ന്നാണ് പങ്കാളികള് ഹൈക്കോടതിയെ സമീപിച്ചത്.
നിലവിലെ നിയമപ്രകാരം ഡിഎന്എ പരിശോധനയിലൂടെ വേണം പിതൃത്വം തെളിയിക്കാന്. സ്വന്തം മാതാപിതാക്കളെ തെളിയിക്കാന് ഡിഎന്എ പരിശോധനയ്ക്കു വിധേയമാകേണ്ടിവരുന്നത് കുട്ടിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനന മരണ രജിസ്ട്രേഷന് നിയമം കാലോചിതമായ പരിഷ്കരിക്കുന്നതു സംബന്ധിച്ച് സര്ക്കാരുകള് ഗൗരവമായി ചിന്തിക്കണമെന്ന് കോടതി നിര്ദേശിച്ചു.
രക്ഷാകര്തൃ തര്ക്കമില്ലെങ്കില് ഡിഎന്എ പരിശോധന ഒഴിവാക്കുന്നതും പരിഗണിക്കണം. തുടര്ന്ന് പിതാവിന്റെ പേര് തിരുത്തി ഒരു മാസത്തിനകം കുട്ടിക്ക് പുതിയ ജനന സര്ട്ടിഫിക്കറ്റ് നല്കാന് കൊച്ചി നഗരസഭാ രജിസ്ട്രാര്ക്ക് കോടതി നിര്ദേശവും നല്കി.
Kerala
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില് വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ നിയമിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചു. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം പുലർച്ചെ ഒന്നോടെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം.
Kerala
കൊച്ചി: ഡിജിറ്റല് റീസര്വേയുമായി ബന്ധപ്പെട്ടു കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ഉപകരണങ്ങള് വാങ്ങിയതിലടക്കം നടന്ന ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിനു വിദഗ്ധ സമിതിയെ നിയോഗിക്കാന് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
ഇതുസംബന്ധിച്ച വിജിലന്സ് ഡയറക്ടറുടെ ശിപാര്ശയില് തീരുമാനമെടുത്ത് കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കാനും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് സര്ക്കാരിനോട് നിര്ദേശിച്ചു.
കോണ്ഗ്രസ് നേതാവ് ഷാജി ജെ. കോടങ്കണ്ടത്ത് നല്കിയ ഹര്ജിയിലാണു നിര്ദേശം.
Kerala
കൊച്ചി: വഖഫ് ആക്ടിലെ വകുപ്പ് 14(6) പ്രകാരം ബോര്ഡ് പുനഃസംഘടിപ്പിക്കാന് നടപടി തുടങ്ങിയതായി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
ഷിയ, സുന്നി, ബോറ, അഗഖാനി തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളെയും ബോര്ഡില് ഉള്പ്പെടുത്തുന്നതിനു മുന്നോടിയായി എണ്ണം ശേഖരിക്കലടക്കം നടപടികള് പൂര്ത്തിയാക്കാന് രണ്ടാഴ്ചകൂടി സര്ക്കാര് സമയം തേടിയതിനെത്തുടര്ന്ന് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അതിന് അനുമതി നല്കി. തുടര്ന്ന് ഹര്ജി വീണ്ടും പത്തിന് പരിഗണിക്കാന് മാറ്റി.
വഖഫ് ബോര്ഡില് മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ വിഭാഗത്തില് നിന്നടക്കം മുസ്ലിംകളിലെതന്നെ ചില വിഭാഗത്തില്പ്പെട്ടവരെ അംഗങ്ങളെയും ഉള്പ്പെടുത്താത്തതു ചോദ്യം ചെയ്ത് അസംബ്ലി ഓഫ് ക്രിസ്ത്യന് ട്രസ്റ്റ് സര്വീസസ് (ആക്ട്സ്) അടക്കം നല്കിയ ഹര്ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് കൂടുതല് സമയം ആവശ്യപ്പെട്ട് റവന്യു അഡീ. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നല്കിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു. കോടതി നിര്ദേശപ്രകാരം നടപടികള് എത്രയും വേഗം പൂര്ത്തിയാക്കാനും പുനഃസംഘടന നടപ്പിലാക്കാനും വഖഫ് ബോര്ഡില്നിന്നുള്ള ആവശ്യമായ റിപ്പോര്ട്ടുകളും രേഖകളും ലഭ്യമാക്കിയിട്ടുള്ളതായി സത്യവാങ്മൂലത്തില് പറയുന്നു.
ഷിയ, സുന്നി, ബോറ, അഗഖാനി, മറ്റു പിന്നാക്ക വിഭാഗം വഖഫുകളുടെ എണ്ണമടക്കം ബോര്ഡിന്റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തില് നിര്ണയിച്ച് എത്രയും വേഗം സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കാന് വഖഫ് ബോര്ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്ക്കു നിര്ദേശം നല്കിയിട്ടുണ്ട്. വഖഫ് ആക്ടിലെ 14ാം വകുപ്പ് പ്രകാരം ബോര്ഡ് പുനഃസംഘടിപ്പിക്കാന് സര്ക്കാര് തയാറാണ്.
കണക്കെടുപ്പ് പോലുള്ള നടപടികള് പൂര്ത്തിയാക്കാന് കൂടുതല് സമയം ആവശ്യമായതിനാല് രണ്ടാഴ്ചകൂടി അനുവദിക്കണമെന്നാണ് സത്യവാങ്മൂലത്തില് പറയുന്നത്. വഖഫ് ബോര്ഡില് മുസ്ലിം ഇതര അംഗങ്ങളെ ഉള്പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധിക്കുശേഷം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞതവണ സമര്പ്പിച്ച സത്യവാങ്മൂലത്തില് ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ സത്യവാങ്മൂലത്തില് ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് ഹര്ജിക്കാര് ചൂണ്ടിക്കാട്ടി.
Kerala
കൊടുങ്ങല്ലൂർ: അവനെയൊക്കെ മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണം എന്നു കേട്ടിട്ടില്ലേ? എന്താണ് ഈ മുക്കാലിയെന്നറിയണമെങ്കിൽ കാണൂ, ഇതാണ് പണ്ട് തെറ്റുകൾ ചെയ്താൽ കെട്ടിയിട്ട് അടിച്ചിരുന്ന ആ ചരിത്രപ്രസിദ്ധമായ ‘മുക്കാലി’.
പതിറ്റാണ്ടുകളായി കൊടുങ്ങല്ലൂർ കോടതി സമുച്ചയത്തിലെ മുൻസിഫ് കോടതി വരാന്തയിൽ തലയുയർത്തി നിൽക്കുന്ന ഈ മുക്കാലി ഇനി ചരിത്രത്തിന്റെ ഭാഗമാകാൻ ഹൈക്കോടതി മ്യൂസിയത്തിലേക്കു യാത്രയാകുകയാണ്.
രാജഭരണകാലത്ത് കുറ്റവാളികളെ ഇതിൽ കെട്ടിയിട്ടു ശിക്ഷിച്ചിരുന്നു. പിന്നീട് ആ ശിക്ഷാരീതികൾ അവസാനിച്ചെങ്കിലും ഈ മുക്കാലി മാത്രം വരാന്തയിലെ സ്ഥാനം വിട്ടുമാറിയില്ല.
കാലം മാറി, കോടതി സമുച്ചയങ്ങൾ പുതുക്കിപ്പണിതിട്ടും മാറ്റമില്ലാതെനിന്ന ഈ അപൂർവ ചരിത്രശേഷിപ്പ്, ഹൈക്കോടതി ഒരുക്കുന്ന പുരാവസ്തു പ്രദർശനത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്. പ്രദർശനത്തിൽ കൗതുകക്കാഴ്ചയാകാനാണ് മുക്കാലി യാത്രയാകുന്നത്. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് കൊടുങ്ങല്ലൂർ കോടതിക്കു ലഭിച്ചുകഴിഞ്ഞു.
Kerala
കൊച്ചി: സ്റ്റാര് പദവി പുതുക്കാന് അപേക്ഷ നല്കി കാത്തിരിക്കുന്ന ബാര് ഹോട്ടലുകള്ക്ക് അത് അനുവദിക്കുന്നത് താത്കാലിക ക്രമീകരണം എന്നനിലയില് മാത്രമാണെന്നു സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
രേഖകള് കൃത്യമായി പരിശോധിച്ചശേഷം മാത്രമാണ് ലൈസന്സ് പുതുക്കുന്നത്. അതേസമയം, സ്റ്റാര് പദവിയുടെ കാര്യത്തില് ഇളവ് വരുത്തുകയോ പുതിയ ഹോട്ടലുകള്ക്ക് ബാര് ലൈസന്സ് നല്കുകയോ ചെയ്തിട്ടില്ലെന്നും നികുതി അഡീ. സെക്രട്ടറി സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നു.
കേരള മദ്യനിരോധന സമിതി നല്കിയ പൊതുതാത്പര്യ ഹര്ജിയിലാണു വിശദീകരണം. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അപ്രൂവല് ആന്ഡ് ക്ലാസിഫിക്കേഷന് കമ്മിറ്റി നടത്തുന്ന പരിശോധന വൈകുന്നതാണ് നിലവില് അപേക്ഷ നല്കി കാത്തിരിക്കാന് ഇടയാക്കുന്നത്. ഇതിന് ഹോട്ടലുടമകള് ഉത്തരവാദികളല്ല.
ലൈസന്സ് പുതുക്കി നല്കാതിരുന്നാല് സംസ്ഥാനത്തെ ടൂറിസം മേഖലയെയും സാമ്പത്തിക രംഗത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കും.
കേന്ദ്ര ടൂറിസം മന്ത്രാലയം തന്നെ ബാര് ലൈസന്സ് അനുവദിക്കുന്നതിന് സ്റ്റാര് പദവി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ശിപാര്ശ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില് പറയുന്നു.
Kerala
കൊച്ചി: സംസ്ഥാനത്തു പിന്നാക്ക വിഭാഗക്കാരുടെ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായ സര്വേനടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള് വിശദീകരിച്ചു നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്പ്പിക്കണമെന്നു ഹൈക്കോടതി.
സാമൂഹിക സാമ്പത്തിക ജാതി സര്വേ സംബന്ധിച്ചാണു പിന്നാക്ക വിഭാഗ വികസന സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് സൗമന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശം നല്കിയത്.
മൈനോറിറ്റി ഇന്ത്യന്സ് പ്ലാനിംഗ് ആന്ഡ് വിജിലന്സ് കമ്മിഷന് ട്രസ്റ്റ് സമര്പ്പിച്ച കോടതിലക്ഷ്യ ഹര്ജിയിലാണ് ഉത്തരവ്. പിന്നാക്ക വിഭാഗ വികസന ഡയറക്ടര് ഡി.രഞ്ജിത് കോടതിയില് നേരിട്ടു ഹാജരായി.
ജാതിസര്വേ നടത്തുന്നതിനോ പിന്നാക്കവിഭാഗ പട്ടിക പുതുക്കുന്നതിനോ ഡയറക്ടര് ക്കു സ്വതന്ത്രമായ അധികാരമില്ലെന്നും വകുപ്പ് സെക്രട്ടറിയും സര്ക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി സത്യവാങ്മൂലവും ഫയല് ചെയ്തു. ഇതേത്തുടര്ന്ന് വകുപ്പ് സെക്രട്ടറിയെ കക്ഷി ചേര്ത്താണു സത്യവാങ്മൂലം ഫയല് ചെയ്യാന് കോടതി നിര്ദേശിച്ചത്.
തെലുങ്കാന സര്ക്കാര് വീടുവീടാന്തരം നടത്തുന്ന സമഗ്ര ജാതി സര്വേക്കായി പുറപ്പെടുവിച്ച ഉത്തരവ് അഡീഷണല് അഡ്വക്കറ്റ് ജനറല് പരിശോധിക്കണമെന്നും കേരളത്തിലും സമാനമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടോയെന്നതു പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചു. തുടര്ന്ന് ഹര്ജി വീണ്ടും നവംബര് അഞ്ചിനു പരിഗണിക്കാന് മാറ്റി.
Kerala
കൊച്ചി: സംസ്ഥാനത്തെ പൊലിസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സര്ക്കാര് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങള്ക്കും വിരുദ്ധമായി അവയുടെ ഘടനയില് ഇടപെടാന് സര്ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിരീക്ഷിച്ചു.
കേരള പൊലിസ് അസോസിയേഷന്, കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്, കേരള സീനിയര് പൊലിസ് അസോസിയേഷന് എന്നീ സംഘടനകള് വെട്ടിച്ചുരുക്കി രണ്ടു സംഘടനകളാക്കി ആയിരുന്നു ആഭ്യന്തര വകുപ്പിന്റെ പുനഃസംഘടന.
ഈ നടപടിക്കെതിരെ അസോസിയേഷനുകള് സമര്പ്പിച്ച രണ്ടു റിട്ട് ഹര്ജികള് പരിഗണിച്ചാണ് കോടതി സര്ക്കാര് ഉത്തരവ് റദ്ദാക്കിയത്. അസോസിയേഷനുകളുടെ പുനഃസംഘടനയ്ക്കു പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റികളുടെ പ്രവര്ത്തനവും കോടതി റദ്ദാക്കി.
1966ലെ പൊലിസ് ചട്ടങ്ങള് പ്രകാരം അസോസിയേഷനുകള്ക്ക് അംഗീകാരം നല്കാനോ റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന പൊലിസ് മേധാവിക്കാണ്. അസോസിയേഷന്റെ രേഖകള്, ബാങ്ക് ഫണ്ട്, ആസ്തി ബാധ്യതകള് എന്നിവ രണ്ട് സംഘടനകള്ക്കായി വീതിച്ചു നല്കാനുള്ള ഉത്തരവിലെ നിര്ദേശം നിയമവിരുദ്ധവും ബൈലോകള്ക്ക് വിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി.
ജൂലൈ 27ന് ആയിരുന്നു പൊലിസ് സംഘടനകളെ വെട്ടിച്ചുരുക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. യാതൊരു കൂടിയാലോചനകളും നടത്താതെയാണ് സര്ക്കാര് ഏകപക്ഷീയമായി തീരുമാനമെടുത്തതെന്ന വാദമാണ് ഹര്ജിക്കാര് ഉയര്ത്തിയത്.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് ഇഡി നല്കിയ കത്തില് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര് രജിസ്റ്റർ ചെയ്ത് കേസെടുക്കാമെന്ന് സര്ക്കാര് ഹൈക്കോടതിയില്. ഒരു ഡയറി മാത്രമാണ് ഇഡി നല്കിയത്. ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസെടുക്കാന് ആവശ്യമുള്ള രേഖകള് നല്കിയിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം. കേസിലെ കണ്ടെത്തലുകളും മൊഴി പകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
സര്ക്കാര് ആവശ്യപ്പെട്ടാല് മൊഴി പകര്പ്പകളും നല്കാമെന്ന് ഇഡി വ്യക്തമാക്കി. പ്രാഥമിക പരിശോധന നടത്തി അഴിമതി നിരോധന പ്രകാരം കേസ് നിലനില്ക്കുമെന്ന് മനസിലായതിനാലാണ് വിവരങ്ങള് സംസ്ഥാന പൊലിസിന് കൈമാറിയത്. അതില് ഇനിയും പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി വ്യക്തമാക്കി.
ഹര്ജി കോടതി ഉത്തരവ് പറയാനായി മാറ്റി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് സംസ്ഥാന സര്ക്കാരിന് നല്കിയ കത്തില് കേസെടുക്കണമെന്ന് ഹൈക്കോടതിയില് ആവര്ത്തിച്ച് ഇഡി. സര്ക്കാരിന് നല്കിയ കത്തും കേസിലെ കണ്ടെത്തലുകളും മൊഴിപകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് ഇടാതെ പ്രാഥമിക അന്വേഷണമാണ് സര്ക്കാര് നടത്തുന്നത്. എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസില് ആവശ്യമെങ്കില് മൊഴിപകര്പ്പുകള് അന്വേഷണസംഘത്തിന് കൈമാറാമെന്നും ഇഡി കോടതിയില് വ്യക്തമാക്കി.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാട് ആണോ ഈ വിഷയത്തില് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. ഹര്ജിയില് വാദം തുടരുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
കൊച്ചി: ജീവന്രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കാന്, പേറ്റന്റ് നേടിയ മരുന്നുകമ്പനികളുടെ കാര്യത്തിലും കേന്ദ്രസര്ക്കാരിന് ഇടപെടാമെന്നു ഹൈക്കോടതി.
ഇത്തരം സാഹചര്യത്തില് പേറ്റന്റും ബന്ധപ്പെട്ട കണ്ടുപിടിത്തവും സര്ക്കാരിന് ഏറ്റെടുക്കാനും നേരിട്ടോ മറ്റ് ഏജന്സികള് മുഖേനയോ മരുന്നു നിര്മിച്ചു ലാഭേച്ഛയില്ലാതെ രോഗികള്ക്കു ലഭ്യമാക്കാനും പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് അധികാരം നല്കുന്നുണ്ടെന്ന് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന് വ്യക്തമാക്കി.
ജീവന്രക്ഷാ മരുന്നുകളുടെ അമിതവില ശ്രദ്ധയില്പ്പെട്ടാല് ഇത്തരം നടപടികള് സ്വീകരിക്കുന്ന കാര്യം കേന്ദ്രസര്ക്കാര് പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചു. സ്തനാര്ബുദ ചികിത്സയ്ക്കുള്ള റിബോസിക്ലിബ് മരുന്നിന്റെ അമിതവില ചോദ്യം ചെയ്ത്, രോഗബാധിതയായിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ നല്കിയ ഹര്ജിയിലെ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് നിലനില്ക്കേ ഹര്ജിക്കാരി മരിച്ചിരുന്നു. പൊതുതാത്പര്യമുള്ള വിഷയമായതിനാല് അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി കേസിലെ നടപടികള് തുടരുകയായിരുന്നു. ഭരണഘടനയുടെ 21, 47 അനുഛേദങ്ങള് പ്രകാരം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും സര്ക്കാരിന് ബാധ്യതയുണ്ടെന്നും സാമ്പത്തികത്തിന്റെ പേരില് ആര്ക്കും ചികിത്സ നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അവശ്യമരുന്നുകള് വാങ്ങാന് കഴിയാത്ത സാമ്പത്തികശേഷി കുറഞ്ഞവരുടെ വിവരങ്ങള് ആശുപത്രികളില്നിന്നു സര്ക്കാര് ശേഖരിച്ച് പേറ്റന്റ് നിയമത്തിലെ പ്രത്യേക അധികാരങ്ങള് ഇവര്ക്കുവേണ്ടി ഉപയോഗപ്പെടുത്തണം.
സ്തനാര്ബുദ ചികിത്സയില് താരതമ്യേന വില കുറഞ്ഞ പാല്ബോസിക്ലിബ് മരുന്ന് റിബോസിക്ലിബിനു പകരമായി ഉപയോഗിക്കാമെന്ന വാദം രണ്ടും വ്യത്യസ്ത ഘട്ടങ്ങളിലെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണെന്ന വിദഗ്ധ സമിതി റിപ്പോര്ട്ട് പരിഗണിച്ച് കോടതി തള്ളി.
"സുകൃതം' സിനിമ ഉദ്ധരിച്ച് കോടതി
ചികിത്സയ്ക്കായി കാന്സര് രോഗികളും അവരുടെ കുടുംബവും ജീവിതം മുഴുവന് പണയപ്പെടുത്തേണ്ടിവരുന്നതും കടബാധ്യതകളില് മുങ്ങിപ്പോകുന്നതും സംബന്ധിച്ച് എംടി രചിച്ച്, ഹരികുമാര് സംവിധാനം ചെയ്ത "സുകൃതം' സിനിമയില് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ആത്മഗതം നടത്തുന്ന ഭാഗം കോടതി വിധിയില് ഉദ്ധരിച്ചിട്ടുണ്ട്. സിനിമയിറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ ദുരിതത്തിന് മാറ്റമില്ലാത്തത് ദൗര്ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: പോക്സോ കേസുകളുടെ വിചാരണയ്ക്ക് എത്ര കോടതികള് കൂടുതല് വേണ്ടിവരുമെന്നത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്പ്പിക്കാന് സര്ക്കാരിന് ഹൈക്കോടതി നിര്ദേശം.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് ബാര് അസോസിയേഷന് നല്കിയ പൊതുതാത്പര്യ ഹര്ജി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പോക്സോ ആക്ട് പ്രകാരമുള്ള മാര്ഗനിര്ദേശങ്ങള് പാലിക്കാതെയാണു നിലവിലെ പോക്സോ കോടതികളുടെ പ്രവര്ത്തനമെന്നും ആവശ്യമായ അടിയന്തര സൗകര്യം പോക്സോ കോടതികള്ക്ക് ഉറപ്പു വരുത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
പോക്സോ കോടതികളിലേക്ക് പ്രത്യേകം പബ്ലിക് പ്രോസിക്യൂട്ടര്മാരെ നിയമിക്കുന്നതില് സര്ക്കാര് വീഴ്ച കാട്ടുന്നതായി ഹര്ജിക്കാര് ചൂണ്ടിക്കാട്ടി.
പബ്ലിക് പ്രോസിക്യൂട്ടര്മാര്ക്കു മതിയായ പരിശീലനം നല്കേണ്ടതടക്കം വിഷയത്തില് വിശദീകരണത്തിന് പ്രോസിക്യൂഷന് ഡയറക്ടര് ജനറല് സമയം തേടി.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തര്ക്കങ്ങള് തീര്ക്കാന് മാത്രം പ്രത്യേക കോടതിയുടെ ആവശ്യം വന്നിരിക്കുകയാണെന്ന് ഹൈക്കോടതി.
പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങള്ക്കിടെ സിനിമക്കാരുടെ തര്ക്കം തീര്ക്കാന് കോടതികള്ക്കു സമയം കണ്ടെത്തേണ്ടിവരുന്നുവെന്നും ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് വാക്കാല് പറഞ്ഞു.
നടി അന്സിബയുടെ പരാതിയില് ഹില്പാലസ് പൊലിസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടി ലക്ഷ്മിപ്രിയയും ഭര്ത്താവും ഫയല് ചെയ്ത ഹര്ജി പരിഗണിക്കവെയാണു പരാമര്ശം.
Kerala
കൊച്ചി: ചെക്ക് കേസില് മൂന്നര വര്ഷത്തെ തടവുശിക്ഷ ലഭിച്ച മാണി സി. കാപ്പന് എംഎല്എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെടുന്ന ഹര്ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന് മാറ്റി.
ശിക്ഷ ഒരുമിച്ച് അനുഭവിക്കാന് കോടതി നിര്ദേശിച്ചിട്ടില്ലാത്തതിനാല് നാല് ചെക്കുകേസുകളിലായി മൂന്നര വര്ഷം തടവിനു ശിക്ഷിച്ച സാഹചര്യത്തില് ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്നുമാവശ്യപ്പെട്ടു പരാതിക്കാരനായ ദിനേഷ് മേനോന് നല്കിയ ഹര്ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് മാറ്റിയത്.
ഹര്ജി നിയമപരമായി നിലനില്ക്കില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി മാണി സി. കാപ്പന് എതിര് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഇഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മുന് മുഖ്യമന്ത്രി പിണറായി വിജയനെതിരേയടക്കം എഫ്ഐആര് ഇട്ട് അന്വേഷണം വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച നിയമപ്രശ്നം ഹൈക്കോടതി വിശദ വാദത്തിലൂടെ പരിശോധിക്കും.
എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം വേണമെന്ന് ഇഡിയും എങ്ങനെ വേണമെന്നതു സര്ക്കാരിന്റെ വിവേചനാധികാരമാണെന്ന് അഡ്വക്കറ്റ് ജനറലും വാദിച്ച സാഹചര്യത്തിലാണു നിയമപ്രശ്നം പരിശോധനാവിധേയമാക്കുന്നത്.
ഇതിന്റെ ഭാഗമായി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു കൈമാറിയ റിപ്പോര്ട്ടിന്റെ പകര്പ്പ് മുദ്രവച്ച കവറില് ഹാജരാക്കാന് ഇഡിക്കു നിര്ദേശം നല്കിയ ജസ്റ്റീസ് എ. ബദറുദ്ദീന് നിയമപ്രശ്നത്തില് വിശദ വാദം കേള്ക്കാനായി ഹര്ജി 29ലേക്കു മാറ്റി.
ഇഡി റിപ്പോര്ട്ടിലെ നിര്ദേശപ്രകാരം പിണറായി വിജയന്, മകള് ടി.വീണ, മരുമകനും മുന് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരേ അഴിമതിതടയല് നിയമപ്രകാരം (പിഎംഎല്എ) എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തതു ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാനാണ് ഹര്ജി നല്കിയിരിക്കുന്നത്.
എസ്എഫ്ഐഒ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇഡി നടത്തിയ അന്വേഷണത്തില് അഴിമതി തടയല് നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകളുണ്ടെന്നും പിഎംഎല്എയിലെ 66(2) വകുപ്പ് പ്രകാരം സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നിര്ബന്ധമായും എഫ്ഐആര് രജിസ്റ്റര് ചെയ്യേണ്ടതുണ്ടെന്ന നിലപാടാണു കോടതിയില് ഇഡി സ്വീകരിച്ചത്.
2025ല്ത്തന്നെ ഇക്കാര്യത്തില് പൊലിസിന് കത്ത് നല്കിയിരുന്നു. ഇപ്പോള് വീണ്ടും കത്ത് നല്കുകയാണു ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് സര്ക്കാരിനു ബാധ്യതയുണ്ടെന്നും 2025ലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇഡി വാദിച്ചു.
എന്നാല്, ഇക്കാര്യത്തില് തീരുമാനമെടുക്കാന് സര്ക്കാരിനു വിവേചനാധികാരമുണ്ടെന്നും ഹര്ജി നിലനില്ക്കില്ലെന്നും പൊതുതാത്പര്യ ഹർജിയായി വേണം സമര്പ്പിക്കാനെന്നും അഡ്വക്കറ്റ് ജനറല് വാദിച്ചു. അല്ലാത്തപക്ഷം ഇഡിയാണ് ഇക്കാര്യത്തില് കോടതിയെ സമീപിക്കേണ്ടത്.
ഇഡി റിപ്പോര്ട്ടിന്റെയും അതിന്മേലുള്ള നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് തീരുമാനമെടുത്തതെന്നും എജി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്നല്ലേ സുപ്രീം കോടതി ഉത്തരവുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
Kerala
കൊച്ചി: മരണപ്പാച്ചില് നടത്തുന്ന സ്വകാര്യബസുകള്ക്കും നടപടിയെടുക്കാത്ത അധികൃതര്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം.
പൊലിസിനെയും കോടതിയെയും നിയമത്തെയും ഭയക്കാതെ നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന നിലയിലാണു സ്വകാര്യ ബസുകളെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്ശിച്ചു.
സമയം പാലിക്കണം എന്നതിന്റെ പേരില് നിയമലംഘനം നടത്തുകയാണ്. നടപടിയെടുക്കേണ്ട അധികൃതര് ഉറക്കത്തിലാണോ? ട്രാഫിക് പൊലിസിന്റെ പരാജയമാണിത്. കഴിഞ്ഞതവണ കോടതി ശക്തമായി നിര്ദേശം നല്കിയതിനു ശേഷവും ഇത്തരം സംഭവങ്ങള് ആവര്ത്തിക്കുകയാണ്.
ബസുകള്ക്കെതിരേ നടപടിയെടുത്താല് സമരം ചെയ്യുമെന്ന വെല്ലുവിളി അനുവദിക്കാനാകില്ല. 11, 12 ക്ലാസുകളില് ട്രാഫിക് നിയമങ്ങള് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകള് മരണപ്പാച്ചില് നടത്തി അപകടമുണ്ടാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള് കോടതിയില് പ്രദര്ശിപ്പിച്ചാണ് കോടതി വിമര്ശനമുന്നയിച്ചത്.
Kerala
കൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്ര നിര്ദേശങ്ങളുമായി ഹൈക്കോടതി. റോഡ് സുരക്ഷയുടെ പേരില് സ്വമേധയാ കേസ് രജിസ്റ്റര് ചെയ്യണമെന്ന നിര്ദേശം ചീഫ് ജസ്റ്റീസിന് സമര്പ്പിച്ചതടക്കം നിര്ദേശങ്ങളാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മുന്നോട്ടുവച്ചത്.
സംസ്ഥാനത്ത് റോഡപകടങ്ങളും ജീവഹാനിയും വര്ധിക്കുന്ന സാഹചര്യത്തിലാണു നടപടി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്ദേശങ്ങള് ഏകോപിപ്പിക്കാനുള്ള നോഡല് അഥോറിറ്റിയായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കോടതി ഉത്തരവുകള് നടപ്പിലാക്കിയതിന്റെ ആദ്യ സമഗ്ര റിപ്പോര്ട്ട് 75 ദിവസത്തിനകം സമര്പ്പിക്കാനും നിര്ദേശിച്ചു.
കോടതിയുടെ പ്രധാന നിർദേശങ്ങൾ
പരാതികൾക്ക് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം: തകർന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാനും സമയബന്ധിതമായി പരിഹരിക്കാനും ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കണം. റോഡ് തകരാറുകൾ, കുഴികൾ, അപകടസാധ്യതാ മേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) എന്നിവ നിരീക്ഷിക്കാൻ ആറു മാസത്തിനകം ‘ജിഐഎസ്’ അധിഷ്ഠിത ഇന്റഗ്രേറ്റഡ് റോഡ് സേഫ്റ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കണം.
സ്വകാര്യ ബസുകളുടെ സമയക്രമം: അമിതവേഗവും മത്സരയോട്ടവും തടയാൻ 60 ദിവസത്തിനകം ജിപിഎസ് അധിഷ്ഠിത പഠനം നടത്തി ഓട്ടസമയം ശാസ്ത്രീയമായി പുനർനിർണയിക്കണം.
ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ഉത്തരവാദിത്വം: പൊതുമരാമത്ത്, തദ്ദേശ റോഡുകളിൽ ഉദ്യോഗസ്ഥരുടെ പ്രതിമാസ പരിശോധന നിർബന്ധമാക്കണം. കുഴികളും തകരാറുകളും പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതത് എൻജിനിയർമാർക്ക് വ്യക്തിഗത ഉത്തരവാദിത്വമുണ്ടായിരിക്കും.
സേവന ലൈസൻസുകൾക്ക് കർശന നിയന്ത്രണം: വാട്ടർ അഥോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഏജൻസികൾ റോഡ് അഥോറിറ്റിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ റോഡുകൾ വെട്ടിപ്പൊളിക്കാൻ പാടില്ല.
ബ്ലാക്ക് സ്പോട്ടുകളിൽ സുരക്ഷ: അപകടസാധ്യതാ മേഖലകൾ കണ്ടെത്തി നാലു മാസത്തിനകം എൽഇഡി ലൈറ്റുകൾ, എഐ കാമറകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കണം.
അടിയന്തര വൈദ്യസഹായം: സംസ്ഥാന പാതകളിൽ ഓരോ 30 കിലോമീറ്ററിലും ‘ബേസിക് ലൈഫ് സപ്പോർട്ട്’ ആംബുലൻസുകൾ സജ്ജമാക്കണം.
ഡ്രൈവർ പ്രൊഫൈലിംഗ്: പൊതുവാഹന ഡ്രൈവർമാർക്കായി കേന്ദ്രീകൃത പ്രൊഫൈലിംഗ് സംവിധാനം നടപ്പാക്കണം.
ഞെട്ടിക്കുന്ന അപകടക്കണക്കുകൾ
2025 ജനുവരി മുതല് 2026 ജൂലൈ വരെ 19 മാസത്തിനിടെ 6000 വാഹനാപകട മരണങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2025 ല് 49,889 അപകടങ്ങളില് 3,733 പേര് മരിച്ചു. 56,922 പേര്ക്ക് പരിക്കേറ്റു. 2026 ജൂലൈ വരെ 2319 പേർ മരിക്കുകയും 36,116 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 2025 വരെ സംസ്ഥാനത്തു രജിസ്റ്റര് ചെയ്ത വാഹനങ്ങളുടെ എണ്ണം 1.89 കോടിയാണ്. 1000 പേര്ക്ക് 425 വാഹനങ്ങള് എന്നതാണ് അനുപാതം.
അമിതവേഗമാണ് അപകടങ്ങളുടെ മുഖ്യകാരണം. മരിച്ചവരില് 60.5 ശതമാനവും 18 നും 45 നും ഇടയില് പ്രായമുള്ളവരാണ്. നാറ്റ്പാക് തയാറാക്കിയ റോഡ് സുരക്ഷാ കര്മപദ്ധതി പ്രകാരം ദേശീയ, സംസ്ഥാന പാതകളടക്കം സംസ്ഥാനത്ത് അപകടസാധ്യതയുള്ള 2200 കിലോമീറ്റര് റോഡാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കേരള ഹൈക്കോടതി വളപ്പില് ഫോട്ടോയെടുക്കുന്നതിനും വീഡിയോ റിക്കാര്ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്ണ നിരോധനം ഏര്പ്പെടുത്തി.
അഭിഭാഷകര്, കക്ഷികള്, ഇന്റേണ്സ്, അഭിഭാഷകരുടെ ക്ലര്ക്കുമാര്, രജിസ്ട്രി ഉദ്യോഗസ്ഥര്, സര്ക്കാര് ഉദ്യോഗസ്ഥര്, മാധ്യമ പ്രവര്ത്തകര്, കരാറുകാര്, സന്ദര്ശകര് തുടങ്ങി ഹൈക്കോടതിവളപ്പില് പ്രവേശിക്കുന്നവര്ക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് രജിസ്ട്രാര് ജനറലിന്റെ ഉത്തരവില് പറയുന്നു.
കോടതി ഹാളുകള്കത്തും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫിസുകള്, സെക്ഷനുകള്, റെക്കോര്ഡ് റൂമുകള്, സെക്യൂരിറ്റി കണ്ട്രോള് റൂമുകള്, സെര്വര് റൂമുകള് എന്നിവിടങ്ങളിലും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോ, വീഡിയോ പാടില്ല. ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികള്ക്കോ ഏജന്സികള്ക്കോ മാത്രമേ എടുക്കാന് അനുവാദമുണ്ടാകൂ.
രജിസ്ട്രാര് ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല. കോടതി വളപ്പില്നിന്നെടുത്ത ഫോട്ടോയോ വീഡിയോയോ ലൈവ് സ്ട്രീമോ രജിസ്ട്രാര് ജനറലിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ ഡിജിറ്റല്, ഇലക്ട്രോണിക് മീഡിയയിലോ അപ്ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാര് ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികള് മാധ്യമങ്ങള്ക്ക് കവര് ചെയ്യാനാകൂ.
കോടതിനടപടികളുടെ ഫോട്ടോയെടുക്കാനും വീഡിയോ റിക്കാര്ഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റീസിന്റെ അനുമതി വേണം. ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാള്, ആട്രിയം തുടങ്ങി സ്ഥലങ്ങളില് പരിപാടികള് നടത്തുമ്പോഴാണ് അനുമതിയോടെ ഫോട്ടോയെടുക്കാനും മറ്റും സാധ്യമാകുക. അനധികൃത ഫോട്ടോയെടുപ്പ് തടയാന് രജിസ്ട്രി ഉദ്യോഗസ്ഥര്ക്കും സെക്യൂരിറ്റി വിഭാഗത്തിനും അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില് പറയുന്നു.
Kerala
കൊച്ചി: വിചാരണപോലും തടസപ്പെടുത്തുന്ന സ്ഥിതിവിശേഷമുള്ളതിനാല് അഴിമതി തടയല് നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുന്നതായി ഹൈക്കോടതി. അഴിമതി തടയല് നിയമപ്രകാരം കോടതി ശിക്ഷിച്ചാലും അപ്പീലിലൂടെ ജാമ്യം നേടിയശേഷം വാദം കേള്ക്കാതെ വര്ഷങ്ങളോളം കേസ് നിശ്ചലമാകും. പിന്നീട് പ്രതി മരിക്കുന്നതോടെ കേസും തീരും. ഹൈക്കോടതി രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് വ്യക്തമാക്കി.
അനധികൃത സ്വത്തുസമ്പാദനക്കേസില് മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരായ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില് വാദം കേള്ക്കുമ്പോഴാണ് കോടതിയുടെ വാക്കാല് നിരീക്ഷണമുണ്ടായത്.
പരിതാപകരമായ ഈ സാഹചര്യം മൂലം നിയമത്തിന്റെ യഥാര്ഥ ലക്ഷ്യമാണ് ഇല്ലാതാകുന്നതെന്നും അഴിമതി തടയല് നിയമം കര്ശനമായി നടപ്പാക്കിയാലേ ജനങ്ങള്ക്കു വിശ്വാസമുണ്ടാകൂവെന്നും കോടതി പറഞ്ഞു. തുടര്ന്ന് ഇടക്കാല ജാമ്യം സംബന്ധിച്ച ആവശ്യത്തില് ഉത്തരവിനായി ഹര്ജി മാറ്റി.
അനധികൃത സ്വത്തുസമ്പാദന കേസില് കോട്ടയം വിജിലന്സ് കോടതി തച്ചങ്കരിയെ നാലുവര്ഷം തടവിനും 30 ലക്ഷത്തോളം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചത്. തെറ്റായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും വസ്തുതകള് വേണ്ട വിധം പരിഗണിക്കാതെയുമാണ് വിജിലന്സ് കോടതി ശിക്ഷിച്ചതെന്നാണു ഹര്ജിക്കാരന്റെ വാദം. എന്നാല് ശിക്ഷ മരവിപ്പിക്കുന്നതിനെ സര്ക്കാര് ശക്തമായി എതിര്ത്തു. ശിക്ഷ മരവിപ്പിക്കുന്നത് സ്വാഭാവിക നടപടിയല്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.
Kerala
കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേടില് വിജിലന്സ് പ്രതി ചേര്ത്തിരുന്ന ദേവസ്വം ഉദ്യോഗസ്ഥരടക്കം 42 പേര്ക്കെതിരായ ക്രിമിനല് നടപടി ഒഴിവാക്കാന് ഹൈക്കോടതിയുടെ അനുമതി.
ക്രമക്കേടില് വ്യക്തിപരമായി ആര്ക്കെതിരേയും ക്രിമിനല് നടപടി സ്വീകരിക്കാനാകില്ലെന്നും അതിനാല് ഉത്തരവാദിത്വം ആര്ക്കാണെന്നു കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കി വിജിലന്സ് റിപ്പോര്ട്ട് നല്കിയ സാഹചര്യത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അനുമതി.
മനഃപൂര്വം പണം തട്ടിയെടുക്കാന് ഗൂഢാലോചന നടത്തിയതിനു നിലവില് തെളിവുകളില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
നെയ്യ് സംഭരണം, വിതരണം എന്നിവയില് മേല്നോട്ടക്കുറവും ജീവനക്കാരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുമുണ്ടായതാണ് നഷ്ടമുണ്ടാകാന് കാരണമായത്. 2025 നവംബര് 17 മുതല് ഡിസംബര് 27 വരെയുള്ള മണ്ഡലകാലയളവില് ആടിയ ശിഷ്ടം നെയ്യ് വില്പനയില് 17.14 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോര്ഡിന് ഉണ്ടായതായാണു വിജിലന്സ് പ്രത്യേകസംഘം കണ്ടെത്തിയത്.
നെയ്യ് വിതരണത്തിനു നിയോഗിച്ച 39 ഉദ്യോഗസ്ഥരില് 20 പേര് 2025 നവംബറില് മാത്രം ജോലിയില് പ്രവേശിച്ചവരായിരുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികയില് ജോലിയില് പ്രവേശിച്ചവരാണ് സ്ഥാനക്കയറ്റത്തിലൂടെ പിന്നീട് മാനേജീരിയല് തസ്തികയില് പ്രവര്ത്തിക്കുന്നതെന്നും വിജിലന്സ് ചൂണ്ടിക്കാട്ടി.
റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കുറ്റാരോപിതരായ ജീവനക്കാര്ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും ദേവസ്വംബെഞ്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് അനുമതി നല്കി.
മതിയായ യോഗ്യതയും പരിശീലനവും ലഭിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തിലെങ്കിലും ഉയര്ന്ന തസ്തികകളില് നിയമിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിര്ദേശിച്ചു. തുടര്ന്ന് ഹര്ജി ഒക്ടോബര് 23ന് പരിഗണിക്കാന് മാറ്റി.
പ്രവര്ത്തനരേഖ മൂന്നാഴ്ചയ്ക്കകം സമര്പ്പിക്കാനും ദേവസ്വംബെഞ്ച് ഉത്തരവിട്ടു.
Kerala
കൊച്ചി: കശുവണ്ടി കോര്പറേഷന് അഴിമതിക്കേസില് പ്രോസിക്യൂഷന് നടപടികള്ക്ക് അനുമതി നല്കിയ സിംഗിള് ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകള് ഹൈക്കോടതി 28ന് പരിഗണിക്കാന് മാറ്റി.
കോടതിയലക്ഷ്യ ഹര്ജിയിലെ ഉത്തരവിനെത്തുടര്ന്ന് സര്ക്കാര് പ്രോസിക്യൂഷന് അനുമതി നല്കിയതു തെറ്റാണെന്ന വാദമുയര്ത്തി മുഖ്യപ്രതികളായ ആര്. ചന്ദ്രശേഖരനും കെ.എ. രതീഷുമാണ് ഡിവിഷന് ബെഞ്ചില് അപ്പീലുകള് സമര്പ്പിച്ചിട്ടുള്ളത്.
സിംഗിള് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷന് ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു.
National
ന്യൂഡൽഹി: കേരളമുൾപ്പടെ വിവിധ ഹൈക്കോടതികളിലായി 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് ശിപാർശ ചെയ്തു.
കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായ പി. കൃഷണ കുമാർ, കെ.വി. ജയകുമാർ, എസ്. മുരളീ കൃഷണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ തുടങ്ങി അഞ്ചുപേരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്തത്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽനിന്ന് അഞ്ചുപേരെയും ഉത്തരാഖണ്ഡ്, ഗോഹട്ടി ഹൈക്കോടതികളിൽനിന്ന് ഓരോരുത്തരെ വീതവും ശിപാർശ ചെയ്തിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം.
Kerala
കൊച്ചി: പാസ്പോര്ട്ടില്നിന്നു ജീവിതപങ്കാളിയുടെ പേര് നീക്കാന് വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി.
പാസ്പോര്ട്ട് ചട്ടത്തില് ഇത്തരത്തിലൊരു നിര്ദേശമില്ലെന്ന് വിലയിരുത്തിയാണ് ത്വലാഖ് വഴി വിവാഹമോചനം നേടിയ തൃശൂര് സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ ഹര്ജിയില് ജസ്റ്റീസ് മുരളി പുരുഷോത്തമന് ഉത്തരവിട്ടത്.
മുന് ഭര്ത്താവിന്റെ പേര് നീക്കാന് കോടതിയില്നിന്നുള്ള വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്പോര്ട്ട് അധികൃതരുടെ നിര്ദേശം ചോദ്യം ചെയ്തായിരുന്നു ഹര്ജി.
പങ്കാളിയുടെ പേര് നീക്കാന് കോടതി ഉത്തരവ് ആവശ്യമാണെന്നതു സംബന്ധിച്ച് 2024ല് ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്രസര്ക്കാരിന്റെ വാദം.
എന്നാൽ, പാസ്പോര്ട്ട് ചട്ടത്തില് ഇത്തരമൊരു നിര്ദേശമില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. ഹര്ജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന് പാസ്പോര്ട്ട് അഥോറിറ്റിക്കു കോടതി നിര്ദേശം നല്കി.
Kerala
കൊച്ചി: കേരള വെയര്ഹൗസിംഗ് കോര്പറേഷനില്നിന്നു വിരമിച്ചവരുടെ പരിഷ്കരിച്ച പെന്ഷന് ആനുകൂല്യങ്ങള് മുന്ഗണനാക്രമത്തില് വിതരണം ചെയ്യണമെന്ന ഉത്തരവ് അധികൃതര് മനഃപൂര്വം അവഗണിക്കാന് ശ്രമിക്കുകയാണെന്ന് ഹൈക്കോടതി.
സര്ക്കാര് അനുമതി ലഭിച്ചാല് മാത്രമേ ഉത്തരവ് നടപ്പാക്കാനാകൂവെന്നു വ്യക്തമാക്കി കോര്പറേഷന് മാനേജിംഗ് ഡയറക്ടര് തോമസ് സാമുവല് നല്കിയ സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
ഈ വിശദീകരണം വിശ്വാസത്തിലെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സത്യവാങ്മൂലം തള്ളിയത്. ഉത്തരവ് നടപ്പാക്കാത്തതില് കടുത്ത അതൃപതി രേഖപ്പെടുത്തിയ കോടതി ഒക്ടോബര് ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള് എംഡി നേരിട്ട് ഹാജരാകാനും നിര്ദേശം നല്കി.
വെയര്ഹൗസിംഗ് കോര്പറേഷന് പെന്ഷനേഴ്സ് അസോസിയേഷനടക്കം നല്കിയ കോടതിയലക്ഷ്യ ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: സംസ്ഥാന പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവും ഇതിന്റെ അടിസ്ഥാനത്തിലുള്ള എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയില്.
പിഎസ്സി അംഗങ്ങള്ക്കും ജീവനക്കാര്ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന് സര്ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്ജി.
ക്രൈംബ്രാഞ്ച് രജിസ്റ്റര് ചെയ്ത എഫ്ഐആറില് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള് വ്യക്തമാക്കിയിട്ടില്ലെന്നു ഹര്ജിയില് പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളുടെ മൂല്യനിര്ണയം നടത്താതെ പോയത് മനഃപൂര്വമല്ല.
അംഗങ്ങളടക്കമുള്ളവര്ക്കു ചോദ്യംചെയ്യലിനു ഹാജരാകാന് നോട്ടീസ് നല്കിയിട്ടുണ്ട്. ഹര്ജി തീര്പ്പാകുംവരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കുന്നതിനായി സ്വത്തുക്കള് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതില് കോടതിയലക്ഷ്യത്തിന്റെ ഭാഗമായി ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്റ്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര് മുഖേന വാറന്റ് നടപ്പാക്കാന് ജസ്റ്റീസ് എം.എ. അബ്ദുല് ഹക്കീം രജിസ്ട്രിക്കു നിര്ദേശം നല്കി.
കേസ് അടുത്ത തവണ പരിഗണിക്കുന്ന 28ന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്കാനും നിര്ദേശിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടില് ഉദ്യോഗസ്ഥനു ജാമ്യം അനുവദിക്കാമെന്നും ഉത്തരവില് പറയുന്നു.
കേരളം, തമിഴ്നാട്, കര്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ യൂണിവേഴ്സല് ട്രേഡിംഗ് സൊലൂഷന്സില് പണം നിക്ഷേപിച്ച് വഞ്ചിതരായവര് നല്കിയ ഹര്ജിയാണ് കോടതി പരിഗണിച്ചത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള് ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാന് മാര്ച്ച് മൂന്നിനു കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്, ആറു മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുകയോ റിപ്പോര്ട്ട് സമര്പ്പിക്കുകയോ ചെയ്യാത്തതിനെത്തുടര്ന്ന് ഉത്തരവ് നടപ്പാക്കാത്തപക്ഷം നേരിട്ട് ഹാജരാകാന് ബഡ്സ് ആക്ട് നടപടികളുടെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിര്ദേശം നല്കിയിരുന്നു. ഇതു പാലിക്കപ്പെടാത്ത സാഹചര്യത്തിലാണു കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: വാഹന മോഡിഫിക്കേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിമർശിച്ചു.
ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്നങ്ങളെ തുടർന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് വിമർശനം. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലെ അപകടങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
Kerala
കൊച്ചി: ഭര്ത്താവ് മരിക്കുന്നതിനുമുമ്പ് ശീതീകരിച്ചു സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഗര്ഭധാരണം നടത്താന് യുവതിക്ക് അനുമതി നല്കി ഹൈക്കോടതി.
2021 മാര്ച്ചില് ഭര്ത്താവ് മരിച്ചതിനെത്തുടര്ന്ന് വന്ധ്യതാ ചികിത്സയുടെ ഭാഗമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം കൃത്രിമ ഗര്ഭധാരണത്തിനു കൈമാറാന് വിസമ്മതിച്ച തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ നടപടി ചോദ്യം ചെയ്തു ആലപ്പുഴ ചെറിയനാട് സ്വദേശിനിയായ 43കാരി നല്കിയ ഹര്ജി പരിഗണിച്ചാണ് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന്റെ ഉത്തരവ്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷന്) ആക്ട് പ്രകാരം ഭര്ത്താവിന്റെ രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാതെ ഭ്രൂണം ഉപയോഗിക്കാന് കഴിയില്ലെന്നായിരുന്നു ആശുപത്രിയുടെ വാദം. ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുമ്പോള്, ദമ്പതികള്ക്ക് തങ്ങളുടെ മരണശേഷം അതെങ്ങനെ ഉപയോഗിക്കണമെന്നു രേഖപ്പെടുത്താന് മൂന്ന് ഓപ്ഷനുകളുണ്ട്.
ജീവിച്ചിരിക്കുന്ന പങ്കാളിക്ക് കൈമാറുക, ഗവേഷണ ആവശ്യത്തിന് ഉപയോഗിക്കുക, നശിക്കാന് അനുവദിക്കുക എന്നിവയാണ് ഓപ്ഷനുകള്. ദമ്പതികള് പൂരിപ്പിച്ചു നല്കേണ്ട നിശ്ചിത അപേക്ഷയല്ല ആശുപത്രി അധികൃതര് നല്കിയതെന്നും അവരുടെ വീഴ്ചയ്ക്കു തന്നെ ഇരയാക്കരുതെന്നും അവര് വാദിച്ചു.
ഭര്ത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരണശേഷം ഭ്രൂണം ഉപയോഗിക്കാന് അനുവദിക്കുന്നത് നിയമപരവും ധാര്മികവുമായി സങ്കീര്ണതകൾ ഉണ്ടാക്കുമെന്നതിനു പുറമെ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തര്ക്കങ്ങള്ക്കു കാരണമാകുമെന്നായിരുന്നു കേന്ദ്ര സര്ക്കാരിന്റെ വാദം.
ബീജം ഉപയോഗിക്കണമെന്നായിരുന്നു ഭര്ത്താവിന്റെ യഥാര്ഥ ഉദ്ദേശ്യമെന്നും അമ്മയാകാനുള്ള യുവതിയുടെ ആഗ്രഹത്തിന് മുന്തൂക്കം നല്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ കോടതി തുടര്ന്ന് ആവശ്യം അനുവദിക്കുകയായിരുന്നു.
Kerala
കൊച്ചി: ടിവി പരിപാടിക്കിടയിലെ പരാമർശവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണവും വധഭീഷണിയും നേരിടുന്നുവെന്ന പരാതിയിൽ ബിഗ് ടിവി സീനിയർ കോ ഓർഡിനേറ്റിംഗ് എഡിറ്റർ അപർണ കുറുപ്പിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
താമസസ്ഥലത്തും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്കു ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി. ഹർജി തീർപ്പാക്കുന്നതുവരെ സംരക്ഷണം തുടരാനാണു നിർദേശം.
മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ടിവി പരിപാടിക്കു പിന്നാലെയുള്ള സാഹചര്യം ചൂണ്ടിക്കാട്ടി അപർണ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. കോടതി ഒക്ടോബർ 26ന് കേസ് പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: തൊട്ടാല് പൊള്ളുമെന്ന് പേടിയുള്ള കേസുകള് തെക്കുവടക്ക് തട്ടിക്കളിക്കുന്നതാണു സ്ഥിതിയെന്ന് ഹൈക്കോടതി.
കേസുകള് ചിലര്ക്കെതിരേയാകുമ്പോള് തീരുമാനം വേഗത്തിലും മറ്റുചിലരുടെ കാര്യത്തില് തീരുമാനങ്ങളില്ലാത്ത രീതിയിലുമായിരിക്കും. കൈകളില് ചങ്ങലക്കെട്ടില്ലാത്തതിനാല് കോടതിക്ക് ഇത് അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് പറഞ്ഞു.
എസ്എന്ഡിപി മൈക്രോ ഫിനാന്സ് തട്ടിപ്പുകേസില് പ്രോസിക്യൂഷന് അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള് തനിക്ക് വ്യാഴാഴ്ചയാണു ലഭിച്ചതെന്ന് പിന്നാക്ക വിഭാഗ വികസന അഡീ. ചീഫ് സെക്രട്ടറി വീണ എന്. മാധവന് അറിയിച്ചതിനെത്തുടര്ന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില് 18നകം തീരുമാനമെടുക്കാന് അഡീ. ചീഫ് സെക്രട്ടറിക്കു നിര്ദേശം നല്കിയ കോടതി അതിനകം തീരുമാനമുണ്ടായില്ലെങ്കില് വിശദീകരണം നല്കാന് അന്നേദിവസം വീണ്ടും നേരിട്ടു ഹാജരാകണമെന്നും നിര്ദേശിച്ചു.
ഈമാസം പത്തിനകം പ്രോസിക്യൂഷന് അനുമതി കാര്യത്തില് തീരുമാനമെടുക്കണമെന്ന ഓഗസ്റ്റ് 14ലെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില് വെള്ളിയാഴ്ച സെക്രട്ടറി നേരിട്ടു ഹാജരാകാന് കോടതി വ്യാഴാഴ്ച നിര്ദേശിച്ചിരുന്നു.
കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില് നല്കിയ ഉപഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കോടതിനിര്ദേശം കൈമാറാന് വൈകിയത് തീരുമാനമെടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് അഡീ. ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടര്ന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില് നിയമപരമായ തീരുമാനമെടുക്കാനാണു നിര്ദേശിച്ചത്.
ഫയല് എത്തിക്കുന്ന കാര്യത്തില് സര്ക്കാര് അഭിഭാഷകനു വീഴ്ചയുണ്ടായതായും കോടതി പറഞ്ഞു. എന്നാല്, ഫയല് കൈമാറാന് വിട്ടുപോയതാണെന്നായിരുന്നു വിജിലന്സ് അഭിഭാഷകന്റെ വിശദീകരണം. തുടര്ച്ചയായി ഇത്തരം വീഴ്ചയുണ്ടാകുമ്പോള് കരുതിക്കൂട്ടിയാണെന്നേ കരുതാനാകൂവെന്ന് കോടതി വ്യക്തമാക്കി.
എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്. സോമന്, മൈക്രോഫിനാന്സ് കോ-ഓര്ഡിനേറ്റര് കെ.കെ. മഹേശന് എന്നിവര് കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള് ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടക്കുന്നത്.
Kerala
കൊച്ചി: എസ്എന്ഡിപി യോഗം മൈക്രോ ഫിനാന്സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകാന് ഹൈക്കോടതിയുടെ ഉത്തരവ്.
കേസിലെ പ്രോസിക്യൂഷന് അനുമതി തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് നേരിട്ടു വിശദീകരണം നല്കാനാണ് സെക്രട്ടറി ഇന്നു ഹാജരാകാന് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തീരുമാനമെടുക്കാന് സര്ക്കാര് രണ്ടാഴ്ചകൂടി സമയം തേടിയെങ്കിലും ഈമാസം പത്തിനകം തീരുമാനം നിര്ദേശം നല്കിയിട്ട് രണ്ടാഴ്ച പിന്നിട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഈ ആവശ്യം നിരസിച്ചു.
Kerala
കൊച്ചി: സൈന്യത്തില് ചേരുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങളില്ലാത്തയാള്ക്കു സര്വീസ് കാലയളവിനിടെയുണ്ടാകുന്ന അസുഖങ്ങള് ജോലിയുടെ ഭാഗമായുണ്ടായതായി കണക്കാക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം അതു തെളിയിക്കേണ്ട ബാധ്യത തൊഴിലുടമയായ സേനയ്ക്കാണ്.
1970ല് സൈന്യത്തില് ചേര്ന്നു 2005ല് വിരമിച്ച മലപ്പുറം സ്വദേശിയായ ലഫ്. കേണല് സണ്ണി തോമസിന് ഡിസെബിലിറ്റി പെന്ഷന് തുക നല്കാനുള്ള ആംഡ് ഫോഴ്സ് ട്രൈബ്യൂണലിന്റെ വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ കെ. നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
ജോലിയുമായി ബന്ധപ്പെട്ട കഠിനമായ സമ്മര്ദം മൂലം ഉയര്ന്ന രക്തസമ്മര്ദം ബാധിച്ചതായും ഇത് 30 ശതമാനം വൈകല്യമായി കണക്കാക്കാമെന്നും മെഡിക്കല് ബോര്ഡ് റിപ്പോര്ട്ട് നല്കിയെങ്കിലും സൈനിക സേവനവുമായി ബന്ധപ്പെട്ട അസുഖമല്ലെന്നു ചൂണ്ടിക്കാട്ടി അധികൃതര് ഡിസെബിലിറ്റി പെന്ഷന് നിഷേധിച്ചു. തുടര്ന്നു നല്കിയ ഹര്ജിയില് വൈകല്യം 50 ശതമാനമായി ഉയര്ത്തി നിശ്ചയിക്കാനും വിരമിച്ച തീയതി മുതല് കുടിശിക നല്കാനുമാണ് ട്രൈബ്യൂണല് ഉത്തരവിട്ടത്.
നാലു മാസത്തിനകം തുക നല്കണമെന്നും അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശയും ചേര്ത്തു നല്കണമെന്നും നിര്ദേശിച്ചിരുന്നു. ട്രൈബ്യൂണല് വിധിക്കെതിരേ കേന്ദ്രസര്ക്കാരും കരസേന മേധാവിയുമടക്കം നല്കിയ അപ്പീല് ഹര്ജിയാണ് ഹൈക്കോടതി പരിഗണിച്ചു തള്ളിയത്.
മെഡിക്കല് ബോര്ഡ് നല്കിയ അനുകൂല റിപ്പോര്ട്ട് മറ്റു തെളിവുകളൊന്നുമില്ലാതെ തള്ളി പെന്ഷന് നിഷേധിച്ച സൈനിക അധികൃതരുടെ നടപടിയെ കോടതി വിമര്ശിച്ചു. അപ്പീല് നല്കാനുള്ള സമയപരിധി കഴിഞ്ഞാണ് അധികൃതര് കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: സ്വര്ണക്കടത്തു കേസില് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികളുടെ വിടുതല് ഹര്ജികള് തള്ളിയ എറണാകുളം സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
2013 ല് കൊച്ചി വിമാനത്താവളം വഴി 56 കിലോ സ്വര്ണം കടത്തിയെന്ന കേസില് പ്രതികളായ കസ്റ്റംസ് മുന് ഡെപ്യൂട്ടി കമ്മിഷണര് സി. മാധവന്, അസി. കമ്മിഷണര് ഡോ. എസ്. അനില്കുമാര്, സ്വര്ണക്കടത്ത് സംഘാംഗം അഹമ്മദ് സുഹൈല് എന്നിവര് നല്കിയ റിവിഷന് ഹര്ജികള് തള്ളിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
വകുപ്പുതല നടപടികളില് കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ക്രിമിനല് കേസുകളില്നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നു കോടതി വ്യക്തമാക്കി. പ്രതികള്ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. ആറു മാസത്തിനകം വിചാരണ പൂര്ത്തിയാക്കാനും പ്രത്യേക കോടതിക്ക് നിര്ദേശം നല്കി.
ലക്ഷക്കണക്കിനു രൂപയും എല്ഇഡി ടിവി ഉള്പ്പടെയുള്ള സമ്മാനങ്ങളും കൈപ്പറ്റി 17.86 കോടി രൂപ മൂല്യം വരുന്ന സ്വര്ണം കടത്താന് ഒത്താശ ചെയ്തെന്നാണു ഉദ്യോഗസ്ഥര്ക്കെതിരായ ആരോപണം.
പ്രതി സി. മാധവന് സ്വര്ണക്കടത്തിനു സൗകര്യമൊരുക്കിയെന്നും എസ്. അനില്കുമാര് തന്റെ വിവാഹ ആവശ്യങ്ങള്ക്കായി പ്രതികളില്നിന്നു വാഹനം ഉള്പ്പടെയുള്ള സഹായങ്ങള് സ്വീകരിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുള്ളതായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: തന്നെ സംരക്ഷിക്കാന് മരുമകള്ക്കും 22 വയസുള്ള പേരക്കുട്ടിക്കും ബാധ്യതയുണ്ടെന്ന വാദവുമായി കൊച്ചി സ്വദേശിനിയായ മുന് ഉദ്യോഗസ്ഥ നല്കിയ ഹര്ജി ഹൈക്കോടതി തള്ളി.
സര്വീസിലിരിക്കെ മരിച്ച മകന്റെ പെന്ഷന് ആനുകൂല്യങ്ങള് മരുമകള്ക്ക് ലഭിക്കുന്നതിനൊപ്പം തനിക്കുകൂടി ഓഹരി ലഭിക്കണമെന്നതടക്കം ആവശ്യവുമായി കടവന്ത്ര സ്വദേശി തങ്കമ്മ നല്കിയ ഹര്ജിയാണു തള്ളിയത്.
യുക്തിരഹിതമായ ആവശ്യം മുത്തശിയില്നിന്നു പ്രതീക്ഷിക്കുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്.
Kerala
കൊച്ചി: സര്ക്കാര് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആന്ഡ് വെല്നെസ് സെന്ററുകള് എന്നാക്കുന്നതില് ഇന്ത്യന് മെഡിക്കല് അസോസിയേഷനും (ഐഎംഎ), ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റിക്കുമുള്ള (ഐപിഎസ്) എതിര്പ്പ് അധികൃതര് പരിഗണിക്കണമെന്ന് ഹൈക്കോടതി.
വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്ജിയാണു പരിഗണനയിലുള്ളത്.
ഈ സംഘടനകള് നല്കുന്ന എതിര്പ്പുകളും നിര്ദേശങ്ങളും രേഖാമൂലം 14നകംആരോഗ്യ പ്രിന്സിപ്പല് സെക്രട്ടറിയെ അറിയിക്കണമെന്നും കോടതി നിര്ദേശിച്ചു.
Kerala
കൊച്ചി: വ്യക്തമായ തെളിവുകളില്ലാതെ, രേഖകളുടെ അഭാവംകൊണ്ടു മാത്രം പട്ടിക വിഭാഗക്കാരുടെ ഭരണഘടനാപരമായ ആനുകൂല്യങ്ങള് നിഷേധിക്കരുതെന്ന് ഹൈക്കോടതി. പ്രായോഗിക ബുദ്ധിമുട്ടിന്റെ പേരില് ജാതി തെളിയിക്കാന് സാധിച്ചില്ലെന്ന കാരണത്താല് ആനുകൂല്യങ്ങള് നിഷേധിക്കാനാകില്ല.
സര്ട്ടിഫിക്കറ്റിലും മറ്റും തട്ടിപ്പ് നടന്നതായി സര്ക്കാരിന്റെ പക്കല് തെളിവുകള് ഇല്ലാത്തിടത്തോളം ആനുകൂല്യങ്ങള്ക്ക് അവര് അര്ഹരാണെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന് നമ്പ്യാര്, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പട്ടികവര്ഗ ആനുകൂല്യങ്ങള്ക്കായി വ്യാജ ജാതി സര്ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ചു തൃശൂര് സ്വദേശി വി. ബാലനെ സര്വീസില്നിന്ന് നീക്കിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ് നിരീക്ഷണം.
ഹര്ജിക്കാരന്റെ പരാതി പരിഗണിച്ച് ആറുമാസത്തിനകം പുതിയ തീരുമാനമെടുക്കാന് സ്ക്രൂട്ടിനി കമ്മിറ്റിക്ക് കോടതി നിര്ദേശം നല്കി. അതുവരെ ബാലന്റെ താത്കാലിക പെന്ഷന് തുടരാനും നിര്ദേശിച്ചു.
Kerala
കൊച്ചി: കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ടു ഹാജരാകുന്നതില്നിന്ന് കെഎസ്ആര്ടിസി മാനേജിംഗ് ഡയറക്ടര് പ്രമോജ് ശങ്കര്, എക്സിക്യൂട്ടീവ് ഡയറക്ടര് (അഡ്മിനിസ്ട്രേഷന്) ജി.പി. പ്രദീപ് കുമാര് എന്നിവരെ ഹൈക്കോടതി തത്കാലത്തേക്ക് ഒഴിവാക്കി.
വിലക്കു ലംഘിച്ച് എംപാനല്ഡ് ഡ്രൈവര് നിയമനം തുടരുന്നതു സംബന്ധിച്ച കോടതിയലക്ഷ്യ കേസില് നേരിട്ടു ഹാജരാകാന് നേരത്തേ കോടതി നിര്ദേശിച്ചിരുന്നു. വിഷയത്തില് കെഎസ്ആര്ടിസി സത്യവാങ്മൂലം നല്കിയതിനെത്തുടര്ന്നാണ് ഇവര്ക്ക് ഇളവ് നല്കിയത്.
വിശദീകരണം തൃപ്തികരമല്ലെങ്കിലും സ്റ്റാന്ഡിംഗ് കോണ്സല് നല്കിയ ഉറപ്പുകള്കൂടി പരിഗണിച്ചാണ് ഇളവ് നല്കുന്നതെന്ന് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന് വ്യക്തമാക്കി. നേരില് ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര് നല്കിയ അപേക്ഷയിലാണ് ഉത്തരവ്.
ഡ്രൈവര്മാരുടെ തസ്തികയില് സ്ഥിരനിയമനം നടത്താതെ താത്കാലിക നിയമനം തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നിട്ടും എംപാനല് നിയമനം തുടരുകയാണെന്ന് ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്ഥികള് നല്കിയ കോടതിയലക്ഷ്യ ഹര്ജിയാണു കോടതി പരിഗണിക്കുന്നത്.
Kerala
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ വിചാരണയ്ക്ക് ഹാജരാകാത്തതിൽ മുന്നറിയിപ്പ് നൽകി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണയ്ക്ക് തടസമായി ഏതെങ്കിലും തരത്തിലുള്ള സ്റ്റേ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും കോടതി അറിയിച്ചു.
കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ മൂന്ന് പ്രതികൾക്കും അനുമതിയുണ്ടായിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല.
പ്രതികൾ വെള്ളിയാഴ്ച വിചാരണയ്ക്ക് ഹാജരാകണമെന്നാണ് നിർദേശിച്ചു. അതേസമയം ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചു.
ഇതോടെയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചത്. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
Kerala
കൊച്ചി: ജില്ലാ ജുഡീഷറിയില് മിനിസ്റ്റീരിയല് വിഭാഗത്തില് ശേഷിക്കുന്ന തസ്തികകള് ഈമാസം ഒന്പതിനകം സൃഷ്ടിക്കണമെന്നു ഹൈക്കോടതി.
ഇല്ലെങ്കില് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിലവില് ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിന്ഹ അഡീഷണല് ചീഫ് സെക്രട്ടറിയായിരിക്കെ കേരള സിവില് ജുഡീഷല് സ്റ്റാഫ് ഓര്ഗനൈസേഷന് നല്കിയ കോടതിയലക്ഷ്യ ഹര്ജിയിലാണു തസ്തിക സൃഷ്ടിക്കാന് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
Kerala
കൊച്ചി: 2023 മുതല് 2026 വരെ തൃശൂര് പൂരം പ്രദര്ശന നടത്തിപ്പുമായി ബന്ധപ്പെട്ട മൂന്നു വര്ഷത്തെ കണക്കുകളുടെ സമഗ്ര പരിശോധനയ്ക്കു ഹൈക്കോടതി നിര്ദേശം.
2022ലെ ഓഡിറ്റ് പൂര്ത്തിയായെങ്കിലും തുടര്ന്നുള്ള വര്ഷങ്ങളിലെ രേഖകള് ലഭ്യമായിട്ടില്ലെന്ന് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര് കെ. മനോജ്കുമാര് അറിയിച്ചതിനെത്തുടര്ന്നാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ബന്ധപ്പെട്ട വര്ഷങ്ങളിലെ പൂരം പ്രദര്ശനവുമായി ബന്ധപ്പെട്ട മുഴുവന് രേഖകളും ഈ മാസം പത്തിന് കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നില് ഹാജരാക്കാന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോടു കോടതി നിര്ദേശിച്ചു.
പ്രദര്ശന കമ്മിറ്റിയുടെ ബൈലോ, തൃശൂര് കോര്പറേഷനുമായുള്ള കരാറുകള്, ടിക്കറ്റ് വിവരങ്ങള്, സ്റ്റോക്ക് രജിസ്റ്റര്, ബാങ്ക് പാസ്ബുക്കുകള്, ഇരു ദേവസ്വങ്ങളുടെയും മിനിറ്റ്സ് ബുക്കുകള് തുടങ്ങിയ 14 തരം രേഖകളാണു പ്രധാനമായും പരിശോധിക്കുക.
രേഖകള് ഹാജരാക്കുന്നതില് തടസമില്ലെന്ന് ദേവസ്വം ഭാരവാഹികള് കോടതിയെ അറിയിച്ചു. ലഭ്യമാകുന്ന രേഖകള് ഓഡിറ്റിന് പര്യാപ്തമാണോയെന്നു വ്യക്തമാക്കി റിപ്പോര്ട്ട് നല്കാന് ഡെപ്യൂട്ടി ഡയറക്ടറോട് കോടതി നിര്ദേശിച്ചു. തുടര്ന്ന് വിഷയം 17ന് പരിഗണിക്കാന് മാറ്റി.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞുവച്ച് അതിക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകരെ 11 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.
കാലടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പി.എസ്. അർച്ചനയടക്കം നൽകിയ ഹർജി 11ന് പരിഗണിക്കാനായി മാറ്റിയതിനെത്തുടർന്നാണ് അതുവരെ അറസ്റ്റ് തടഞ്ഞു ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
കൊച്ചി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ 25നകം കുറ്റപത്രം സമർപ്പിക്കണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിർദേശം.
ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം കവർന്ന കേസിലും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. എസ്ഐടി സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി അന്വേഷണം ഏറെ മുന്നേറിയിട്ടുള്ളതായി വിലയിരുത്തി.
കട്ടിളപ്പാളി കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായതായി കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി. എസ്.ശശിധരൻ അറിയിച്ചു. പാളികളിൽനിന്നു സ്വർണം ചോർത്തിയെടുക്കാൻ പ്രതികൾ ഉപയോഗിച്ച സ്ട്രിപ്പിംഗ് സാൾട്ടും ക്ലീനിംഗ് സാൾട്ടും രാസപരിശോധനയ്ക്കായി ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ കട്ടിളപ്പാളി കേസിൽ അന്തിമ റിപ്പോർട്ട് തയാറാക്കാനാകും.
ദ്വാരപാലക കേസിൽ 2019ലെ കേസിനൊപ്പം 2025ലെ സ്വർണം പൂശലും അന്വേഷിക്കുന്നതിനാൽ കുറെ നടപടികൾകൂടി ശേഷിക്കുന്നുണ്ട്. എങ്കിലും വൈകാതെതന്നെ ഇതിലെ അന്വേഷണവും പൂർത്തിയാക്കാനാകുമെന്ന് എസ്പി അറിയിച്ചു. ഹർജി ഒക്ടോബർ ഏഴിന് പരിഗണിക്കും.
Kerala
കൊച്ചി: നെടുമങ്ങാട് ക്രൂരമായ മര്ദനത്തിനിരയായി ഒന്നര വയസുകാരന് അര്ഷിദ് മരിക്കാനിടയായ സംഭവത്തില് അന്വേഷണം പൂര്ത്തിയാക്കി പ്രത്യേക കോടതിയില് കുറ്റപത്രം സമര്പിച്ചതായി സര്ക്കാര് ഹൈക്കോടതിയില്.
കേസിലെ പ്രതികളായ മരിച്ച അര്ഷിദിന്റെ അമ്മ അഖിലയും രണ്ടാനഛന് അഷ്കറും റിമാന്ഡിലാണെന്നും സര്ക്കാര് അറിയിച്ചു.
തുടര്ന്ന് അന്തിമ അന്വേഷണ പുരോഗതി റിപ്പോര്ട്ടും കുറ്റപത്ര സമര്പ്പണ റിപ്പോര്ട്ടും മുദ്രവച്ച കവറില് ഹാജരാക്കാനും തുടര്നടപടികളുടെ പുരോഗതി അറിയിക്കാനും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു. ഹര്ജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാന് മാറ്റി.
Kerala
കൊച്ചി: കെഎസ്ആര്ടിസിയെ ഗ്രാറ്റുവിറ്റി നിയമപരിധിയില്നിന്ന് ഒഴിവാക്കുന്ന വിജ്ഞാപനം റദ്ദാക്കിയതു ശരിവച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ചും.
വിജ്ഞാപനം റദ്ദാക്കി നേരത്തേ സിംഗിള്ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്ടിസി നല്കിയ അപ്പീല് തള്ളിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവ് അന്നു തന്നെ പ്രതികളുടെ പക്കലെത്തിയത് ഏതു മാര്ഗത്തിലൂടെയാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
കോടതിയെ കുറ്റപ്പെടുത്തി സര്ക്കാര് ആദ്യമിറക്കുകയും പിന്നീട് പിന്വലിക്കുകയും ചെയ്ത ഉത്തരവ് പ്രതികള്ക്കു ലഭിച്ചത് രജിസ്ട്രേഡ് തപാല്, ഇമെയില്, വാട്സാപ്, ഇന്സ്റ്റഗ്രാം തുടങ്ങി ഏതു സേവനത്തിലൂടെയാണെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന് ജസ്റ്റീസ് എ. ബദറുദ്ദീന് വിജിലന്സിന് നിര്ദേശം നല്കി. ഹര്ജി വീണ്ടും 11ന് പരിഗണിക്കും.
Kerala
പത്തനംതിട്ട: പ്രളയക്കെടുതിയിൽ സഹായത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. ഓഫ് റോഡ് വാഹന ഉടമയ്ക്ക് നിയമലംഘനങ്ങളെല്ലാം ചേർത്ത് പിഴ ചുമത്തി നോട്ടീസ് നൽകി.
ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിയുടെ വാഹനത്തിന് 50,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. അനധികൃത ലൈറ്റിന് 5,000 രൂപയാണ് ആദ്യം പിഴ ചുമത്തിയത്.
എന്നാൽ പ്രളയക്കെടുതിയിൽ സഹായത്തിനിറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയെന്ന പേരിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഉദ്യോഗസ്ഥ നടപടി ശരിവച്ച് കൂടുതൽ പിഴ ഈടാക്കാൻ നിർദേശം നൽകുകയായിരുന്നു.