x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിയറ്ററുകളിലെ അമിത വില: കേസെടുത്തു

വെബ് ഡെസ്ക്
Published: September 10, 2026 09:04 PM IST | Updated: September 10, 2026 09:04 PM IST

എഐ ചിത്രം

തിരുവനന്തപുരം: വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യവകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തു.

കൊല്ലത്ത് മള്‍ട്ടിപ്‌ളക്‌സ് തിയറ്ററില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു കേസ് രജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രിമില്‍ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി.

കാലവധി കഴിഞ്ഞതും അല്ലാത്തവയും ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു. നടത്തിപ്പുകാരനു കനത്ത പിഴ ചുമത്തുന്നതിന്‍റെ ഭാഗമായി നോട്ടീസ് നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു.

ലീഗല്‍ മെട്രാളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. ഇതില്‍ പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍ വില്പന നടത്തിയതില്‍ വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി ആക്ട് 2009 സെക്ഷന്‍ 30 പ്രകാരം അളവില്‍ കുറവ് വില്‍പ്പന നടത്തിയതിന് ഇതുവരെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുന്നതു പരിശോധിച്ചുവരുന്നു.

പോപ്‌കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നതില്‍ 25 ഗ്രാം വരെ കുറവും 450 മില്ലിഗ്രാം വരെയും ശീതള പാനീയത്തില്‍ 35 മി.ഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകള്‍ കൃത്യത ഉറപ്പുവരുത്തി മുദ്രവച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണു ചട്ടം. ഇതു പാലിക്കാത്തതിനെതിരേ 3 തീയറ്ററുകള്‍ക്കെതിരെ സെക്ഷന്‍ 24, 33 എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് 6 (1) പ്രകാരം നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. അളവ് കൃത്യമായി പറയാതെ ലാര്‍ജ്, മീഡിയം, സ്മാള്‍ എന്നിങ്ങനെ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വില്‍പ്പന നടത്തുന്നതിന് ലീഗല്‍ മെട്രോളജി ആക്ട് സെക്ഷന്‍ 34 പ്രകാരം ആകെ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സുകളില്‍ മതിയായ രീതിയില്‍ കുടിവെള്ളം വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags : Case Registered Prices Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up