x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാസ് ചോര്‍ച്ച: വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളല്‍, ഏജന്‍സിക്കും പൊലിസിനുമെതിരെ കുടുംബം നിയമപോരാട്ടത്തിലേക്ക്

കൊച്ചി ബ്യൂറോ
Published: October 27, 2026 11:29 AM IST | Updated: October 27, 2026 11:29 AM IST

പൊള്ളലേറ്റ മെഹജ

മൂവാറ്റുപുഴ: ഗ്യാസ് കത്തിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂവാറ്റുപുഴ നഗരസഭ 15-ാം വാര്‍ഡില്‍ കിഴക്കേക്കര താമസിക്കുന്ന തറമോളേല്‍ മെഹജാ അബിന്‍സിനാണ് പൊള്ളലേറ്റത്. ഏജന്‍സിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

മെഹജയുടെ കൈകള്‍ക്കും കാലുകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റിരിക്കുന്നത്. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് ഇവരുടെ കണ്‍പീലിയും മുടിയും ഉള്‍പ്പെടെ കരിഞ്ഞുപോയിട്ടുണ്ട്.

ജൂലൈ മൂന്നിനാണ് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് 12 കിലോയുടെ സിലിണ്ടര്‍ ഇവര്‍ വാങ്ങുന്നത്. സിലിണ്ടറും റെഗുലേറ്ററും ബന്ധിപ്പിക്കുന്ന ഭാഗത്ത് അന്നു മുതലേ വാതക ചോര്‍ച്ചയുണ്ടായിരുന്നു.

ഇതിനെ കുറിച്ച് അഞ്ചു തവണ ഏജന്‍സിയില്‍ പരാതി നല്‍കിയെങ്കിലും സ്ഥലത്തെത്തിയ ടെക്‌നീഷന്‍ പരിശോധന നടത്തി സിലിണ്ടര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ചോര്‍ച്ച തുടര്‍ന്നതോടെ ഏജന്‍സി ജീവനക്കാരെത്തി പുതിയ റെഗുലേറ്റര്‍ മാറ്റി സ്ഥാപിച്ചു. ഇക്കഴിഞ്ഞ 21-ാം തീയതി പുതിയ റെഗുലേറ്റര്‍ സ്ഥാപിച്ചതിന് പിന്നാലെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് വന്‍ അപകടമുണ്ടായത്.

തീ കൊളുത്തിയ ഉടന്‍ വലിയ ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നു. അപകടസമയത്ത് കുട്ടികളടക്കം ഒമ്പത് അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. സിലിണ്ടറും റെഗുലേറ്ററും വീടിന് പുറത്ത് സ്ഥാപിച്ചിരുന്നതിനാലും മെഹജയുടെ ഭര്‍ത്താവ് സമയോചിതമായി ഇടപെട്ട് റെഗുലേറ്ററും പൈപ്പും വേര്‍പെടുത്തി ഗ്യാസ് ബന്ധം വിച്ഛേദിച്ചതിനാലും മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്നയുടന്‍ പരാതിപ്പെട്ടപ്പോള്‍ വീട്ടിലെത്തിയ വിതരണക്കാര്‍ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ വച്ച് ഇവര്‍ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. പൊലിസിന്റെ ഭാഗത്തു നിന്നും നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഗ്യാസ് സിലിണ്ടറിനോ റെഗുലേറ്ററിനോ തീപിടിച്ചിട്ടില്ലെന്നുമാണ് ഏജന്‍സി അധികൃതരുടെ വാദം.

തങ്ങള്‍ക്ക് നേരിട്ടതു പോലെയുള്ള അനീതിയും ദുരനുഭവവും മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന ഏജന്‍സികളുടെ ഇത്തരം അനാസ്ഥകള്‍ക്കെതിരെ ജാഗ്രത ഉറപ്പാക്കാനുമായി നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും അഗ്നിശമനസേനയുടെ വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കുടുംബം വ്യക്തമാക്കി.

Tags : GasLeak Housewife Burn Gas LPG Fire

Recent News

Corehub Up