സൗജന്യ എഐ കരിയര്‍ മൂല്യനിര്‍ണയ പദ്ധതിയുടെ ഉദ്ഘാടനം കോതനല്ലൂര്‍ എമ്മാനുവല്‍സ് എച്ച്എസ്എസില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കോതനല്ലൂര്‍: പത്താം ക്ലാസും പ്ലസ്ടുവും കഴിയുമ്പോള്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകുന്ന വിദ്യാര്‍ഥികള്‍ക്കും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന മാതാപിതാക്കള്‍ക്കും ദിശാബോധം നല്കാന് നടപടികളുമായി മാഞ്ഞൂര്‍ പഞ്ചായത്ത്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു പഞ്ചായത്ത് തങ്ങളുടെ പരിധിയിലുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പൂര്‍ണമായും സൗജന്യമായി നടപ്പിലാക്കുന്ന എഐ അധിഷ്ഠിത കരിയര്‍ മൂല്യനിര്‍ണയ പദ്ധതിയായ നെക്സ്എറയ്ക്ക് കോതനല്ലൂര്‍ എമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.
മന്ത്രി മോന്‍സ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേട്ടറിവുകളുടെയോ, ഊഹാപോഹങ്ങളുടെയോ പുറത്ത് ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കുന്നതിന് പകരം, ഓരോ കുട്ടിയുടെയും ഉള്ളിലെ ജന്മവാസനകളും അഭിരുചികളും ശാസ്ത്രീയമായി തിരിച്ചറിയുന്നത് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കോതനല്ലൂര്‍ പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ ഫാ. കുര്യന് കാലായില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കോതനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ എല്റിക്സ് വിസ്ഡം പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടറും സിഇഒയുമായ ബിലാസ് ജോസഫ് പദ്ധതി വിശദീകരണം നടത്തി. ആദ്യഘട്ട പൈലറ്റ് പദ്ധതിയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളില്‍ (എമ്മാനുവല്‍സ് എച്ച്എസ്എസ് കോതനല്ലൂർ, ഗവണ്മെന്റ് ഹൈസ്കൂള്‍ മാഞ്ഞൂര്‍, സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ കാഞ്ഞിരത്താനം, സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്ഇ കുറുപ്പന്തറ, വികെവിഎം എന്‍എസ്എസ് ഹൈസ്കൂള്‍ മാഞ്ഞൂർ) എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സേവനം ലഭിക്കുക. എല്റിക്സ് വിസ്ഡമിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കരിയര്‍ റിപ്പോര്‍ട്ടുകളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കൽ, ജനപ്രതിനിധികളായ ബാബു തൂമ്പുങ്കൽ, ലൂക്കോസ് മാക്കില്‍, ടോമ കാറുകുളം, ഡെസിലി ജോര്‍ജ്, ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ്, ലിസി സാജന്, പ്രിന്‍സിപ്പൽ റോഷിനി മാത്യു, അഞ്ച് സ്കൂളുകളിലെയും അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Minister Mons Joseph NattuVishesham DistrictNews AI caree