നോയൽ ടാറ്റ, എൻ. ചന്ദ്രശേഖരൻ
മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കന്പനിയായ ടാറ്റാ സണ്‍സിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റ്സ്, ടാറ്റ സണ്‍സ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ പുനർനിയമിച്ചതിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
ടാറ്റ സണ്‍സിനെതിരേ ടാറ്റാ ട്രസ്റ്റ്സ് ബോംബെ ഹൈക്കോടതിയിൽ രണ്ട് വ്യത്യസ്ത ഹർജികൾ ഫയൽ ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹർജികൾ പരിഗണിക്കും. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് (എസ്ഡിടിടി), ആർഡി ടാറ്റ ട്രസ്റ്റ് (ആർഡിടിടി) എന്നിവയാണ് ഹർജി സമർപ്പിച്ചിരുന്നത്.
ടാറ്റാ സണ്‍സിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ലംഘിച്ചുകൊണ്ടാണ് എൻ. ചന്ദ്രശേഖരനെ എക്സിക്യൂട്ടിവ് ചെയർമാനായി പുനർനിയമിച്ചതെന്നും പുനർനിയമനം നിയമവിരുദ്ധമാണെന്നും ട്രസ്റ്റുകൾ വിശേഷിപ്പിച്ചു.
2026 സെപ്റ്റംബർ 17ന് ടാറ്റ സണ്‍സ് ബോർഡ് ഭൂരിപക്ഷ വോട്ടോടെ, 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചന്ദ്രശേഖരന്റെ മൂന്നാം ഉൗഴത്തിന് അംഗീകാരം നൽകിയിരുന്നു.
65 കോടി രൂപ നഷ്ടപരിഹാരം
ചന്ദ്രശേഖരന്റെ പുനർനിയമനം തങ്ങളുടെ ഓഹരിമൂല്യത്തിൽ ഇടിവുണ്ടാക്കിയെന്ന് ആരോപിച്ച് എസ്ഡിടിടി, ആർഡിടിടി എന്നിവർ ആകെ 65 കോടി രൂപ ടാറ്റ സണ്സിൽനിന്നും ഡയറക്ടർമാരിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച വെവ്വേറെ ഹർജികളിൽ എസ്ഡിടിടി 50 കോടി രൂപയും ആർഡിടിടി 15 കോടി രൂപയുമാണ് നഷ്ടപരിഹാമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയൽ ചെയ്ത തീയതി മുതൽ തുക നൽകുകയോ ഈടാക്കുകയോ ചെയ്യുന്നതുവരെ ആവശ്യപ്പെട്ട തുകയ്ക്ക് പ്രതിവർഷം 18% പലിശയും ഇരു ട്രസ്റ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ സണ്‍സിനും നോയൽ ടാറ്റ ഉൾപ്പടെയുള്ള ആറ് ഡയറക്ടർമാർക്കുമെതിരേയാണ് ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരനെ അഞ്ചു വർഷത്തേക്കുകൂടി പുനർനിയമിച്ചുകൊണ്ടുള്ള സെപ്റ്റംബർ 17ലെ ടാറ്റാ സണ്‍സ് ബോർഡ് പ്രമേയത്തെയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്. നവംബർ 30ന് നടക്കാനിരിക്കുന്ന ബോർഡ് യോഗത്തിൽ ട്രസ്റ്റ് നോമിനികൾ വീണ്ടും ഭിന്നിച്ചാൽ, കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കുന്നതിൽനിന്ന് ചന്ദ്രശേഖരനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റുകൾ അടിയന്തര ആശ്വാസവും തേടിയിട്ടുണ്ട്.
ടാറ്റ ട്രസ്റ്റുകൾക്ക് നിർണായകം
ഹർജികൾ ആദ്യം ജസ്റ്റീസ് ആരിഫ് എസ്. ഡോക്ടറുടെ ബെഞ്ചിലാണ് പരാമർശിക്കപ്പെട്ടതെങ്കിലും അദ്ദേഹം പിന്മാറി. തുടർന്ന് ജസ്റ്റീസ് അഭയ് അഹൂജയുടെ ബെഞ്ചിൽ വീണ്ടും പരാമർശിച്ചതോടെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വാദം കേൾക്കാൻ നിശ്ചയിച്ചത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ടാറ്റ ട്രസ്റ്റ്സിന് വേണ്ടി ഹാജരാകുന്നത്. ഇതോടെ ടാറ്റ സണ്‍സിലെ തർക്കം ബോർഡ് റൂമിൽ നിന്ന് കോടതി മുറിയിലേക്ക് എത്തിയിരിക്കുകയാണ്.
ബോർഡ് തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കാൻ ബുധനാഴ്ച എസ്ഡിടിടിയും ആർഡിടിടിയും അനുമതി നൽകിയതോടെയാണ് വിഷയം കോടതിയിലെത്തിയത്. പുനർനിയമനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്നതിൽനിന്നും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ അനുശാസിക്കുന്ന തരത്തിലുള്ള അനുകൂല വോട്ടില്ലാതെ പ്രമേയങ്ങൾ പാസാക്കുന്നതിൽ നിന്നും ടാറ്റാ സണ്‍സിനെ വിലക്കണമെന്നും ട്രസ്റ്റുകൾ ആവശ്യപ്പെടും. ഇതുപ്രകാരം, ടാറ്റാ സണ്‍സ് ബോർഡിലെ ടാറ്റാ ട്രസ്റ്റ്സ് നോമിനേറ്റഡ് അംഗങ്ങൾ ഒരേ നിലപാടിലായിരിക്കണം വോട്ട് ചെയ്യേണ്ടത്.
കഴിഞ്ഞ ബോർഡ് യോഗത്തിൽ നോമിനേറ്റഡ് അംഗമായ നോയൽ ടാറ്റ പ്രമേയങ്ങൾക്കെതിരേ വോട്ട് ചെയ്തപ്പോൾ, മറ്റൊരു നോമിനേറ്റഡ് അംഗമായ വേണു ശ്രീനിവാസൻ അനുകൂലമായാണ് വോട്ട് ചെയ്തത്. ഇത് തീരുമാനത്തെ അസാധുവാക്കുന്നുവെന്നാണ് ട്രസ്റ്റിന്റെ നിലപാട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ടാറ്റ സണ്‍സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ ട്രസ്റ്റുകൾ എതിർക്കുന്നുണ്ട്.
30നു പുനർനിശ്ചയിച്ച ടാറ്റ സണ്‍സ് ബോർഡ് യോഗത്തിനു മുന്നോടിയായാണ് ഈ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗാണ് ഈ യോഗത്തിലെ പ്രധാന അജണ്ട.