കേരള ഹൈക്കോടതി
കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റിക്കാര്‍ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.
അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, കരാറുകാര്‍, സന്ദര്‍ശകര്‍ തുടങ്ങി ഹൈക്കോടതിവളപ്പില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.
കോടതി ഹാളുകള്കത്തും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫിസുകള്‍, സെക്ഷനുകള്‍, റെക്കോര്‍ഡ് റൂമുകള്‍, സെക്യൂരിറ്റി കണ്ട്രോള് റൂമുകള്‍, സെര്‍വര്‍ റൂമുകള്‍ എന്നിവിടങ്ങളിലും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോ, വീഡിയോ പാടില്ല. ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ മാത്രമേ എടുക്കാന്‍ അനുവാദമുണ്ടാകൂ.
രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല. കോടതി വളപ്പില്‍നിന്നെടുത്ത ഫോട്ടോയോ വീഡിയോയോ ലൈവ് സ്ട്രീമോ രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ ഡിജിറ്റല്‍, ഇലക്ട്രോണിക് മീഡിയയിലോ അപ്ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് കവര്‍ ചെയ്യാനാകൂ.
കോടതിനടപടികളുടെ ഫോട്ടോയെടുക്കാനും വീഡിയോ റിക്കാര്‍ഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റീസിന്റെ അനുമതി വേണം. ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാള്‍, ആട്രിയം തുടങ്ങി സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോഴാണ് അനുമതിയോടെ ഫോട്ടോയെടുക്കാനും മറ്റും സാധ്യമാകുക. അനധികൃത ഫോട്ടോയെടുപ്പ് തടയാന്‍ രജിസ്ട്രി ഉദ്യോഗസ്ഥര്‍ക്കും സെക്യൂരിറ്റി വിഭാഗത്തിനും അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Tags : KeralaHighCourt Premises Photography Videography Banned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash