പ്രതീകാത്മക ചിത്രം
കൊച്ചി: സൈന്യത്തില്‍ ചേരുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങളില്ലാത്തയാള്ക്കു സര്‍വീസ് കാലയളവിനിടെയുണ്ടാകുന്ന അസുഖങ്ങള്‍ ജോലിയുടെ ഭാഗമായുണ്ടായതായി കണക്കാക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം അതു തെളിയിക്കേണ്ട ബാധ്യത തൊഴിലുടമയായ സേനയ്ക്കാണ്.
1970ല്‍ സൈന്യത്തില്‍ ചേര്‍ന്നു 2005ല്‍ വിരമിച്ച മലപ്പുറം സ്വദേശിയായ ലഫ്. കേണല്‍ സണ്ണി തോമസിന് ഡിസെബിലിറ്റി പെന്ഷന് തുക നല്‍കാനുള്ള ആംഡ് ഫോഴ്സ് ട്രൈബ്യൂണലിന്റെ വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ കെ. നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
ജോലിയുമായി ബന്ധപ്പെട്ട കഠിനമായ സമ്മര്‍ദം മൂലം ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ചതായും ഇത് 30 ശതമാനം വൈകല്യമായി കണക്കാക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സൈനിക സേവനവുമായി ബന്ധപ്പെട്ട അസുഖമല്ലെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ ഡിസെബിലിറ്റി പെന്ഷന് നിഷേധിച്ചു. തുടര്‍ന്നു നല്കിയ ഹര്‍ജിയില്‍ വൈകല്യം 50 ശതമാനമായി ഉയര്‍ത്തി നിശ്ചയിക്കാനും വിരമിച്ച തീയതി മുതല്‍ കുടിശിക നല്‍കാനുമാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
നാലു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശയും ചേര്‍ത്തു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരേ കേന്ദ്രസര്‍ക്കാരും കരസേന മേധാവിയുമടക്കം നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചു തള്ളിയത്.
മെഡിക്കല്‍ ബോര്‍ഡ് നല്കിയ അനുകൂല റിപ്പോര്‍ട്ട് മറ്റു തെളിവുകളൊന്നുമില്ലാതെ തള്ളി പെന്ഷന് നിഷേധിച്ച സൈനിക അധികൃതരുടെ നടപടിയെ കോടതി വിമര്‍ശിച്ചു. അപ്പീല്‍ നല്‍കാനുള്ള സമയപരിധി കഴിഞ്ഞാണ് അധികൃതര്‍ കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി.
Tags : HealthProblem MilitaryServic KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash