ഷോണ്‍ ജോർജ്
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുന്ന സാഹചര്യം മുന്നിൽക്കണ്ട് അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിക്കാനാണു മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്.
പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടിക്കുള്ളിലെ സ്വാധീനവും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിക്കെതിരായ റിയാസിന്റെ പ്രസ്താവന. കേരളത്തിലെ കോണ്‍ഗ്രസ് സർക്കാർ ഇഡിയുടെ ശിപാർശയിന്മേൽ നടപടികൾ വൈകിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
ഇഡി വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു കേസെന്ന റിയാസിന്റെ ആരോപണം വസ്തുതകളെ മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. ഒരു മാസം മുന്‍പു ചോദ്യം ചെയ്തവരുടെ മൊഴികൾ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന് ഇതുവരെ ആരും ആരോപിച്ചിട്ടില്ല. വീണാ വിജയനെ മൂന്നു തവണ ചോദ്യം ചെയ്തതിൽ നിന്നുൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ വ്യക്തികളിലേക്കു നീണ്ടത്.
താൻ നൽകിയ പരാതിയിൽ പിണറായി വിജയൻ വരെയുള്ളവരാണ് ഉണ്ടായിരുന്നത്. അതിനുശേഷം അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയവരാണു മറ്റു പ്രതികളെന്നും ഷോണ്‍ ജോർജ് പറഞ്ഞു. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇനിയും വലിയ സാന്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
പ്രത്യേകിച്ച് വീണാ വിജയന്റെയും പിണറായി വിജയന്റെ കുടുംബത്തിന്റെയും വിദേശ പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും ഷോണ്‍ പറഞ്ഞു.
Tags : ShoneGeorge Politically MuhammadRiyas Deepika DeepikaNewspaper BreakingNews NewsUpdate Headlines