Viral
നേപ്പാളിലെ ലാംജങ് ജില്ലയിൽ വനംവകുപ്പ് അധികൃതരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തി പുള്ളിപ്പുലിയുടെ ആക്രമണം. മയക്കുവെടിയേറ്റ് ബോധരഹിതനായെന്ന നിഗമനത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിച്ച വന്യമൃഗം കൂട് മാറ്റുന്നതിനിടെ അപ്രതീക്ഷിതമായി ഉണർന്ന് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
ബെസിസഹറിലെ ദുംഗ് ഖോലയിൽ നിന്നും പിടികൂടി ലാംജങ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ച പുള്ളിപ്പുലിയാണ് സെപ്റ്റംബർ 10-ന് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്. ചെറിയ വാഹനത്തിൽ നിന്നും താൽക്കാലിക കൂട് താഴെയിറക്കി വലിയൊരു കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.
പെട്ടെന്ന് ഉണർന്നെണീറ്റ പുള്ളിപ്പുലി കൂട്ടിലെ വാതിൽ ബലമായി തള്ളിത്തുറന്ന് തൊട്ടടുത്തുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡ് ബുദ്ധി ജങ് ഗുരുങ്ങിന്റെ മേലേക്ക് ചാടിവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഇരുമ്പുവടിയും മറ്റുമുപയോഗിച്ച് മൃഗത്തെ തുരത്താൻ ശ്രമിച്ചെങ്കിലും 57-കാരനായ ഗുരുങ്ങിന് ആക്രമണത്തിൽ പരിക്കേറ്റു.
തുടർന്ന് ഓഫീസ് വളപ്പിലൂടെ ഓടിനടന്ന പുള്ളിപ്പുലി കെട്ടിടത്തിന്റെ തൂണുകളിൽ കയറി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ തടസങ്ങളും മറ്റ് പ്രതിരോധ മാർഗങ്ങളും തീർത്ത് മൃഗത്തെ പരിസരത്തുതന്നെ തളച്ചിടുകയായിരുന്നു.
വാർത്ത പരന്നതോടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ പൊലിസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷിത അകലത്തിലേക്ക് മാറ്റി. മൃഗത്തെ പൂർണമായും തിരികെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് അധികൃതർ.
Kerala
തിരുവനന്തപുരം: കോവളത്ത് കടൽവെള്ളരിയുമായി രണ്ട് പേർ പിടിയിൽ. സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അഞ്ചാംകല്ല് സ്വദേശി അജിമോൻ വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്.
കോവളം ലൈറ്റ് ഹൗസിന് സമീപത്തുനിന്ന് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
പത്തനംതിട്ട: കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി.ജി, അനിൽ കുമാർ സി.ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്ത് വച്ചാണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇതിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളിലായി വിൽപന നടത്തിയിരുന്നു.
മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും വനപാലകർ ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടയ്ക്കിറങ്ങിയത്.
തിങ്കളാഴ്ച പയ്യനാമൺ അടുക്കാട് ഭാഗത്ത് വേട്ടയ്ക്കിറങ്ങിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Kerala
എറണാകുളം: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്ത് ചിത്രീകരണാനുമതി നിഷേധിച്ചു. പെരിയാർ ടൈഗർ റിസർവ് പരിധിയിൽ വരുന്ന പ്രദേശമായതിനാൽ സന്നിധാനത്തും പരിസരത്തും ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്ന് സന്നിധാനത്തെ അനുമതി കോടതി തടഞ്ഞെങ്കിലും, റാന്നി വനം ഡിവിഷന്റെ കീഴിലുള്ള നിലക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡിഎഫ്ഒ അനുമതി നൽകിയ തീരുമാനം ഹൈക്കോടതി ശരിവെച്ചു.
നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശന ഉപാധികളോടെ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നെങ്കിലും വനംവകുപ്പിന്റെ നിലപാടാണ് സന്നിധാനത്തെ ഷൂട്ടിംഗിന് തിരിച്ചടിയായത്. 'ടി. എസ്. ലൗലജൻ' എന്ന സബ് ഇൻസ്പെക്ടറുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മോഹൻലാലും മീരാ ജാസ്മിനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിച്ച് ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
Kerala
കോട്ടയം: 2008 മുതൽ 2025 വരെയുള്ള 18 വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 581 പേർ കൊല്ലപ്പെടുകയും 1200 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷനും വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി തയാറാക്കിയതാണ് പഠന റിപ്പോർട്ട്.
സംസ്ഥാനത്തെ 36 ഫോറസ്റ്റ് ഡിവിഷനുകളിൽനിന്നായി 214 ഗ്രാമങ്ങൾ കടുത്ത കാട്ടാന ആക്രമണ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. കണ്ണൻ ദേവൻ ഹിൽസ്, കുട്ടമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങൾ അതീവ ജാഗ്രതാ മേഖലകളാണ്. കൂടുതൽ പേർ കൊല്ലപ്പെട്ടത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്-78. മണ്ണാർക്കാട്-64, പാലക്കാട്-57, മാങ്കുളം-57, മൂന്നാർ-50, പെരിയാർ ഈസ്റ്റ്-42 എന്നിങ്ങനെയാണ് മരണം സംഭവിച്ചത്.
കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുകയും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമാകുകയും ചെയ്തത് ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, കമുക്, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകൾ കാട്ടാനകളെ ആകർഷിക്കുന്നു.
മഴക്കുറവും വേനൽക്കാലത്ത് കാടുകളിലെ ജലസ്രോതസുകൾ വറ്റുന്നതും ആനക്കൂട്ടങ്ങളെ കാടിറങ്ങാൻ നിർബന്ധിതരാക്കുന്നു. 2025ലെ കണക്കെടുപ്പു പ്രകാരം 2785 കാട്ടാനകളാണു കേരളത്തിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷത്തെ ‘സംസ്ഥാന ദുരന്ത’മായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര റീജണൽ ആക്ഷൻ പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്.
ഇതിൽ 50 ശതമാനം കേന്ദ്ര സഹായത്തോടെ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആനകൾ കാടിറങ്ങുന്നതു തടയാൻ വിവിധ പദ്ധതികളും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 2008 മുതൽ 2025 വരെ വിവിധ കാരണങ്ങളാൽ 695 കാട്ടാനകൾ ചരിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 469 എണ്ണം സ്വാഭാവിക കാരണങ്ങളാലാണ്.
226 എണ്ണം മനുഷ്യ ഇടപെടലുകൾ മൂലമാണ്. മനുഷ്യ ഇടപെടൽ മൂലമുള്ള മരണങ്ങളിൽ 154 എണ്ണം അനധികൃത വൈദ്യുത വേലികളിൽനിന്നും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളിൽനിന്നുമുള്ള ഷോക്കേറ്റാണ്. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു.
Kerala
കൊച്ചി: മാന്കൊമ്പ് കടത്താന് ശ്രമിച്ച ലൈറ്റ് ബോയ് കൊച്ചിയില് പിടിയില്. മഹാരാഷ്ട്ര സ്വദേശിയായ താനാജി നാരായണ് ആണ് പിടിയിലായത്. മെട്രോ വഴി യാത്ര ചെയ്യാനായി കളമശേരി മെട്രോ സ്റ്റേനിലെത്തി സ്കാനറിലൂടെ കടന്നു പോയപ്പോഴാണ് മാന്കൊമ്പ് കണ്ടെത്തിയത്.
ഇതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയില് എടുക്കുകയും ചെയ്തു. സിനിമാ സെറ്റുകളില് ലൈറ്റ് ബോയ് ആയി ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഏതാനും ദിവസങ്ങള്ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി അതിരപ്പിള്ളിയില് എത്തിയപ്പോള് മാന്കൊമ്പ് ലഭിച്ചുവെന്നാണ് പ്രതി നല്കിയ മൊഴി.
വീട്ടില് അലങ്കാര വസ്തുവായി വയ്ക്കാനായി എടുത്തതാണെന്നും പ്രതി പറഞ്ഞു. മാന്കൊമ്പ് മറ്റാര്ക്കെങ്കിലും വില്പ്പന നടത്താനായാണോ കൊണ്ടുവന്നത് എന്നതില് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് മുമ്പ് സമാനമായി വടക്കേക്കോട്ട മെട്രോ സ്റ്റേഷനില് നിന്നും മാന്കൊമ്പ് പിടികൂടിയിരുന്നു.
Kerala
തൊടുപുഴ: 500 രൂപ നഷ്ടം വരുത്തിയെന്ന കുറ്റത്തിന് അഞ്ചു വർഷം മുന്പ് പിടിച്ചെടുത്ത മണ്ണുമാന്തി ഇനിയും വിട്ടു നൽകാത്ത വനംവകുപ്പിനെതിരേ ജനരോഷം കനത്തതോടെ വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെടുന്നു. അഞ്ചു വര്ഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസി യുവാവ്. പ്രശ്നത്തില് ഇടപെടുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയാണ് കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷിന് പ്രതീക്ഷ നല്കിയത്.
വനംവകുപ്പിന്റെ അതിക്രമം
2020 ല് കഞ്ഞിക്കുഴിയില് ഒരാളുടെ വീട് നിര്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനംവകുപ്പിന്റെ സ്ഥലമാണെന്ന അവകാശവാദമുന്നയിച്ച് വനം വകുപ്പ് പിടി കൂടിയ ജെസിബിയാണ് ചെമ്പന്കുഴി ഫോറസ്റ്റ് ഓഫീസിനു മുന്നില് തുരുമ്പെടുത്തു നശിക്കുന്നത്. ഇതില് പ്രതിഷേധിച്ച് ജെസിബി ക്കുള്ളില് കയറി പട്രോള് ഒഴിച്ച് അജീഷ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. നാലു മണിക്കൂര്
നിണ്ട സമരത്തിനു ശേഷം ഡിഎഫ്ഒയുമായി ചര്ച്ച ചെയ്തു പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പില് സമരം അവസാനിപ്പിച്ചു.
500 രൂപയുടെ നഷ്ടം
ട് നിര്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പന്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കാന് വനം ഉദ്യോഗസ്ഥര് ആവശ്യപ്പെടുകയായിരുന്നു. ജെസിബിയുമായി എത്തിയെങ്കിലും കേസ് എടുത്ത ശേഷം വാഹനം വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയാന് കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി. നഗരം പാറ റേഞ്ച് ഓാഫീസറുടെ നിർദേശപ്രകാരമാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള നേര്യമംഗലം ചെമ്പന് കുഴി ഫോറസ്റ്റ് ഓഫീസില് വാഹനം എത്തിച്ചത്.
എന്നാല്, കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാന് വനപാലകര് തയാറായില്ലെന്നും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് വാഹനം പൂര്ണമായി നശിച്ചെന്നും അജീഷ് പറഞ്ഞു. ജെസിബി പിടിച്ചിട്ടതോടെ ഈ വാഹനത്തിന് 49,955 രൂപ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്ന താൻ വലിയ കടബാധ്യതയാണെന്നും ജീവിതം തകര്ന്നു എന്നുമാണ് അജീഷ് പറയുന്നത്.
District News
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില് അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്മറയില്ലാത്ത പൊട്ടക്കിണറ്റില് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില് പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്ഫോഴ്സും നേതൃത്വം നൽകി.
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
Editorial
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്.
പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്.
അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം.കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ മൂന്ന് എന്നിങ്ങനെയാണ് പന്നികളുടെ ജഡം കണ്ടത്.
എന്നാൽ, ഇതിന്റെ മൂന്നിരട്ടി എണ്ണമെങ്കിലും പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയപ്പെടുന്നുണ്ട്. ആറളം ഫാമിൽ വനത്തോടു ചേർന്ന് എട്ടു പന്നികളുടെ ജഡം ഇന്നലെ കണ്ടെത്തി. വനത്തിനുള്ളിലും ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ വനംവകുപ്പ് ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടിട്ടില്ല.
ആന്ത്രാക്സോ പന്നിപ്പനിയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതു മനുഷ്യരിലേക്ക് പകരില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്ന് കർശന നിലപാടെടുക്കുന്നവരാണ് ഇത്രവലിയ അലംഭാവം കാണിക്കുന്നത്. കാട്ടുപന്നികൾ ചാകുന്നത് എന്തെങ്കിലും രോഗബാധ മൂലമാണെങ്കിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മറവു ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ വലിയതോതിൽ ജനവാസമുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടുപന്നികൾ ചാകുന്നത്. ഇത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.
മഴക്കാലമായതിനാൽ ജലസ്രോതസുകൾ മലിനപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കാട്ടുപന്നികളെ ബാധിച്ചിരിക്കുന്ന രോഗം വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും കണക്കിലെടുക്കണം. ക്ഷീരകർഷകരും പന്നി വളർത്തി ഉപജീവനം സാധ്യമാക്കുന്നവരും മലയോര മേഖലയിൽ നിരവധിയുണ്ട്. അതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം.
മറ്റൊരു വിരോധാഭാസമുള്ളത്, എവിടെയെങ്കിലും വളർത്തുപന്നികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ച്, വളർത്തുപന്നികളെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കി മറവു ചെയ്യാൻ നിർദേശിക്കുന്നവരാണ് കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു ജാഗ്രതയും കാട്ടാത്തത് എന്നതാണ്.
വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. കാട്ടുപന്നികളുടെ ജഡം കണ്ടതായി അറിയിച്ചാൽപോലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണ്ടത്ര ജാഗ്രതയോടെ സാമ്പിൾ ശേഖരിക്കാനോ അപകടരഹിതമായി മറവുചെയ്യാനോ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഗൗരവത്തിലെടുക്കണം. കണ്ണൂർ ജില്ലാ കളക്ടർ വിഷയത്തിലിടപെടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയതും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടി അനിയന്ത്രിതമായ വംശവർധന തടയണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും വനംവകുപ്പുമാണ് ഇവിടെയും പ്രതിസ്ഥാനത്തു വരുന്നത്.