ചക്കകൊമ്പൻ
140 അംഗ ദൗത്യസംഘം, നാല് വെറ്ററിനറി സർജൻമാർ, തെർമൽ ഡ്രോണുകൾ, ആർആർടി സംഘം, കരുത്തരായ രണ്ട് കുങ്കിയാനകൾ... സന്നാഹങ്ങൾ ചെറുതല്ല. ലക്ഷ്യം ഒന്നുമാത്രം; ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുക. എന്നാൽ എല്ലാ ഒരുക്കങ്ങളെയും കണക്കുകൂട്ടലുകളെയും വെല്ലുവിളിച്ച് കാട്ടുകൊമ്പന്റെ ഒളിച്ചുകളി തുടരുകയാണ്.
രണ്ട് ദിവസം നീണ്ട ദൗത്യത്തിലും ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായില്ല. ഒരിടത്ത് കണ്ടെത്തുമ്പോൾ ആന മറ്റൊരിടത്തേക്ക് നീങ്ങും. മയക്കുവെടിക്ക് അനുയോജ്യമായ സ്ഥലത്തെത്തുമ്പോൾ കാടും ഏലച്ചെടികളും തടസമാകും. അതുമല്ലെങ്കിൽ കാലാവസ്ഥ വില്ലനാകും. അങ്ങനെ ഓരോ നീക്കത്തിലും പുതിയ വെല്ലുവിളികൾ ഉയർത്തി ചക്കക്കൊമ്പൻ വനംവകുപ്പിനെ വട്ടംകറക്കുകയാണ്.
ഒന്നാം ദിനത്തിൽ തിരിച്ചടിയായത് കാടും കാലാവസ്ഥയും
ചക്കകൊമ്പനെ പിടികൂടുന്നതിനായി ബുധനാഴ്ച പുലർച്ചെ നാലിന് തന്നെ മിഷൻ ആരംഭിച്ചിരുന്നു. ഹൈറേഞ്ച് സിസിഎഫ് ഡി.കെ.വിനോദ് കുമാർ, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കളത്തിലിറങ്ങിയത്. നാല് വെറ്ററിനറി സർജൻമാരുൾപ്പെടുന്ന 24 അംഗ പ്രത്യേക സംഘവും ആർആർടി സംഘവും സജ്ജമായിരുന്നു. പൊന്നുസ്വാമി എസ്റ്റേറ്റ് ഭാഗത്ത് കണ്ടെത്തിയ കൊമ്പൻ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ആനയിറങ്കൽ ഡാമിനു സമീപത്തേക്കും തുരുത്തിലേക്കും നീങ്ങി.
ഇതാണ് ആദ്യ തിരിച്ചടിയായത്. ജലാശയത്തിന് സമീപത്തുനിന്ന് മയക്കുവെടിവെച്ചാൽ ആന വെള്ളത്തിൽ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതോടെ ദൗത്യസംഘത്തിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഉച്ചയ്ക്കുശേഷം അനുകൂല സാഹചര്യം ലഭിച്ചപ്പോൾ ആദ്യ ഡോസ് മയക്കുവെടിവച്ചു. എന്നാൽ ഉയരമുള്ള പുല്ലും ഇടതൂർന്ന കാടും കാരണം ഡാർട്ട് ആനയുടെ ശരീരത്തിൽ കൃത്യമായി തുളച്ചുകയറിയില്ല.
മയക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും ആന മയങ്ങിയില്ല. തുടർന്ന് രണ്ടാമതും മയക്കുവെടിവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ കനത്ത മൂടൽമഞ്ഞും മഴയും ശക്തമായതോടെ ദൗത്യം കൂടുതൽ ദുഷ്കരമായി. തുടർച്ചയായി 12 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആദ്യദിനത്തെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം ദിനം വീണ്ടും വഴുതിമാറിരണ്ടാം ദിനം വീണ്ടും വഴുതിമാറി
ആദ്യദിവസത്തെ തിരിച്ചടികൾ മറികടക്കാനുള്ള ഒരുക്കങ്ങളോടെ രണ്ടാംദിനം പുലർച്ചെ തന്നെ ദൗത്യസംഘം കാടുകയറി. രാവിലെ ചെമ്പകത്തൊഴുക്കുടി ഭാഗത്ത് ചക്കക്കൊമ്പനെ കണ്ടെത്തി. എന്നാൽ ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തായിരുന്നതിനാൽ മയക്കുവെടിവയ്ക്കാൻ സാധിച്ചില്ല. ഉച്ചയ്ക്ക് 12വരെ അവിടെ തുടർന്ന കൊമ്പൻ ജലാശയം നീന്തിക്കടന്ന് 301 കോളനി ഭാഗത്തേക്ക് നീങ്ങി. പിന്നാലെ ദൗത്യസംഘവും എത്തിയെങ്കിലും ആന സംഘത്തിന് നേരെ തിരിഞ്ഞു.
301-ലെ അങ്കണവാടിക്ക് സമീപത്തുവച്ച് ചോലക്കുള്ളിലേക്ക് കയറിയ ആന അരമണിക്കൂറോളം നിരീക്ഷണവലയത്തിൽനിന്ന് അപ്രത്യക്ഷമായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും സ്ഥലം മാറിയിരുന്നു. മൂന്നരയോടെ ചെമ്പകത്തൊഴുക്കുടി ഭാഗത്തെ ഏലത്തോട്ടത്തിൽ തിരിച്ചെത്തി. ജലാശയത്തിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം മയക്കുവെടിവെക്കാൻ അനുയോജ്യമായിരുന്നെങ്കിലും ഏലച്ചെടികൾ തടസമായി. ആനയെ ഏലത്തോട്ടത്തിൽനിന്ന് മാറ്റാൻ പടക്കം പൊട്ടിച്ചുള്ള ശ്രമങ്ങളും നടത്തി. എന്നാൽ ലക്ഷ്യം കണ്ടില്ല. വെളിച്ചം കുറഞ്ഞതോടെ വൈകുന്നേരം അഞ്ചിന് രണ്ടാംദിനത്തെ ദൗത്യവും അവസാനിപ്പിച്ചു.
കളത്തിലിറങ്ങാൻ അവസരം തേടി കുങ്കിയാനകൾ
വയനാട് മുത്തങ്ങ ആനക്ക്യാമ്പിൽനിന്ന് എത്തിച്ച വിക്രമിനും ഭരതിനും ഇതുവരെ നേരിട്ട് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ചക്കക്കൊമ്പനെ പൂട്ടി ലോറിയിൽ കയറ്റുന്നതിനുള്ള ദൗത്യത്തിനായാണ് കരുത്തരായ ഈ രണ്ട് കുങ്കിയാനകളെ എത്തിച്ചത്. 20 അംഗ പ്രത്യേക പാപ്പാൻ സംഘവും ഇവർക്കൊപ്പമുണ്ട്. അരിക്കൊമ്പൻ ദൗത്യം ഉൾപ്പെടെ നിരവധി നിർണായക ഓപ്പറേഷനുകളിൽ പങ്കെടുത്ത് പരിചയസമ്പത്ത് തെളിയിച്ചവരാണ് വിക്രമും ഭരതും.
എന്നാൽ ചക്കക്കൊമ്പന് ഇതുവരെ മയക്കുവെടി ഏൽക്കാത്തതിനാൽ ഇവർക്ക് കളത്തിലിറങ്ങാനുള്ള സാഹചര്യമുണ്ടായിട്ടില്ല. പ്രത്യേകമായി സജ്ജീകരിച്ച ബേസ് ക്യാമ്പിൽ പൂർണ സജ്ജരായി ദൗത്യസംഘത്തിന്റെ നിർദേശവും കാത്തിരിക്കുകയാണ് ഇരുവരും. ചക്കക്കൊമ്പന് മയക്കുവെടി ഏൽക്കുന്ന മുറയ്ക്ക് കാട്ടിലേക്ക് ഇറങ്ങി ആനയെ നിയന്ത്രിക്കാനുള്ള ചുമതലയാണ് ഇവർക്കുള്ളത്.
മൂന്നാം ദിനത്തിലേക്ക് നിർണായക ദൗത്യം
ഓരോ ദിവസവും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ചക്കക്കൊമ്പനെ പിടികൂടുക എന്നത് വനംവകുപ്പിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. ആനയെ കണ്ടെത്തുന്നതിൽ ദൗത്യസംഘം വിജയിക്കുന്നുണ്ടെങ്കിലും മയക്കുവെടി പ്രയോഗിക്കാൻ അനുയോജ്യമായ സാഹചര്യം ഒത്തുവരുന്നില്ല. കാടും ജലാശയവും ഏലത്തോട്ടങ്ങളും കാലാവസ്ഥയും ഓരോ ഘട്ടത്തിലും ദൗത്യത്തിന് തടസമാകുകയാണ്. രണ്ട് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലും ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തിൽ ദൗത്യം കൂടുതൽ ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Tags : ElephantRescue Chakkakomban MissionChakkakomban ForestDepartment ForestOperation