ഷാഫി പറമ്പിലും രമേഷ് പിഷാരടി എംഎൽഎയും
പാലക്കാട്: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിലിന് പരസ്യ പിന്തുണയുമായി രമേഷ് പിഷാരടി എംഎൽഎ. ഷാഫിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും പാർട്ടിക്കുവേണ്ടി നടത്തിയ അധ്വാനത്തെയും കണ്ടില്ലെന്ന് നടിക്കരുത്. വിമർശിക്കാം പക്ഷേ പരിധി വിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഷാഫിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് പിഷാരടിയുടെ പ്രതികരണം.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന നേതാവാണ് ഷാഫി. ഇടതുകാറ്റ് ശക്തമായി വീശിയിരുന്ന പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണെന്നും പിഷാരടി പറഞ്ഞു. പാലക്കാട് മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതാണ് രീതി. പൊലിസ് സ്റ്റേഷൻ ഉപരോധം മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ പാർട്ടി നിർദേശങ്ങൾക്കനുസരിച്ചാണ് അദ്ദേഹം മുന്നോട്ടുപോയതെന്നും പിഷാരടി കുറിച്ചു. വടകരയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ പോയിരുന്നില്ലെങ്കിൽ ഷാഫി പറമ്പിൽ കേരളത്തിൽ മന്ത്രിയാകുമായിരുന്നു.
എന്നാൽ പദവികളേക്കാൾ അദ്ദേഹം പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും പിഷാരടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഷാഫിയുടെ സാന്നിധ്യം എല്ലാ മണ്ഡലങ്ങളിലുമുണ്ടായിരുന്നുവെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കൾക്കൊപ്പം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയ ഷാഫി, 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ മുഖവും മുഴക്കവുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Tags : CongressInfighting Congress PoliticalSupport RameshPisharody ShafiParambil Palakkad Vadakara