അമൽജ്യോതി എൻജിനിയറിംഗ് കോളജ്
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 15, 16 തീയതികളിൽ എഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.ഡോ. റോയി പഴേപറമ്പിൽ അറിയിച്ചു.
15ന് രാവിലെ 9.30ന് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.ഡോ. റോയി പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോൺക്ലേവ് കോ-ഓർഡിനേറ്റർ ബിനുമോൻ ജോസഫ് എന്നിവർ പ്രസംഗിക്കും.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ എഐയുടെ സാധ്യതകളും പ്രായോഗിക പ്രയോഗങ്ങളുമാകും കോൺക്ലേവിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, വ്യവസായ വിദഗ്ധർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ കോൺക്ലേവിൽ പങ്കെടുക്കും.
വിദ്യാർഥികളുടെ സാങ്കേതിക കഴിവുകളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് മണിക്കൂർ നീളുന്ന എഐ ഹാക്കത്തോൺ കോൺക്ലേവിന്റെ പ്രധാന ആകർഷണമായിരിക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള ഹാക്കത്തോൺ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികച്ച എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച നവീകരണങ്ങൾക്കും വിദ്യാർഥി പദ്ധതികൾക്കും സ്കൂൾ, കോളജ് വിഭാഗങ്ങളിലെ മികച്ച പ്രകടനങ്ങൾക്കും സമ്മാനങ്ങളും മെമന്റോകളും നൽകും.
16ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിച്ച് ഹാക്കത്തോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കോൺക്ലേവിന്റെ കോഓർഡിനേറ്റർ മിഥുൻ പി. മാത്യു നന്ദി പ്രകാശനം നടത്തും.
കേരള വിഷൻ, കാരിത്താസ് ആശുപത്രി എന്നവരുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിവിധ കോളജിൽ നിന്നും സ്കൂളിൽ നിന്നുമായി രണ്ടായിരത്തിയഞ്ഞൂറോളം ആളുകളാകും പങ്കെടുക്കുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://aiconclave26.ajce.in/
Tags : AIConclave Possibilities Technology Amaljyoti Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash