പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിലും ഒഡിഷയിലും 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ ആന്ധ്രാതീരത്തുനിന്ന് 300 കിലോമീറ്റർ മാത്രം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും അർണബ് കരയിൽ പ്രവേശിക്കുക. കരതൊടുമ്പോൾ കാറ്റിന് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും കരകയറി കഴിഞ്ഞാൽ 140 കിലോമീറ്റർ വരെയും വേഗത കൈവരിച്ചേക്കാമെന്നാണ് പ്രവചനം. കാറ്റിന്റെ ശക്തി പ്രാപിച്ചതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായിട്ടുണ്ട്. വിശാഖപട്ടണത്ത് അതിശക്തമായ കാറ്റാണ് വീശിയടിക്കുന്നത്. അയൽ സംസ്ഥാനമായ ഒഡിഷയിലും പലയിടത്തും മഴ കനത്തു കഴിഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ നടപടികളാണ് ആന്ധ്രാപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അപകടസാധ്യത മുൻനിർത്തി ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. ആന്ധ്രയിലാകെ 1,400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ട്. 4,000-ത്തിലേറെ ഗർഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കടലിൽ പോയ മുഴുവൻ മീൻപിടിത്ത ബോട്ടുകളും സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ആന്ധ്രയിലും ഒഡിഷയിലും സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലായി റെയിൽവേ 53 ട്രെയിനുകൾ റദ്ദാക്കി. കൂടാതെ, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1970-ന് ശേഷം ആന്ധ്ര നേരിട്ട 61 ചുഴലിക്കാറ്റുകളിൽ 11 എണ്ണം അതിതീവ്ര വിഭാഗത്തിൽപ്പെട്ടവയായിരുന്നു.