എഡിജിപി പി. വിജയന്‍ (File Photo)
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ വീടും അപകടസ്ഥലവും എഡിജിപി പി. വിജയന്‍ സന്ദര്‍ശിച്ചു. കണ്ടെയ്‌നര്‍ റോഡില്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എഡിജിപി ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
പൊലിസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെയാണ് കാരണക്കാര്‍ എന്ന് പരിശോധിക്കാനാണ് എത്തിയിരിക്കുന്നത്. ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെയും എല്ലാവരെയും കാണും. ഇവിടെ ജഡ്ജ് എന്നോ പൊലിസ് എന്നോയുള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.
പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ പിതാവിനെ സസ്പെന്‍ഡ് ചെയ്യണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്‍റെ കുടുംബം ഉന്നയിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് കടുത്ത നടപടിയിലേക്ക് കടന്നത്. തുടര്‍ന്ന് കുറ്റകരമായ നരഹത്യ ചുമത്തി, പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : CheranalloorAccident ADGP PVijayan Jayabalakrishnan