മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും നിരന്തരം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഫോൺ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ഫോണിലൂടെ പല കാര്യങ്ങളും മനഃപൂർവം തെറ്റിച്ച് പറയാറുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എല്ലാവരും നിരീക്ഷണത്തിലാണെന്ന തോന്നലല്ല, മറിച്ച് നിരീക്ഷണം നടക്കുന്നുണ്ടെന്ന ബോധ്യമാണ് തനിക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസാരിക്കുമ്പോഴും കാറിൽ കയറുമ്പോഴും വീട്ടിലേക്കും മുറിയിലേക്കും പ്രവേശിക്കുമ്പോഴുമെല്ലാം ആരുടെയോ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് പഠനകാലത്ത് ജോർജ് ഓർവെല്ലിന്റെ '1984' എന്ന പുസ്തകം വായിച്ചപ്പോൾ വലിയ ആശങ്ക തോന്നിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത്തരം ആശങ്കയില്ലെന്നും സതീശൻ പറഞ്ഞു.
താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തന്റെ ഫോണിൽനിന്നുപോലും വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ചും വി.ഡി. സതീശൻ ആശങ്ക പങ്കുവച്ചു. സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള മനുഷ്യരുടെ കഴിവ് ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഫ്രീഡം ടു തിങ്ക് എന്ന പുസ്തകത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എഐയുടെ സ്വാധീനം വർധിച്ചുവരുന്ന കാലത്ത് വ്യക്തികളുടെ തെരഞ്ഞെടുപ്പുകൾ അവർ സ്വയം തീരുമാനിക്കുന്നതല്ലെന്നും മറ്റുളവരുടെ സ്വാധീനത്തിന് വിധേയമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : ConstitutionDay PhoneMonitoring .D.Satheesan PhoneTapping Surveillance Congress