പ്രതീകാത്മക ചിത്രം
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടതോടെ പാളത്തിലൂടെ നടന്നുനീങ്ങിയ മൂന്ന് പേർ മരിച്ച നിലയിൽ. കാഞ്ചുർമാർഗ് റെയിൽവേ സ്റ്റേഷന് സമീപം രാവിലെ തീപിടിത്തമുണ്ടായതിനെത്തുടർന്ന് താനെ മുതൽ വിക്രോളി വരെയുള്ള ഭാഗത്തെ സിഗ്നലിംഗ് സംവിധാനം പൂർണമായും തകരാറിലാവുകയായിരുന്നു.
മണിക്കൂറുകളോളം ട്രെയിനിൽ കുടുങ്ങി കിടന്ന യാത്രക്കാർ ഗതാഗതം പുനസ്ഥാപിക്കാൻ വൈകിയതോടെ അടുത്ത സ്റ്റേഷനുകളിലേക്ക് പാളത്തിലൂടെ നടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഘാട്കോപ്പർ-വിക്രോളി സ്റ്റേഷനുകൾക്കിടയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം ഭാണ്ഡുപ്പിലും കണ്ടെത്തി. മരണകാരണം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
തീയപിടിത്തത്തിന് തൊട്ടുമുമ്പ് മുലുന്ദിനും താനെയ്ക്കുമിടയിൽ ഓവർഹെഡ് വൈദ്യുത ലൈനിലും സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. സ്ലോ, ഫാസ്റ്റ് ലൈനുകളിലെ അപ് ആൻഡ് ഡൗൺ ദിശകളിൽ സിഗ്നലുകൾ കിട്ടാതായതോടെ ട്രെയിനുകൾ മണിക്കൂറുകളോളം നീങ്ങാതെ കിടന്നു.
വൈകിട്ടോടെയാണ് റെയിൽവേ അധികൃതർ പ്രശ്നം ഭാഗികമായി പരിഹരിച്ചത്. നാല് ട്രെയിൻ ലൈനുകളിൽ മൂന്നെണത്തിന്റെ സർവീസുകൾ പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, യാത്രക്കാർ യാതൊരു കാരണവശാലും പാളത്തിലൂടെ നടക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : Dead Signal RailwayTrack