ശിശുദിന റാലിയിൽ പങ്കെടുക്കുന്ന കുട്ടി നേതാക്കൾ ശിശുക്ഷേമ സമിതി ഭാരവാഹികൾക്കൊപ്പം.
തിരുവനന്തപുരം: സംസ്ഥാനതല ശിശുദിനാഘോഷത്തിന് ഇത്തവണ നേതൃത്വം നൽകുന്നത് ആറ് കുരുന്നുകൾ. നവംബർ 14-ന് തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിന റാലിയും കുട്ടികളുടെ മഹാ പൊതുസമ്മേളനവും നയിക്കുന്ന കുട്ടിനേതാക്കളെ സംസ്ഥാന ശിശുക്ഷേമ സമിതി പ്രഖ്യാപിച്ചു.
തൃശൂർ പഴയന്നൂർ കുന്നത്തറ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി പി.എസ്. നഫീസ സൻഹ ആണ് കുട്ടികളുടെ പ്രധാനമന്ത്രി. തൃശൂർ മുല്ലശേരി പാടൂർ വാണിവിലാസം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആദ്യ പ്രമോദാണ് പ്രസിഡന്റ്. തിരുവനന്തപുരം ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി വി. ആത്മജ സനു സ്പീക്കറാകും.
വയനാട് തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി പി. മുഹമ്മദ് ജസീൽ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി പ്രാർഥന കിരൺ സ്വാഗത പ്രസംഗകയും കൊല്ലം ചവറ മടപ്പള്ളി പിഎസ്പിഎം യുപിഎസിലെ നാലാം ക്ലാസ് വിദ്യാർഥി നിവേദ് പോറ്റി നന്ദി പ്രസംഗകനുമാകും.
വർണോത്സവത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മലയാളം പ്രസംഗ മത്സരങ്ങളിലെ ആദ്യ സ്ഥാനക്കാരുടെ സ്ക്രീനിംഗിലൂടെയാണ് കുട്ടിനേതാക്കളെ തെരഞ്ഞെടുത്തത്. ട്രൈബൽ മേഖലയിലെ കുട്ടികൾക്കായി നടത്തിയ പ്രത്യേക മത്സരത്തിലൂടെയാണ് ആത്മജ തെരഞ്ഞെടുക്കപ്പെട്ടത്.
ഈ വർഷം മുതലാണ് വൈസ് പ്രസിഡന്റ് സ്ഥാനവും ഉൾപ്പെടുത്തി കുട്ടിനേതാക്കളുടെ എണ്ണം അഞ്ചിൽനിന്ന് ആറായി ഉയർത്തിയത്. നവംബർ 14ന് രാവിലെ ഒമ്പതിന് ശിശുദിന റാലിയും 10.3-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ സന്ദേശം നൽകും. സമ്മേളനത്തിൽ ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടക്കും.
Tags : Public meeting Celebration Thiruvananthapuram Adhya Pramod V. Athmaja Sanu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sissudinam