മന്ത്രി മോൻസ് ജോസഫ്.
പത്തനംതിട്ട: ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 450 കുടിവെള്ള പദ്ധതികൾ സംസ്ഥാനത്തു പ്രതിസന്ധിയിലാണെന്ന് മന്ത്രി മോൻസ് ജോസഫ്. 2021 മുതൽ ആരംഭിച്ച പദ്ധതികളാണിത്. സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്ത ഈ പദ്ധതികൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. 2028 വരെയാണ് ജൽജീവൻ മിഷന് കാലാവധിയുള്ളത്.
നിലവിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കാൻ അനുമതി തേടുകയാണ് ആദ്യം ചെയ്യുന്നത്. ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ റിപ്പോർട്ടുകൾ നൽകി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ്.
കേന്ദ്രമന്ത്രിയെ കണ്ട് ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും ജൽജീവൻ മിഷനിലെ എല്ലാ പദ്ധതികളും 2028നുള്ളിൽ തന്നെ പൂർത്തീകരിക്കുന്നതിലേക്ക് ഊർജിത ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട കരാറുകാരുടെ കുടിശികകൾ നൽകി വരുന്നു. 1200 കോടി രൂപ കൂടി ഇനി നൽകാനുണ്ട്.
ശബരിമലയിൽ ജല അഥോറിറ്റി നൽകുന്ന വെള്ളത്തിന്റെ വില കുറയ്ക്കണമെന്ന ദേവസ്വം ബോർഡ് ആവശ്യം മന്ത്രിതല ചർച്ചയിൽ പരിഗണിക്കും. 1000 ലിറ്റർ ജലം ഉത്പാദിപ്പിക്കാൻ നിലവിൽ 81 രൂപയാണ് ജലഅഥോറിറ്റിക്ക് ചെലവാകുന്നത്. 16 രൂപയ്ക്കാണ് തദ്ദേശ സ്ഥാപനങ്ങൾക്കു വെള്ളം നൽകുന്നത്. ദേവസ്വം ബോർഡിൽ നിന്ന് 54.1 രൂപയാണ് വാങ്ങുന്നത്. ഇത് 16 രൂപയ്ക്കു തന്നെ വേണമെന്നതാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. ന്യായമായ ഒരു പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ജലസേചന വകുപ്പിന്റെ ഡാമുകളും കനാലുകളും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ നടപ്പാക്കും. നദികളിൽ നിന്നു ചെളിയും മണ്ണും നീക്കം ചെയ്യുന്ന പൈലറ്റ് പ്രോജക്ടിന് കോട്ടയം, പത്തനംതിട്ട ജില്ലകളിലായി തുടക്കം കുറിക്കും.ഇതിന്റെ ഭാഗമായി കനാലുകളു തോടുകളും ശുദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : Crisis Projects Minister Mons Joseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash