District News
രാമപുരം: കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വമാണ് ജനങ്ങൾ ഏല്പ്പിച്ചിരിക്കുന്നതെന്ന ബോധ്യം സര്ക്കാരിനുണ്ടെന്ന് മന്ത്രി മോന്സ് ജോസഫ്. രാമപുരം മാര് ആഗസ്തീനോസ് കോളജില് എംജി സർവകലാശാലാ റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും വലിയ മാറ്റങ്ങള് വരുത്തണമെന്ന ഇച്ഛാശക്തിയോടെയാണ് യുഡിഎഫ് സർക്കാർ പ്രവർത്തനം തുടങ്ങിയത്. ജാതിവ്യവസ്ഥിതിയുടെ കടുത്ത അവഗണനകളില് തളരാതെ പൊരുതി ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആര്. നാരായണന് ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാന് യുവജനങ്ങള്ക്കു പ്രചോദനമാകണമെന്നും രാമപുരം പള്ളിയും കോളജും ഇത്തരം സേവനങ്ങളില് വലിയ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
അമിത എല്സ് ബിനോയി (ഒന്നാം റാങ്ക് - ബികോം കോ-ഓപ്പറേഷന്), ജൊഹാന് ജേക്കബ് (മൂന്നാം റാങ്ക് - ബിഎസ്സി ബയോടെക്നോളജി), അമല റോയി (അഞ്ചാം റാങ്ക് - ബിഎസ്സി ബയോടെക്നോളജി) മരിയ ബേസില് (എട്ടാം റാങ്ക് - ബിസിഎ), ആര്. ശ്രീലക്ഷ്മി പത്താം റാങ്ക് (ബികോം കോ-ഓപ്പറേഷന്) എന്നിവരെ മെമന്റോ നല്കി മന്ത്രി ആദരിച്ചു.
കോളജ് മാനേജര് ഫാ. ബര്ക്കുമാന്സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഡോ. റെജി വര്ഗീസ് മേക്കാടന്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ബ്ലോക്ക് പഞ്ചായത്തംഗം സി.ടി. രാജന്, വൈസ് പ്രിന്സിപ്പല്മാരായ ഫാ. ജോസഫ് ആലഞ്ചേരില്, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, ജോബിന് പി. മാത്യു, ഐക്യു എസി കോ-ഓർഡിനേറ്റര്മാരായ സുനില് കെ. ജോസഫ് കിഷോര്, ജിബി ജോണ് മാത്യു, ഡിപ്പാര്ട്ട്മെന്റ് മേധാവികള് തുടങ്ങിയവര് പ്രസംഗിച്ചു.
District News
കോട്ടയം: സര്ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര്ത്തണമെന്ന് മന്ത്രി മോന്സ് ജോസഫ്. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര്ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ പൊതുവികസനം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങള്ക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികള് പുനരാരംഭിക്കണം. ഒന്പതു നിയമസഭാ നിയോജക മണ്ഡലങ്ങള്ക്കും തുല്യനീതി ലഭിക്കുന്നതിനും വികസനം കൈവരിക്കുന്നതിനും സര്ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളുടെയും കോളജുകളുടെയും മുന്നിലെ റോഡുകളില് വ്യക്തമായി കാണുന്ന രീതിയില് സീബ്രാ ലൈനുകള് ഉണ്ടെന്ന് ഉറപ്പാക്കണം. സ്കൂള് മേഖലയാണെന്ന് സൂചിപ്പിക്കുന്ന ദിശാബോര്ഡുകള് നശിച്ചുപോയിട്ടുണ്ടെങ്കില് അടിയന്തരമായി സ്ഥാപിക്കാന് നടപടി വേണം. അപകടകരമായി നില്ക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചുനീക്കുന്നതിന് വകുപ്പുകള് സഹകരിച്ചു പ്രവര്ത്തിക്കണം.
അനധികൃത പാറമടകൾ പ്രവര്ത്തിക്കുന്ന മേഖലകളില് റവന്യൂ, പോലീസ് വകുപ്പുകളും പഞ്ചായത്തുകളും ചേര്ന്ന് പരിശോധന നടത്തണം. എല്ലാ മേഖലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഭാരവാഹനങ്ങള്ക്ക് സ്കൂള് സമയങ്ങളില് ഏര്പ്പെടുത്തിയിട്ടുള്ള നിയന്ത്രണം കര്ശനമായി പാലിക്കപ്പെടണം.
നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കുന്നതു സംബന്ധിച്ച് നിരന്തരം ഉയരുന്ന പരാതികള്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സര്ക്കാര് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള കുടിശിക തീര്ക്കുന്നതിനൊപ്പം ഭാവിയില് കുടിശികയാകാതിരിക്കുന്നതിനും നടപടിയുണ്ടാകും. പ്രകൃതിക്ഷോഭത്തില് വീടു നഷ്ടപ്പെട്ടവര്ക്കും കൃഷിനാശം സംഭവിച്ചവര്ക്കും വര്ഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്തത് സര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള് സ്വീകരിച്ചിട്ടുള്ള തയാറെടുപ്പുകള് മേധാവികള് യോഗത്തില് അറിയിച്ചു. കെ. ബിനിമോന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര് ചേതന്കുമാര് മീണ, മുനിസിപ്പല് ചെയര്മാന് എം.പി. സന്തോഷ്കുമാര്, ജില്ലാ പോലീസ് മേധാവി എ. ഷാഹുല് ഹമീദ്, അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ് തുങ്ങിയവരും പങ്കെടുത്തു.
Kerala
പുതിയ സർക്കാരിന്റെ ആദ്യ പരിഗണന നെൽകർഷകരുടെ പ്രശ്നങ്ങളിലായിരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ഇതിനായുള്ള മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിതന്നെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം പൊതുവായ പ്രശ്നങ്ങളിലും കർഷകർക്ക് കരുത്തും കരുതലുമാകുമെന്നും ഇന്നലെ കോട്ടയത്തെ ദീപിക കേന്ദ്ര ഓഫീസിലെത്തിയ മന്ത്രി പറഞ്ഞു.
നെൽകർഷകർക്കു സംഭരണവേളയിൽ പണം നല്കുന്ന കാര്യത്തിലും തൃപ്തികരമായ പരിഹാരമുണ്ടാകും. പിആർഎസ് വഴി വില നൽകുന്ന സംവിധാനം പൂർണ പരാജയമാണ്. രണ്ടു ബാങ്കുകൾക്ക് ഇതിൽ ചുമതയുണ്ടെങ്കിലും അവർ പിന്നോട്ടു മാറുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മന്ത്രിമാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷിവകുപ്പും യോഗങ്ങൾ ചേർന്ന് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി കാര്യങ്ങൾ ഏകോപിക്കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കാർഷിക മേഖലയിലെ രണ്ടാമത്തെ പ്രശ്നം റബറാണ്. ഇപ്പോൾ വില മെച്ചമാണെങ്കിലും സീസണ് മാറുന്പോൾ വില കുറയുകയാണ് പതിവ്. അതിനാൽ വില സ്ഥിരതയുണ്ടാവണം. 250 രൂപയിൽ കൂടുതൽ വില ഷീറ്റ് റബറിന് ഉറപ്പാക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഏറെപ്പേർ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. അവരെ സഹായിക്കുന്ന പദ്ധതികളും ആവിഷ്കരിക്കും.
◄ കൃഷിയും ജലവിതരണവും
ജലവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള സഹകരണത്തിലുടെ കാർഷിക മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാനാകും. ഈ വകുപ്പുകളിലെ പല പദ്ധതികളും നിർജീവമാണ്. ഫണ്ടിന്റെ അപര്യാപ്തതയുമുണ്ട്. മുൻകാലങ്ങളിൽ ജലസേചനം കാർഷികോത്്പാദന വർധനയ്ക്ക് ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കും.
◄ കനാലുകളുടെ സംരക്ഷണം
സംസ്ഥാനത്തെ എല്ലാ കനാലുകളും ശുദ്ധീകരിക്കും. ഇപ്പോഴുള്ള കനാലുകൾ ദീർഘിപ്പിക്കും. കനാലുകളിലെ വെള്ളം കാർഷിക മേഖലയ്ക്കു ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റും. കനാലിൽ വെള്ളം സുലഭമാകുന്പോൾ സമീപ കിണറുകളിലും വെള്ളം ലഭിക്കും. ജലത്രോസുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പൈപ്പ് വെള്ളം കൊടുക്കാൻ സാധിക്കുന്ന പദ്ധതികളും പരമാവധി നടപ്പിലാക്കും.
◄ ചെളിയും മണലും പരിമിതി
ജലസ്രോതസുകളിലെ ചെളി നീക്കംചെയ്യുന്നത് പരിഗണിക്കും. ഡാമുകളിൽ നിന്നും മണൽ വാരലുമായി ബന്ധപ്പെട്ടു നല്കിയിരിക്കുന്ന എല്ലാ കരാറുകളും പരിശോധിക്കും. കരാറുകൾ സുതാര്യമാണോ സംസ്ഥാനത്തിന് ഉപകരിക്കുന്ന വിധമാണോ എന്ന് നോക്കും. മണൽവാരലുമായി ബന്ധപ്പെട്ടു മറ്റു വകുപ്പുകളുമായുള്ള തടസങ്ങൾ അതാതു വകുപ്പു മന്ത്രിയുമായി സംസാരിച്ചു പരിഹരിക്കും.
◄ കുടിവെള്ള പ്രശ്നം
പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിനു മുൻഗണന നല്കും. പദ്ധതികളുടെ നടപ്പാക്കലി ലെ അപാകതമൂലമാണ് കുടിവെള്ളത്തിനു പ്രതിസന്ധി നേരിടുന്നത്. ജൽജീവൻ മിഷന്റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ജോലികൾ പാതിവഴിയിലാണ്. ഉപയോക്താക്കൾ വെള്ളം കിട്ടിയ അന്നു മുതൽ പണം അടച്ചാൽ മതി. ഓരോ ജില്ലയിലും റിവ്യു മിറ്റിംഗുകൾ വിളിച്ചു ചേർത്തു പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കും.
◄ മുല്ലപ്പെരിയാർ ആശങ്ക
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്കു സുരക്ഷ, തമിഴ്നാട്ടിലെ ജനങ്ങൾക്കു വെള്ളം എന്നതാണ് ഈ സർക്കാരിന്റെയും നിലപാട്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് കേരളത്തിന്റെ അടിസ്ഥാന നിലപാട്.
◄ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണം ഉറപ്പാക്കും. വൈകാതെ ഇക്കാര്യത്തിൽ സർക്കാർ ഉന്നതതല ചർച്ചകളും തുടർന്ന് അനുകൂലമായ നടപടികളുമെടുക്കും.
◄ ഭവനനിർമാണ പദ്ധതി
ശന്പളം കൊടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഭവന നിർമാണ വകുപ്പിലുള്ളത്. ബജറ്റ് സപ്പോർട്ട് കൂടുതലായി നല്കി ഹൗസിംഗ് ബോർഡിനെ കാര്യക്ഷമാക്കും.
◄ വന്യജീവികളിൽനിന്ന് സുരക്ഷ
വന്യജീവി ആക്രമണവിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തും. വനം അതിർത്തികളിൽ ആവശ്യമായ പ്രതിരോധം തീർക്കും. കാട്ടുപന്നിയെ വെടിവയ്ക്കുന്ന കാര്യത്തിൽ കേന്ദ്രവുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും.