പ്രതീകാത്മക ചിത്രം
മുംബൈ: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ വില്ലിംഗ്ഡണ്‍ ഐലൻഡിലുള്ള അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ (ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി- ഐഎസ്ആർഎഫ്) പ്രവർത്തനവും നടത്തിപ്പും ഇനി പ്രമുഖ ആഗോള കപ്പൽ അറ്റകുറ്റപ്പണി കന്പനിയായ ഡ്രൈഡോക്സ് വേൾഡ് ദുബായി(ഡിഡിഡബ്ല്യു)യുമായി ചേർന്ന് പുതിയ സംയുക്ത സംരംഭത്തിനു രൂപം നൽകിയതായി ഷിപ്പ്യാർഡ് അറിയിച്ചു.
50:50 പങ്കാളിത്തത്തോടെയുള്ള സംയുക്ത സംരംഭ രൂപീകരണത്തിനാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്. ഡിപി വേൾഡിന്റെ ഭാഗമാണ് ഡ്രൈഡോക്സ് വേൾഡ്.
കന്പനി ആക്ട് 2013 പ്രകാരം എറണാകുളം കൊച്ചി ആസ്ഥാനമായിപുതിയ പ്രൈവറ്റ് ലിമിറ്റഡ് കന്പനി രജിസ്റ്റർ ചെയ്യും. ഉദ്ദേശിക്കുന്ന ഘടനയനുസരിച്ച് സിഎസ്എൽ ഐഎസ്ആർഎഫിനെ 1800 കോടി രൂപയിൽ കുറയാത്ത തുകയ്ക്ക് സ്ലംപ് സെയിൽ വ്യവസ്ഥയിൽ ഈ സംയുക്ത സംരംഭത്തിലേക്ക് കൈമാറും. ഇതിൽ പകുതി തുക (50 %) കൊച്ചിൻ ഷിപ്പ്യാർഡിന് പണമായി ലഭിക്കും. ബാക്കി 50 ശതമാനം സംയുക്ത സംരംഭത്തിലെ ഓഹരികളായി നല്കപ്പെടും.
പുതിയ സംയുക്ത സംരംഭത്തിന്റെ മാനേജ്മെന്റിൽ ഡ്രൈഡോക്സ് വേൾഡിനായിരിക്കും കൂടുതൽ പ്രാതിനിധ്യം. അഞ്ചംഗ ബോർഡിൽ മൂന്നു ഡയറക്ടർമാരെ നാമനിർദേശം ചെയ്യാനുള്ള അവകാശം ദുബായ് കന്പനിക്കായിരിക്കും. അതോടൊപ്പം സിഇഒ, സിഎഫ്ഒ, സിഒഒ തുടങ്ങിയ ഉന്നത മാനേജ്മെന്റ് പദവികളിലേക്കുള്ള നിയമനവും ഇവർ നടത്തും. ശേഷിക്കുന്ന രണ്ടു ഡയറക്ടർമാരെ കൊച്ചിൻ ഷിപ്പ്യാർഡ് നാമനിർദേശം ചെയ്യും.
ഈ സംയുക്ത സംരംഭം, 130 മീറ്റർ വരെ നീളവും 6,000 ടണ്‍ വരെ ഭാരവുമുള്ള വാണിജ്യ, നാവിക സേന കപ്പലുകളുടെ ഡ്രൈ-ഡോക്കിംഗ്, അറ്റകുറ്റപ്പണികൾ, ഓവർഹോളിംഗ് എന്നിവയ്ക്കായി ഐഎസ്ആർഎഫിന്റെ ഉടമസ്ഥത വഹിക്കുകയും പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് 60 വർഷത്തെ ലീസിനെടുത്ത 30 ഹെക്ടർ സ്ഥലത്ത് 970 കോടി രൂപ ചെലവഴിച്ചാണ് കപ്പൽശാല ഐഎസ്ആർഎഫ് വികസിപ്പിച്ചത്. 2024 ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഓഗസ്റ്റ് 12നാണ് ആരംഭിച്ചത്.
6,000 ടണ്‍ ഷിപ്പ് ലിഫ്റ്റ് സംവിധാനവും ആറ് വർക്ക് സ്റ്റേഷനുകളും 1,400 മീറ്ററോളം ബെർത്തിംഗ് സ്പേസും ഇവിടെയുണ്ട്. ഒരേസമയം ആറു കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനും പ്രതിവർഷം 82 കപ്പലുകൾ വരെ കൈകാര്യം ചെയ്യാനും ഈ കേന്ദ്രത്തിന് ശേഷിയുണ്ട്. നിലവിലെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 പുതിയ വർക്ക് സ്റ്റേഷനുകൾ കൂടി ഇവിടെ സജ്ജീകരിക്കും.
Tags : CochinShipyard DrydocksWorld JointVenture Business