National
ഹൈദരാബാദ്: ഹൈദരാബാദിലെ നാഷണല് അക്കാദമി ഓഫ് ലീഗല് സ്റ്റഡീസ് ആന്റ് റിസര്ച്ച് (എന്എഎല്എസ്എആര്) ബിരുദധാരികള്ക്ക് അഭിഭാഷകരായി എന് റോള് ചെയ്യുന്നതിനു ബാര് കൗണ്സില് ഓഫ് ഇന്ത്യ നിർദേശിച്ച വിലക്ക് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.
2026 ല് പഠനംപൂര്ത്തിയാക്കിയവര്ക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻറോള്മെന്റിന് അനുമതി നല്കരുതെന്നു സംസ്ഥാന ബാര് കൗണ്സിലുകള്ക്ക് അയച്ച കത്തില് ബാര് കൗണ്സില് ഓഫ് ഇന്ത്യ (ബിസിഐ) നിര്ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ വിലക്കു പിൻവലിക്കുകയായിരുന്നു.
സര്വകലാശാലയിലെ ബിരുദദാനചടങ്ങില് ചീഫ് ജസ്റ്റീസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില് വിദ്യാര്ഥികള് പ്രതിഷേധിച്ചതിനാലാണു വിലക്ക് പ്രഖ്യാപിച്ചത്.
ഭൂരിഭാഗം വിദ്യാർഥികളും നിരപരാധികളാണെന്ന ന്യായമാണു വിലക്ക് പിൻവലിക്കുന്നതിനായി ചൂണ്ടിക്കാണിക്കുന്നത്.
Kerala
പത്തനംതിട്ട: പുനലൂർ താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് ആശുപത്രി കെട്ടിടത്തിനുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ആശുപത്രികളിൽ രാഷ്ട്രീയ പ്രചരണങ്ങളോ കൊടിപിടിക്കലോ പാടില്ലെന്ന കർശന നിർദേശം നിലനിൽക്കെയാണ് ഈ സംഭവം നടന്നത്.
കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ആണ് മന്ത്രിക്ക് ഈ സ്വീകരണം ഒരുക്കിയത്. രോഗികളും നഴ്സുമാരും ഉള്ള ഇൻഡോർ വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ വച്ചാണ് സംഘടനാംഗങ്ങൾ കൊടികളുമേന്തി ഉറക്കെ മുദ്രാവാക്യം വിളിച്ചത്.
ആശുപത്രികളിൽ രാഷ്ട്രീയ കൊടികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പാടില്ലെന്ന് മുൻപ് നിലപാടെടുത്തിരുന്ന മന്ത്രി, ഈ സ്വീകരണം തടയാനോ വിലക്കാനോ മുതിരാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുകയായിരുന്നു എന്ന് വിമർശനമുയർന്നു.
ആശുപത്രി പോലെയുള്ള ഒരു നിശബ്ദ മേഖലയിൽ (Silence Zone) ചട്ടങ്ങൾ ലംഘിച്ച് നടന്ന ഈ രാഷ്ട്രീയ പ്രകടനത്തിനെതിരെ വലിയ രീതിയിലുള്ള പൊതുജന-പ്രതിപക്ഷ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്.
Kerala
കണ്ണൂർ: ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഞായറാഴ്ച രാവിലെ ആറ് വരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.
National
മാണ്ഡ്യ: കാവേരിയിൽനിന്ന് 15 ദിവസത്തേക്ക് ദിനംപ്രതി 3500 ക്യുസെക്സ് (594,65,40,000 ലിറ്റർ ) ജലം തമിഴ്നാടിനു നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശത്തിനെതിരേ കർണാടകയിലെ മാണ്ഡ്യയിൽ കർഷക പ്രക്ഷോഭം രൂക്ഷമായി.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പുതിയ ചിത്രം ജനനായകന്റെ പോസ്റ്ററുകൾ പ്രതിഷേധക്കാർ കീറിയെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ച ഗുരുശ്രീ തിയറ്ററിലേക്ക് ഇരച്ചുകയറിയ ഇവർ പ്രദർശനം തടസപ്പെടുത്തി.
National
മുംബൈ: കൂടുതൽ കൊഴുപ്പും പഞ്ചസാരയുടെ സാന്നിധ്യവുമുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കു മഹാരാഷ്ട്രയിലെ സ്കൂൾ പരിസരത്ത് നിരോധനം. സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിലാണ് സംസ്കരിച്ചു പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും ശീതളപാനിയൾക്കും നിരോധനം.
ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും ചേർത്ത പാനീയങ്ങളുടെയും വിൽപനയാണു വിലക്കിയതെന്ന് ഭക്ഷ്യ കമ്മിഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുന്നവർക്കും ലൈസൻസ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Movies
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. സിനിമാ സംഘടനയായ അമ്മയുടെ നിലപാടിനെയും പ്രസിഡന്റ് ശ്വേതാ മേനോന്റെ പരസ്യ പ്രസ്താവനകളെയുമാണ് വിനയൻ ചോദ്യം ചെയ്തെത്തിയത്.
ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശ്വേതയുടെ പ്രതികരണങ്ങൾ ശരിയാണെങ്കിൽ അത് നല്ല കാര്യമാണെന്ന് വ്യക്തമാക്കിയ വിനയൻ എന്നാൽ ഇതുവരെ അമ്മ എന്ന സംഘടനയോ അതിലെ പ്രമുഖരോ റിപ്പോർട്ടിനെ പരസ്യമായി പിന്തുണയ്ക്കാനോ അത് പൂർണമായി പുറത്തുവിടണമെന്ന് ആവശ്യപ്പെടാനോ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേതാ മേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നുണ്ട്… അതിൽ കണ്ട ഒരു പോസ്റ്ററാണിത്.
ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ, ഇതേവരെ ‘അമ്മ’യിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ല.
റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയാറാണോ.? കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലോ?
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ . പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്കു ചെയ്തതതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണന്ന് അതേ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടു തന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്.
നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്.
Kerala
ഇടുക്കി: കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള് പിടികൂടി എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങള് പിടികൂടിയത്. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ വര്ക്ക് ഷോപ്പില് നിരവധി ചാക്കുകളില് ലഹരി വസ്തുക്കള് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തെ വര്ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില് നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
തുടർന്ന് ഒന്നാംമൈലിലെ വര്ക്ക്ഷോപ്പില് നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന് പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
വര്ക്ക്ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ഇയാള്ക്ക് ഇതില് പങ്കില്ലെന്നാണ് മൊഴി നല്കിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള് നശിപ്പിച്ചുകളയുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
Leader Page
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
International
പാരീസ്: യൂറോപ്യൻ യൂണിയൻ ഫണ്ട് തിരിമറിക്കേസിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവും നാഷണൽ റാലി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ മറീൻ ലെ പെന്നിന് അപ്പീൽ കോടതി ഒരു വർഷത്തെ തടവും പിഴയും വിധിച്ചു.
കീഴ്ക്കോടതി വിധിച്ച ശിക്ഷയിൽ വലിയ ഇളവുകൾ നൽകിയ പാരീസിലെ അപ്പീൽ കോടതി, ഇലക്ട്രോണിക് ആങ്ക്ലെറ്റ് ധരിച്ചുകൊണ്ട് അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലെ പെന്നിന് സാങ്കേതികമായി വഴി തുറന്നുനൽകിയിട്ടുണ്ട്. എന്നാൽ, കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
28 ലക്ഷം യൂറോയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ ലെ പെന്നിന് മൂന്നു വർഷത്തെ തടവാണു കീഴ്ക്കോടതി വിധിച്ചത്. ഇതിൽ രണ്ടു വർഷം സസ്പെൻഡ് ചെയ്ത അപ്പീൽ കോടതി, ബാക്കിയുള്ള ഒരു വർഷം ജയിലിൽ കിടക്കുന്നതിനു പകരം സ്വന്തം വീട്ടിൽ കടുത്ത നിരീക്ഷണത്തിൽ കഴിയാൻ ഉത്തരവിട്ടു. ഇതിനായി അവർ കാലിൽ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് ധരിക്കേണ്ടിവരും.
കീഴ്ക്കോടതി വിധിച്ച അഞ്ചു വർഷത്തെ തെരഞ്ഞെടുപ്പുവിലക്ക് അപ്പീൽ കോടതി 15 മാസമായി വെട്ടിച്ചുരുക്കി. ഇതോടെ 2027 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവർക്കു മത്സരിക്കാം. ശിക്ഷകൾക്കുപുറമെ 1,00,000 യൂറോ (ഏകദേശം 1.14 ലക്ഷം ഡോളർ) പിഴയായും കോടതി ചുമത്തിയിട്ടുണ്ട്.
സാങ്കേതികമായി മത്സരരംഗത്തുണ്ടാകുമെങ്കിലും കാലിൽ ഇലക്ട്രോണിക് ടാഗുമായി രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തുന്നത് ലെ പെന്നിന് പ്രായോഗികമായി കടുത്ത വെല്ലുവിളിയാകും. 2027 ജനുവരിയിൽ ശിക്ഷാ കാലാവധിയിൽ ഇളവ് തേടി വീണ്ടും കോടതിയെ സമീപിക്കാൻ അവർക്ക് നിയമപരമായി അവസരമുണ്ട്.
യൂറോപ്യൻ പാർലമെന്റിന്റെ അസിസ്റ്റന്റുമാർക്ക് നൽകേണ്ടിയിരുന്ന ഫണ്ട് വ്യാജരേഖകൾ ചമച്ച് ഫ്രാൻസിലെ സ്വന്തം പാർട്ടി ജീവനക്കാർക്കു ശമ്പളം നൽകാൻ വകമാറ്റി എന്നതായിരുന്നു ലെ പെന്നിനും മറ്റു നാല് പാർട്ടി നേതാക്കൾക്കുമെതിരേയുള്ള കേസ്.
2025 മാർച്ചിൽ കീഴ്ക്കോടതി ഇവരെ ശിക്ഷിച്ചപ്പോൾ അതു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനിടയാക്കി. കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിസമ്മതിച്ചു.
Business
ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് ഇന്ത്യയിൽ താത്കാലിക വിലക്ക്.
ഫോൺ നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ രാജ്യത്ത് അവതരിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാക്കരുതെന്നാണ് നിർദേശം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടം എന്നിവ വർധിക്കാൻ ഈ ഫീച്ചർ കാരണമായേക്കാമെന്ന് സർക്കാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഫോൺ നമ്പർ ഇല്ലാതെതന്നെ ആളുകളെ ബന്ധപ്പെടാൻ സാധിക്കുന്നത് കുറ്റവാളികൾക്കു സഹായകരമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
ഫോൺ നമ്പർ ഇല്ലാതെ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കുന്ന ടെലിഗ്രാം പോലുള്ള ആപ്പുകൾ വഴി വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് വാട്സ്ആപ്പിനെതിരേയുള്ള സർക്കാരിന്റെ ഈ അടിയന്തര നീക്കം.
സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് വാട്സ്ആപ്പ്
യൂസർനെയിം ഫീച്ചർ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങൾ, പൊതുപ്രവർത്തകർ, സെലിബ്രിറ്റികൾ, വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവരുടെ പേരുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ യൂസർ നെയിമുകൾ വാട്സ്ആപ്പ് മുൻകൂട്ടി മാറ്റിവച്ചിട്ടുണ്ട്.
യൂസർ നെയിമുകൾ പൊതുവായി സെർച്ച് ചെയ്തു കണ്ടുപിടിക്കാൻ കഴിയില്ല. ഒരാളുടെ കൃത്യമായ യൂസർ നെയിം അറിയാമെങ്കിൽ മാത്രമേ അവർക്ക് സന്ദേശം അയയ്ക്കാൻ സാധിക്കൂ. ഒരു യൂസർനെയിം വഴി ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ, അയച്ചയാൾ പുതിയ അക്കൗണ്ടാണോ, നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളതാണോ, ഏതു രാജ്യത്തുനിന്നുള്ളതാണ് തുടങ്ങിയ വിവരങ്ങൾ ഉപയോക്താവിനു കാണാൻ സാധിക്കും.
District News
ഈരാറ്റുപേട്ട: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് ഈരാറ്റുപേട്ടയില് ഇളപ്പുങ്കലിലെ വീട്ടില്നിന്നു പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റും പിടികൂടി.
ഈരാറ്റുപേട്ട പീടികത്താഴത്ത് മുഹമ്മദ് റസാക് (46) ആണ് പിടിയിലായത്. ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്ന്നായിരുന്നു വീട്ടില് പരിശോധന നടത്തിയത്. കണ്ടെടുത്തവയില് വ്യാജ നിരോധിത പുകയില ഉത്പന്നങ്ങളുമുണ്ട്. വീടിന്റെ ടെറസില്നിന്നും, ഉള്ളില് നിന്നുമായി 16 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങള് കണ്ടെത്തിയത്.
National
ന്യൂഡല്ഹി: മതപരിവര്ത്തനം മാത്രമല്ല, രാഷ്ട്രീയ ആവിഷ്കാരങ്ങള്, മാധ്യമപ്രവര്ത്തനം, സമൂഹമാധ്യമങ്ങള് എന്നിവയ്ക്കുകൂടി കര്ശന നിയന്ത്രണവും നടപടികളും എഫ്സിആര്എ നിയമ ഭേദഗതിയില്.
2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള് ഭേദഗതി ചെയ്തു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില് ചിലതെങ്കിലും ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകും.
രാഷ്ട്രീയ ഉള്ളടക്കത്തിനും പ്രവര്ത്തനങ്ങള്ക്കുമുള്ള വിലക്ക്, സമൂഹമാധ്യമ അക്കൗണ്ടുകളുടെ നിര്ബന്ധിത പ്രഖ്യാപനം, വാര്ത്തകള് അല്ലെങ്കില് കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, നിര്ദിഷ്ട പ്രവര്ത്തനങ്ങള്ക്കും ഭൂമിശാസ്ത്ര മേഖലകള്ക്കുമുള്ള നിയന്ത്രണം, വര്ധിച്ച പിഴത്തുകകള് തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്.
വിദേശ പൗരന്മാരുടെ വിലക്കും വര്ധിച്ച പിഴശിക്ഷകളും മുതല് വിദേശത്തുനിന്നുള്ള പണദാതാക്കളുടെ സുതാര്യതയും ഫണ്ട് അയയ്ക്കുന്ന സംവിധാനങ്ങള് വരെയുള്ള പലതും വേറെയുമുണ്ട്. 2010ലെ എഫ്സിആര്എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശ സംഭാവനകള് സ്വീകരിക്കുന്ന എന്ജിഒകള്ക്കു കര്ശനമായ സുതാര്യത, ഉത്തരവാദിത്വം, പ്രവര്ത്തന നിയന്ത്രണങ്ങള് എന്നിവയാണു പുതിയ ഭേദഗതിയിലെ പ്രത്യേകതകള്.
എഫ്സിആര്എ രജിസ്ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്ജിഒകള് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്സൈറ്റുകളുടെയും വിശദാംശങ്ങള് അപേക്ഷയില് വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്റെ പ്രധാന പ്രവര്ത്തകരോ ആ വര്ഷത്തില് ഏതെങ്കിലും പുസ്തകങ്ങള്, മാസികകള് അല്ലെങ്കില് പത്രലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും പ്രഖ്യാപിക്കണം. വിദേശ സംഭാവനകള് സ്വീകരിക്കുന്ന എന്ജിഒകള്ക്കു വാര്ത്തകള് അല്ലെങ്കില് കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്കുണ്ട്.
എന്ജിഒകള്ക്ക് പൊതുവായ അനുമതി ഇനി ലഭിക്കില്ല. നിയമങ്ങളിലെ മുന്നിശ്ചയിച്ച ഷെഡ്യൂളില്നിന്ന് അവര് ഇപ്പോള് അവരുടെ ലക്ഷ്യങ്ങളും പ്രവര്ത്തനസംസ്ഥാനങ്ങളും തെരഞ്ഞെടുക്കണം. ഈ വിശദാംശങ്ങള് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റില് അച്ചടിക്കും.
2026ന് മുമ്പ് രജിസ്റ്റര് ചെയ്ത നിലവിലുള്ള എന്ജിഒകള്ക്ക് അവരുടെ ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്ഷത്തിനകം അപ്ഡേറ്റ് ചെയ്ത് കേന്ദ്രസര്ക്കാരിനെ അറിയിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളിലേക്കോ ഉദ്ദേശ്യങ്ങളിലേക്കോ പ്രവര്ത്തനം വ്യാപിപ്പിക്കണമെങ്കിലും ഓരോന്നിനും 300 രൂപ വീതം അധികഫീസ് ഈടാക്കും.
വിദേശഫണ്ട് സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും രാഷ്ട്രീയപ്രവര്ത്തനങ്ങളെ പുതിയ നിയമങ്ങള് വ്യക്തമായി ഒഴിവാക്കുന്നു. വിദ്യാഭ്യാസമേഖലയില് 22 പ്രവര്ത്തനങ്ങളെ പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും കര്ശനമായി രാഷ്ട്രീയേതര സ്വഭാവം എന്ന വകുപ്പ് ഉള്പ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ബിൽഡിംഗിന്റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ,എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില് നിന്ന് ജനങ്ങളെ ഉടന് മാറ്റിത്താമസിപ്പിക്കാന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
District News
മേലാറ്റൂർ: മേലാറ്റൂർ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു. മേലാറ്റൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടികളും സ്കൂൾ തുറന്ന സാഹചര്യത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാണെന്നും അത് ഒഴിവാക്കാനും പാർക്കിംഗ് നിരോധിത സ്ഥലമാക്കി മാറ്റണമെന്നും കമ്മിറ്റി നിർദേശിച്ചു.
ടൗണിൽ നടക്കുന്ന അനധികൃത കച്ചവടങ്ങൾ നിർത്തലാക്കാൻ നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും തീരുമാനമായി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, സർക്കിൾ ഇൻസ്പെക്ടർ, പഞ്ചായത്ത് മെംബർമാരായ ബി. മുസമ്മിൽ ഖാൻ, ഹിഷാം വാഫി, പഞ്ചായത്ത് സെക്രട്ടറി രശ്മി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, സംയുക്ത ഓട്ടോ തൊഴിലാളി ഭാരവാഹികൾ, ബസ് ഓണേഴ്സ് പ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Sports
ഉത്തർപ്രദേശ്: വനിതകളുടെ 1500 മീറ്ററിൽ ദേശീയ റിക്കാർഡ് ജേതാവായ കെ.എം. ദീക്ഷ നിരോധിത മരുന്നിന്റെ ഉപയോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോമണ്വെൽത്ത് ഗെയിംസിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യത.
രണ്ട് വർഷം മുന്പ് ലോസ് ആഞ്ചലസിൽ 4:04.78 എന്ന ദേശീയ റിക്കാർഡ് സ്ഥാപിച്ച 27കാരിയായ ദീക്ഷ ഏപ്രിൽ അഞ്ചിന് ജയ്പുരിൽ നടന്ന ഇന്ത്യൻ ഓപ്പണ് അത്ലറ്റിക്സ് സീരീസിലാണ് അവസാനമായി മത്സരിച്ചത്.
Sports
മുംബൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് സ്മാര്ട്ട് സണ്ഗ്ലാസ് ബിസിസിഐയുടെ അഴിമതി രഹിത യൂണിറ്റ് നിരോധിച്ചു.
കളിക്കാരുടെയും മാച്ച് ഓഫീഷല്സിന്റെയും ഏരിയയിലാണ് (പിഎംഒഎ) നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സണ്ഗ്ലാസുകളിലൂടെ ഓഡിയോ/വീഡിയോ കാള്, സന്ദേശങ്ങള്, ലൈവ് സ്ട്രീമിംഗ് അടക്കം ചെയ്യാമെന്നതാണ് നിരോധിക്കാന് കാരണം.
International
പാരീസ്: ഇസ്രയേൽ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനു ഫ്രാൻസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് അറിയിച്ചു.
ഗാസയിലേക്കു സഹായവുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല എന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി കൈകാലുകൾ ബന്ധിച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ ബെൻ-ഗ്വിർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രേലി മന്ത്രിക്കെതിരേ യൂറോപ്യൻ യൂണിയൻ മുഴുവൻ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും ജീൻ നോയൽ ബാരറ്റ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരേ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പെരുമാറ്റം മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി.
Kerala
കൊച്ചി: മീഡിയ വണ് വാര്ത്താചാനലിലെ ഫേസ്ബുക്ക് പേജിനു വിലക്കേര്പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്ക്കാര്-മെറ്റ അടക്കമുള്ള എതിര്കക്ഷികള്ക്കാണു നോട്ടീസ്.
മീഡിയ വണ്ണിന്റെ ഡിജിറ്റല് ഉള്ളടക്കം തടസപ്പെടുത്തിയെന്നും ഓണ്ലൈന് പ്രവര്ത്തനങ്ങളെ ബാധിച്ചതിനാല് സാമ്പത്തികനഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണു ഹര്ജി നല്കിയത്.
2011 മുതല് സജീവമായ ഫേസ്ബുക്ക് പേജ് വാര്ത്തകള് പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണെന്നും പ്രതിമാസം ഏകദേശം 25 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹര്ജിയില് പറയുന്നു.
ഐടി ആക്ടിലെ സെക്ഷന് 69 എ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവ് ഉണ്ടാക്കുകയോ കാരണങ്ങള് അറിയിക്കുകയോ ചെയ്യാതെയാണു പ്രവര്ത്തനം തടസപ്പെടുത്തിയത്.
National
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
Sports
ലണ്ടൻ: മോശം പെരുമാറ്റത്തിന് ചെൽസിയുടെ പെഡ്രോ നെറ്റോയ്ക്ക് പിഴയും ഒരു മത്സരത്തിൽ വിലക്കും.
ആഴ്സണലിനെതിരേ ഈ മാസം നടന്ന മത്സരത്തിലാണ് ശിക്ഷാ നടപടിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. 70,000 പൗണ്ടാണ് പിഴ.
മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ നെട്രോ രണ്ട് മഞ്ഞ കാർഡുകൾ കണ്ടിരുന്നു.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
National
ന്യൂഡൽഹി: കാന്പസുകളിൽ സാമൂഹിക തുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉടലെടുത്തതിനു പിന്നാലെ പ്രതിഷേധങ്ങൾ വിലക്കി ഡൽഹി സർവകലാശാല.
കാന്പസുകളിൽ ഒരു മാസത്തേക്കാണു പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ വിലക്കി ഉത്തരവിറക്കിയത്.
സാമൂഹികതുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്നതിനിടെ വിദ്യാർഥിസംഘങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രോക്ടറായ പ്രഫ. മനോജ് കുമാർ സിംഗ് പ്രതിഷേധങ്ങൾ വിലക്കിയുള്ള ഉത്തരവിറക്കിയത്.
കാന്പസിനുള്ളിലെ അനിയന്ത്രിതമായ പൊതുസമ്മേളനങ്ങൾ ഗതാഗത തടസത്തിനും ജീവനു ഭീഷണിയക്കും പൊതുസമാധാനത്തിന്റെ തടസപ്പെടലിനും കാരണമാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്ഡുകളിലും വെങ്ങാനൂര് പഞ്ചായത്തിലെ വെള്ളാര് വാര്ഡിലും എല്ലാ മദ്യവില്പ്പന ശാലകളുടേയും പ്രവര്ത്തനം നിരോധിച്ച് ജില്ലാ കളക്ടര് ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്ച്ച് രണ്ട് വൈകുന്നേരം ആറു മുതല് പൊങ്കാല ദിവസമായ മാര്ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.
കൂടാതെ തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
International
മോസ്കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാപ്രശ്നങ്ങളും ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് നിരോധനത്തിനു പിന്നിലെ പ്രധാന കാരണം.
ഇന്നലെമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്സാപ് സേവനങ്ങൾ തടസപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നേരത്തെതന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് രാജ്യത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വാട്സാപ് വഴി വിദേശ ഏജൻസികൾ റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുടിൻ സർക്കാരിന്റെ നീക്കം.
National
ന്യൂഡല്ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള് ലോക്സഭയില് അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്ദേശമെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി ആരോപിച്ചു.
പാര്ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്കൂടിയായ വേണുഗോപാല് ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര് ഓം ബിര്ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള് പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല് ചൂണ്ടിക്കാട്ടി. സര്ക്കാരിന്റെ പ്രവര്ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്തോതിലുള്ള ഫണ്ടുകള് പാര്ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്ക്ക് പ്രധാനമന്ത്രി സഭയില് ഉത്തരം നല്കണമെന്നും വേണുഗോപാല് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്ലമെന്റിന്റെ ചോദ്യങ്ങളും ചര്ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്ട്ട് ചെയ്തത്.
പൊതുജനങ്ങളില്നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല് സര്ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല് ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്ട്ട്.
National
ന്യൂഡൽഹി: കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്, ഉത്തർപ്രദേശിൽ മരിച്ച സഹോദരിമാരുടെ മുത്തച്ഛൻ.
ഡൽഹി സ്വദേശിയായ ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ബുധനാഴ്ച ഗാസിയാബാദിലുള്ള ഭാരത് സിറ്റി ഫ്ലാറ്റിൽനിന്നു ചാടി മരിച്ചത്. സഹോദരിമാർ കൊറിയൻ ഗെയിമുകളോട് തീവ്രമായ അഭിനിവേശം കാണിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഗെയിമുകൾ നിരോധിക്കണമെന്ന് ഇവരുടെ മുത്തച്ഛൻ ദിലീപ് ആവശ്യപ്പെട്ടത്. മറ്റൊരാൾക്ക് തങ്ങളുടെ അവസ്ഥ വരരുതെന്നും ഇനിയൊരു ജീവൻകൂടി നഷ്ടപ്പെടരുതെന്നും അദേഹം പറഞ്ഞു.
കെ-പോപ് സംഗീതവും ഓണ്ലൈൻ ഗെയിമുകളുമുൾപ്പെടെയുള്ള കൊറിയൻ സംസ്കാരത്തോടുള്ള കുട്ടികളുടെ ആരാധന വ്യക്തമാകുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. 2020 മുതൽ സ്കൂളിൽ പോകാതിരിക്കുന്ന പെണ്കുട്ടികൾക്ക് സാമൂഹികജീവിതമുണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിനടുത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. കൊറിയൻ സിനിമകളുൾപ്പെടെ കാണാനും ഗെയിം കളിക്കാനും ഉപയോഗിക്കുന്ന ഫോണിന്റെ ഉപയോഗത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പിതാവ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായി രുന്നു ആത്മഹത്യ.
National
ഭുവനേശ്വർ: ഒഡീഷയിലെ കോറാപുടിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം നിരോധിച്ച വിവാദ നടപടി പിൻവലിച്ച് കളക്ടർ.
വെള്ളിയാഴ്ചയാണ് ജില്ലയിൽ ഇറച്ചി, മീൻ, മുട്ട തുടങ്ങി എല്ലാത്തരം മാംസഭക്ഷണങ്ങളുടെയും വിൽപ്പന നിരോധിച്ച് കളക്ടർ മനോജ് സത്യവാൻ മഹാജൻ ഉത്തരവിറക്കിയത്. ഇതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് പൊതുജനങ്ങളിൽനിന്ന് ഉയർന്നുവന്നത്. ഇതോടെ കളക്ടർ വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
National
ചെന്നൈ: ശാസ്ത്രീയ പരിശോധനയില് ഉയര്ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന് ഗ്ലൈക്കോള് പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന് ഗ്ലൈക്കോള്. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില് മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല് ഷോപ്പുകള്ക്കും ആശുപത്രികള്ക്കും ഫാര്മസികള്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള് അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില് ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Sports
ചൈന: ചൈനീസ് ടെന്നീസ് താരം പാംഗ് റെന്ലോംഗിന് 12 വർഷത്തെ വിലക്കും 110,000 ഡോളർ പിഴയും വിധിച്ചു. അഞ്ച് മാസത്തിനിടെ 22 മത്സരങ്ങളിൽ ഒത്തുകളി നടത്തിയതിനെ തുടർന്നാണ് വിലക്ക്.
ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് 25 കാരനായ പാങ് ലോവറിന് വിലക്ക് പ്രഖ്യാപിച്ചത്.
2024 മെയ് മുതൽ സെപ്റ്റംബർ വരെയാണ് ഒത്തുകളി നടന്നതെന്ന് ഐടിഐഎ പറഞ്ഞു. തുർക്കി, ഹോങ്കോംഗ്, ചൈന മെയിൻലാൻഡ് എന്നിവിടങ്ങളിൽ നടന്ന വിവിധ ഐടിഎഫ് ടൂർണമെന്റുകളിൽ പാങ് ഈ സമയം കളിച്ചു.
Sports
കോല്ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന് കടുത്ത ശിക്ഷ. 2027/28 സീസണ് വരെയുള്ള അടുത്ത രണ്ട് എഎഫ്സി ക്ലബ് മത്സരങ്ങളിൽനിന്ന് മോഹൻ ബഗാനെ അയോഗ്യരാക്കി.
സെപാഹാൻ എസ്സിയുമായുള്ള മത്സരത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ താരങ്ങൾ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ ഡിസിപ്ലിനറി, എത്തിക്സ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി. വിലക്കിന് പുറമെ ക്ലബ് 100,729 ഡോളർ പിഴയായും നൽകണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇറാനിലേക്ക് പോകാൻ തയാറാകാതിരുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് സമാനമായ കാരണങ്ങളാൽ മോഹൻ ബഗാൻ എഎഫ്സി ചാന്പ്യൻസ് ലീഗ് ടുവിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിൽ ട്രാക്ടർ എഫ്സിക്കെതിരായ മത്സരത്തിൽനിന്നും ക്ലബ് പിന്മാറിയിരുന്നു.