കൊടുങ്ങല്ലൂരിലെ കോടതിവരാന്തയിൽ സൂക്ഷിച്ചിട്ടുള്ള മുക്കാലി.
കൊടുങ്ങല്ലൂർ: അവനെയൊക്കെ മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണം എന്നു കേട്ടിട്ടില്ലേ? എന്താണ് ഈ മുക്കാലിയെന്നറിയണമെങ്കിൽ കാണൂ, ഇതാണ് പണ്ട് തെറ്റുകൾ ചെയ്താൽ കെട്ടിയിട്ട് അടിച്ചിരുന്ന ആ ചരിത്രപ്രസിദ്ധമായ ‘മുക്കാലി’.
പതിറ്റാണ്ടുകളായി കൊടുങ്ങല്ലൂർ കോടതി സമുച്ചയത്തിലെ മുൻസിഫ് കോടതി വരാന്തയിൽ തലയുയർത്തി നിൽക്കുന്ന ഈ മുക്കാലി ഇനി ചരിത്രത്തിന്റെ ഭാഗമാകാൻ ഹൈക്കോടതി മ്യൂസിയത്തിലേക്കു യാത്രയാകുകയാണ്.
രാജഭരണകാലത്ത് കുറ്റവാളികളെ ഇതിൽ കെട്ടിയിട്ടു ശിക്ഷിച്ചിരുന്നു. പിന്നീട് ആ ശിക്ഷാരീതികൾ അവസാനിച്ചെങ്കിലും ഈ മുക്കാലി മാത്രം വരാന്തയിലെ സ്ഥാനം വിട്ടുമാറിയില്ല.
കാലം മാറി, കോടതി സമുച്ചയങ്ങൾ പുതുക്കിപ്പണിതിട്ടും മാറ്റമില്ലാതെനിന്ന ഈ അപൂർവ ചരിത്രശേഷിപ്പ്, ഹൈക്കോടതി ഒരുക്കുന്ന പുരാവസ്തു പ്രദർശനത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്. പ്രദർശനത്തിൽ കൗതുകക്കാഴ്ചയാകാനാണ് മുക്കാലി യാത്രയാകുന്നത്. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് കൊടുങ്ങല്ലൂർ കോടതിക്കു ലഭിച്ചുകഴിഞ്ഞു.
Tags : KodungallurCourt KeralaHighCourt Mukkali Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash