ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്‍റെ പിതാവായ ജില്ലാ ജഡ്ജി പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച നടപടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോര്‍ട്ട് കൈമാറിയത്.
ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദര്‍ശനത്തിന് മുമ്പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ജൂഡീഷറിക്ക് കളങ്കമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണനിര്‍വഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടന്‍ കടന്നേക്കും.
ജഡ്ജിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ ജുഡീഷറിയുടെ ചുമതലയുള്ള ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ നടപടികള്‍.
Tags : CheranalloorAccident Accident Car Scooter