പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്‍സ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍, ആക്രമണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത നാലു പേരെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി.
മൂന്നു പേരെ രക്ഷിതാക്കള്‍ക്കൊപ്പവും കേസില്‍ അറസ്റ്റിലായ യുവതിയുടെ മകനെ ഇവരുടെ സഹോദരിക്കൊപ്പവും നിബന്ധനകളോടെ വിട്ടയച്ചു. കുട്ടികള്‍ക്കു കൗണ്‍സലിംഗ് ഉറപ്പാക്കണമെന്ന് ബോര്‍ഡ് രക്ഷിതാക്കള്‍ക്കു നിര്‍ദേശം നല്കി. നേരത്തേ അറസ്റ്റിലായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ആക്രമണം നടത്തിയവരില്‍ ഒരു പെണ്‍കുട്ടികൂടി പിടിയിലാകാനുള്ളതായാണു വിവരം. കേസില്‍ കുട്ടികളുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തും.
ആവശ്യമെങ്കില്‍ അറസ്റ്റിലായ വീട്ടമ്മയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു. കുറ്റകരമായ നരഹത്യാശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, ക്രിമിനല്‍ ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിട്ടുള്ളത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരന് ചികിത്സയിലാണ്.
ഇന്‍സ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിക്കാമെന്നു വിശ്വസിപ്പിച്ചാണു പതിനേഴുകാരനെ അക്രമിസംഘം വീട്ടിലേക്കു വിളിച്ചുവരുത്തിയത്.
ഇവര്‍ മുമ്പ് ഒരേ സ്ഥലത്ത് താമസിച്ചവരാണ്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനും മറ്റുമായി പതിനേഴുകാരന്റെ പേരില്‍ എല്ലാവര്ക്കും ഉപയോഗിക്കാനാകും വിധം ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു.
ഗെയിമിംഗിനും മറ്റും ഉപയോഗിച്ചിരുന്ന പതിനേഴുകാരന്റെ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് പുതിയ മൊബൈല്‍ വാങ്ങി ഇതില്‍ ഇന്‍സ്റ്റഗ്രാം തുറന്നതോടെ ഈ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. ഈ കാര്യം ചോദിച്ചു തുടങ്ങിയ തര്‍ക്കമാണ് ഒടുവില്‍ ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്.
Tags : Custody Parents Assaulted Released Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash