മുഹമ്മദ് റിയാസ്
കോഴിക്കോട്: പശ്ചാത്തല മേഖലയിൽ കേരളത്തിന്‍റെ കുതിപ്പിന് കാരണമായ കിഫ്‌ബി എന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് അധികാരത്തിലെത്തിയത് കോഴിക്കോടിന് വലിയ നഷ്ടമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ. മുഹമ്മദ് റിയാസ് എംഎൽഎ.
കിഫ്‌ബി പദ്ധതികളെ ഇല്ലാതാക്കുന്നതോടെ വലിയ നഷ്ടം നേരിടാൻ പോകുന്ന ജില്ല കോഴിക്കോടായി. എൽഡിഎഫ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബഹുജന സദസ് മുതലക്കുളത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോടിനോട് കടുത്ത അവഗണനയാണ് യുഡിഎഫ് സർക്കാർ കാണിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യത്തിലും അവഗണന. 13 സീറ്റിൽ 12ലും യുഡിഎഫിനെ ജയിപ്പിച്ചതാണോ കോഴിക്കോട്ടെ ജനങ്ങൾ ചെയ്ത തെറ്റ്. പതിവിൽനിന്ന് വ്യത്യസ്‌തമായി നിലപാടെടുത്തിട്ടും കോഴിക്കോടിന് അർഹിക്കുന്നത് പോലും നൽകാൻ സർക്കാർ തയാറാകുന്നില്ല.
കോഴിക്കോടിന്‍റെ മുഖച്ഛായ മാറ്റുന്ന ഒത്തിരി പദ്ധതികളാണ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആവിഷ്‌ക്കരിച്ചത്. എന്നാൽ യുഡിഎഫ് തുരങ്കപാതയ്‌ക്ക് തുരങ്കം വച്ചത് പോലെ കോഴിക്കോടിന്‍റെ വികസന സാധ്യതകൾക്കെല്ലാം യുഡിഎഫ് സർക്കാർ തുരങ്കം വയ്ക്കുകയാണ്.
ഇത് നാടിന് ഗുണമാണോ. കനാൽ സിറ്റി, തിരദേശ ഹൈവേ, സർക്കാർ സ്‌കൂളുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയവയെല്ലാം കിഫ്ബി ഫണ്ടിംഗിന്‍റെ ഭാഗമായിട്ടുള്ളതാണ്. ഇതൊക്കെ ഇല്ലാതാവുന്നതോടെ നഷ്ടം നാടിനാണെന്നും റിയാസ് പറഞ്ഞു.
കോഴിക്കോടിനെ അവഗണിച്ച് മുന്നോട്ടുപോയാൽ അതിനെതിരെ ജനാധിപത്യരീതിയിൽ ജനങ്ങളെ അണിനിരത്തി സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റിയാസ് പറഞ്ഞു.
Tags : MohammedRiyas UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash