വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ (File Photo)
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മത്സര വിജയികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 3.79 ലക്ഷം രൂപ. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.
മേളയുടെ തുടക്കത്തില്‍ മോശം കാലാവസ്ഥയും റെഡ് അലര്‍ട്ടും ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അവ മറികടന്ന് മികച്ച പങ്കാളിത്തത്തോടെ മത്സരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതായി എന്‍ഐടിയിലെ മേജന്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയം കോംപ്ലക്സില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ക്കൊപ്പം 3.79 ലക്ഷം രൂപയോളം സമ്മാനത്തുകയായിട്ടാണ് വിതരണം ചെയ്തത്.
കൂടുതല്‍ ഭക്ഷണം തയാറാക്കാന്‍ നിര്‍ദ്ദേശം
മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സംഘാടകസമിതി ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടു.
ഭക്ഷണവിതരണത്തിന് ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ ചെറിയ കാലതാമസം ഒഴിവാക്കാന്‍ 2,000 പേര്‍ക്ക് അധികമായി ഭക്ഷണം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വെയിലില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ ഭക്ഷണശാലയ്ക്ക് പുറത്ത് തണല്‍പ്പന്തലുകളും സുരക്ഷയ്ക്കായി പൊലിസ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരഫലങ്ങള്‍ വേഗത്തില്‍ പ്രഖ്യാപിക്കുന്നതിനും അതത് ഗ്രൗണ്ടുകളില്‍വച്ചുതന്നെ ട്രോഫികളും മെഡലുകളും വിതരണം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാത്രി മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകളില്‍ മികച്ച വെളിച്ചസംവിധാനം ഉറപ്പാക്കും. ബയോ ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കായികതാരങ്ങള്‍ക്കായി 50 കേന്ദ്രങ്ങളില്‍ ഒരുക്കിയ താമസസൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രായത്തട്ടിപ്പ്, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ ബോണ്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന പരിശോധനകളും തുടര്‍നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags : Sports SchoolSportsMeet InclusiveSports Winners PrizeMoney EducationMinister MinisterNShamsudeen